ശബരിമല സ്‌പോട്ട് ബുക്കിങ് നിര്‍ത്തി ദേവസ്വം ബോര്‍ഡിന്റെ മണ്ടത്തരം: സന്നിധാനം ഒഴിഞ്ഞു കിടക്കും: വൃതമെടുക്കുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാകാതെ വരും: 65 ദിവസം ദര്‍ശനം സാധിക്കുക 52 ലക്ഷം പേര്‍ക്ക് മാത്രം: ശേഷിച്ച അരക്കോടിയോളം പേര്‍ എന്തു ചെയ്യും?

4 second read
Comments Off on ശബരിമല സ്‌പോട്ട് ബുക്കിങ് നിര്‍ത്തി ദേവസ്വം ബോര്‍ഡിന്റെ മണ്ടത്തരം: സന്നിധാനം ഒഴിഞ്ഞു കിടക്കും: വൃതമെടുക്കുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ദര്‍ശനം സാധ്യമാകാതെ വരും: 65 ദിവസം ദര്‍ശനം സാധിക്കുക 52 ലക്ഷം പേര്‍ക്ക് മാത്രം: ശേഷിച്ച അരക്കോടിയോളം പേര്‍ എന്തു ചെയ്യും?
0

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മണ്ടത്തരം. ഇത് ആരുടെ അജണ്ടയെന്ന ചോദ്യം സജീവമാകുമ്പോള്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം നില നിര്‍ത്തിയിരിക്കുന്ന ബോര്‍ഡിന്റെ നടപടി കൂടുതല്‍ വിവാദത്തിലേക്ക് പോകുകയാണ്. ദിവസം 80,000 പേര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ഇതിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാണുള്ളത്. ഈ കണക്ക് അനുസരിച്ച് മണ്ഡല-മകര വിളക്ക് കാലത്ത് നട തുറന്നിരിക്കുമ്പോള്‍ 65 ദിവസം 52 ലക്ഷം പേര്‍ക്ക് മാത്രമാകും ദര്‍ശനം സാധ്യമാവുക. ഒരു കോടിയിലധികം ആള്‍ക്കാര്‍ വൃതമെടുത്ത് കാത്തിരിക്കുമ്പോഴാണ് അതില്‍ പകുതിപ്പേര്‍ക്ക് ദര്‍ശനം സാധ്യമാകാതെ വരിക.

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിങ് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചെറിയ ശതമാനം പേര്‍ക്കെങ്കിലും സ്‌പോട്ട് ബുക്കിങ് നടത്താന്‍ ക്രമീകരണം വേണമെന്നാണ് ആവശ്യം. ദര്‍ശനത്തിന് ദിനംപ്രതി എണ്‍പതിനായിരം പേര്‍ക്കാണ് ഓണ്‍ലൈന്‍ ബുക്കിങ് അനുവദിച്ചത്. കഴിഞ്ഞവര്‍ഷം പതിമൂന്നോളം കൗണ്ടര്‍ വഴി ദിനംപ്രതി ഏകദേശം മുപ്പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ് നല്കിയിരുന്നു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കിലോമീറ്ററുകള്‍ കാല്‍നടയായി തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നുണ്ട്. ഇവര്‍ക്ക് ഓണ്‍ലൈനില്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്ത സമയത്ത് പലപ്പോഴും എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. എരുമേലി-കരിമല കാനനപാതയിലൂടെയും പുല്ലുമേടും വഴി പതിനായിരക്കണക്കിന് ഭക്തരാണ് കാല്‍ നടയായി സഞ്ചരിച്ച് പല ഇടത്താവളങ്ങളിലും വിശ്രമിച്ച് ശബരിമലയില്‍ എത്തുന്നത്. ഇവര്‍ നിശ്ചിത സമയം കഴിഞ്ഞെത്തിയാലും സന്നിധാനത്തേക്ക് കടത്തി വിട്ട് ദര്‍ശനം നടത്താനുള്ള സൗകര്യം ആവശ്യമാണ്. മണ്ഡലപൂജയോടടുത്തുള്ള ഡിസംബര്‍ 22,23, 24 തീയതികളിലും മകരവിളക്കിനോടടുത്തുള്ള ജനുവരി 11 മുതലുള്ള ദിവസങ്ങളിലും
ഓണ്‍ലൈന്‍ ബുക്കിങ് വഴി എത്താന്‍ കഴിയുന്നവരുടെ എണ്ണം എണ്‍പതിനായിരത്തില്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. മകരവിളക്ക് തീര്‍ഥാടന കാലത്ത് എരുമേലി പേട്ടയ്ക്ക് ശേഷമാണ് സന്നിധാനത്ത് തിരക്ക് വലിയ തോതില്‍ ഉണ്ടാകുന്നത്. ഈ സമയം ഓണ്‍ലൈന്‍ ബുക്കിങ് എണ്‍പതിനായിരമാക്കി നിജപ്പെടുത്തരുതെന്നാണ് ആവശ്യം. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് വലിയ തോതിലാണ് ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍
നിന്ന് എത്തുന്നവര്‍ക്ക് സ്‌പോട്ട് ബുക്കിങ് ഏറെ അനുഗ്രഹമായിരുന്നു. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആധാറിന് പകരം പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഓണ്‍ലൈന്‍ ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കണമെന്നാണ് മറ്റൊരു ആവശ്യം. ഓണ്‍ലൈന്‍ ബുക്കിങ് നടത്തുന്നവര്‍ക്ക് നിശ്ചിത ദിവസം എത്താന്‍ കഴിയാതെ വന്നാല്‍ സന്നിധാനത്ത് തിരക്ക് കുറയുന്ന സാഹചര്യം ഉണ്ടാകും. ഇത് ഒഴിവാക്കി എല്ലാ സമയത്തും ഒരു
പോലെ ഭക്തരുടെ ഒഴുക്ക് ഉണ്ടാകാന്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം മുന്‍വര്‍ഷങ്ങളില്‍ പ്രയോജനം ചെയ്തിരുന്നു. എണ്‍പതിനായിരം പേര്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യുമ്പോള്‍ ഇതില്‍ കുറച്ച് പേര്‍ മറ്റ് പല അസൗകര്യം മൂലം വരാതിരിക്കുന്ന സാഹചര്യം കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടായ തിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം വരാത്തവരുടെ സമയത്ത് തിരക്ക്  കുറഞ്ഞത് അനുസരിച്ച് സ്‌പോട്ട് ബുക്കിങുകാര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ലഭിച്ചിരുന്നു.

സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കണം:
ശബരിമല അയ്യപ്പസേവാ സമാജം

പത്തനംതിട്ട: ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ പുനരാരംഭിക്കണമെന്ന്
ശബരിമല അയ്യപ്പസേവാ സമാജം ആവശ്യപ്പെട്ടു. ഗുരുവായൂര്‍, തിരുപ്പതി, പഴനി, വൈഷ്‌ണോദേവി മുതലായ ക്ഷേത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ശബരിമല. അതുകൊണ്ട് അവിടങ്ങളില്‍ ഭക്തന്മാരെ നിയന്ത്രിക്കുവാനുള്ള സംവിധാനം എല്ലാം അതേ പടി ഇവിടെ നടപ്പിലാക്കുന്നത് ഒരിക്കലും ശരിയാവില്ല. മറ്റു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന രീതിയില്‍ വരാന്‍ പറ്റുന്ന സ്ഥലമല്ല ശബരിമല.
ദേവസ്വം ബോര്‍ഡ് ഒരു ദിവസത്തേക്ക്, 80000 പേര്‍ക്ക് മാത്രമാണ് ദര്‍ശനാനുമതി നല്‍കുന്നത് എന്ന് പറയുന്നു. മണ്ഡലം-മകരവിളക്ക് കാലത്ത് ക്ഷേത്രം തുറക്കുന്ന 65 ദിവസങ്ങളിലായി 52 ലക്ഷം പേര്‍ക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ കഴിയുക. മണ്ഡല മകരവിളക്ക് കാലത്ത് ദര്‍ശനം നടത്തുന്നതിന് ഒരു കോടിയോ അതിലധികമോ
ഭക്തര്‍ മാലയിട്ട് വ്രതം തുടങ്ങിയാല്‍ ബോര്‍ഡ് എന്തു ചെയ്യും. 52 ലക്ഷം പേര്‍ക്കു മാത്രമായി ദര്‍ശനം നിജപ്പെടുത്തുമോ? ബാക്കി വരുന്ന വൃതമെടുത്ത ഭക്തരോട് എന്തു സമീപനം സ്വീകരിക്കും. 2018 ന് മുന്‍പുള്ള കാലയളവില്‍ ഒരു കോടിയില്‍ അധികം അയ്യപ്പ വിശ്വാസികളാണ് ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയിരുന്നുത്. ശബരിമല തീര്‍ത്ഥാടന കാലത്ത് പ്രതിദിനം 80,000 പേര്‍ക്കു മാത്രമേ ദര്‍ശനാനുവാദം നല്‍കുകയുള്ളൂ എന്ന കടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്ന് സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് ആവശ്യപ്പെട്ടു. പത്തോളം സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്‌പോട്ട് ബുക്കിങ് പൂര്‍ണമായും പിന്‍വലിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു .
വെര്‍ച്വല്‍ ക്യു വഴി മാത്രം ശബരിമല ദര്‍ശനം എന്ന തീരുമാനം ഭക്തരുടെ മൗലിക സ്വാതന്ത്ര്യമായ തീര്‍ത്ഥാടനത്തിലൂടെ അയ്യപ്പ ദര്‍ശനം എന്ന അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണ് എന്ന് യോഗം വിലയിരുത്തി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ജനറല്‍ സെക്രട്ടറി മുരളി കോളങ്ങാട്ട്, ജോ.ജനറല്‍ സെക്രട്ടറി അഡ്വ.ജയന്‍ ചെറുവള്ളില്‍ എന്നിവര്‍ സംബന്ധിച്ചു.

 

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…