
പത്തനംതിട്ട: നാട്ടുകാരില്‍ നിന്ന് കടം വാങ്ങിയും പിരിവെടുത്തും സ്കൂള്‍ ഉച്ചഭക്ഷണത്തിന് ഫണ്ട് കണ്ടെത്താനുള്ള ബാധ്യത പ്രഥമാധ്യാപകരുടെ തലയില്‍ കെട്ടിവയ്ക്കുന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കഴിഞ്ഞ 15 ന് ഇറക്കിയ ഉത്തരവ് വിവാദമാവുകയും അധ്യാപകരില്‍ നിന്ന് എതിര്‍പ്പുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ഇന്നാണ് പിന്‍വലിച്ചത്.
സ്കൂള്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിച്ച് ഫണ്ട് കണ്ടെത്തനായിരുന്നു നിര്‍ദേശം. ഇതിനായി വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍ രക്ഷാധികാരിയായും പ്രഥമാധ്യാപകര്‍ കണ്‍വീനറായും രൂപീകരിക്കുന്ന സംരക്ഷണ സമിതിയില്‍ പി.ടി.എ പ്രസിഡന്റ്, സീനിയര്‍ അസിസ്റ്റന്റ്/സീനിയര്‍ അധ്യാപകന്, എസ്.എം.സി ചെയര്മാന്, മദര്‍ പി.ടി.എ പ്രസിഡന്റ്, മാനേജ്മെന്റ് പ്രതിനിധി, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും.
സംരക്ഷണ സമിതിയുടെ ചുമതലകള്‍ ഇതാണ്
1. ഉച്ചഭക്ഷണ ഫണ്ട് ലഭിക്കുന്നതിന് എന്തെങ്കിലുംകാലതാമസം നേരിടുന്ന പക്ഷം പദ്ധതി മുടങ്ങാതെ മുന്നോട്ടു കൊണ്ടു പോകുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയും സ്കൂള്‍ ഉച്ചഭക്ഷണ കമ്മറ്റിക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുക.
2. പ്രാദേശിക വിഭവ സമാഹരണത്തോടെ അധിക വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഉച്ച ഭക്ഷണ പദ്ധതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുക.
3. രക്ഷിതാക്കള്‍/പൂര്‍വ വിദ്യാര്‍ഥികള്‍/പൗരപ്രമുഖര്‍ എന്നിവരില്‍ നിന്ന് പലിശ രഹിത സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ കഴിയുമോ എന്ന് ഉച്ചഭക്ഷണ സംരക്ഷണ സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാവുന്നതാണ്. ഇങ്ങനെ സ്വീകരിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ ഉച്ചഭക്ഷണ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പ്രഥമാധ്യാപകന് തിരികെ നല്‍കണം.
4. രക്ഷാകര്‍തൃ പൊതുസമൂഹത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായ സഹകരണത്തോടെയും സിഎസ്ആര്‍ ഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയും അര്‍ഹതപ്പെട്ട കുട്ടികള്‍ക്ക് പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുക.
5. നിലവില്‍ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത സ്കൂളുകളില്‍ പിടിഎ ഫണ്ടില്‍ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നോ വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നോ സംഭാവനകള്‍/സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച് പദ്ധതി നടപ്പിലാക്കാവുന്നതാണ്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് 60:40 അനുപാതത്തില്‍ വിനിയോഗിച്ചാണ് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട ധനവിനിയോഗത്തിനായി പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയ 202122 വര്‍ഷം മുതല്‍ സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രവിഹിതം ലഭ്യമാകുന്നതില്‍ വരുന്ന കാലതാമസം പദ്ധതി നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതികള്‍ രൂപീകരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സ്കൂള്‍ സംരക്ഷണ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്. നവംബര്‍ 15 നാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി എസ്. ഷാനവാസ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതാണിപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
ഉച്ചഭക്ഷണ നടത്തിപ്പിനായി നാട്ടുകാരില്‍ നിന്നും പിരിവെടുക്കാന്‍ പ്രഥമാധ്യാപകരെ നിര്‍ബന്ധിക്കുന്ന ഉത്തരവിറക്കി അടുത്ത ദിവസം പിന്‍വലിക്കേണ്ടി വന്നത് സര്‍ക്കാരിന്റെ വികല നയങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയെന്ന് കെപിഎസ്ടിഎ പത്തനംതിട്ട ജില്ലാ സമിതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയടക്കം ഉപജാപക വൃന്ദത്തിന്റെ പിടിയിലാണ് സര്‍ക്കാര്‍. പഠനമോ ആലോചനയില്ലാതെ ഇറക്കുന്ന ഉത്തരവുകള്‍ ഓരോ ദിവസവും ബുമറാങ്ങ് ആവുകയാണ്. സംസ്ഥാനത്തെ ഓരോ വിദ്യാലയവും ഉച്ചഭക്ഷണ നടത്തിപ്പിനായി സമിതികള്‍ അടുത്ത മുപ്പതിനകം രൂപീകരിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇത് സംസ്ഥാന തലത്തില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാസങ്ങളായി മുടങ്ങിക്കിടന്നിരുന്ന സെപ്തംബര്‍ വരെയുള്ള ഉച്ചഭക്ഷണച്ചിലവ് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാസം പ്രഥമാധ്യാപകര്‍ക്ക് ലഭിച്ചത്. നവംബര്‍ പകുതി കഴിഞ്ഞിട്ടും ഒക്ടോബറിലെ ചിലവ് നല്‍കിയിട്ടുമില്ല. അപ്പോഴാണ് പുതിയെ ചെപ്പടിവിദ്യയുമായി ഉത്തരവിറക്കിയത്. ചുമതലാഭാരം കൊണ്ട് വട്ടംകറങ്ങുന്ന പ്രഥമാധ്യാപകരും കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷനും കടുത്ത പ്രതിഷേധം വികല ഉത്തരവിനെതിരെ നടത്തിയിരുന്നതായി ജില്ലാ പ്രസിഡണ്ട് എസ്. പ്രേം, സെക്രട്ടറി ഫ്രെഡി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.