കോട്ടയം: ഇടവേളക്കുശേഷം മലങ്കര സഭയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള ലയന നീക്കം സജീവമായി. സംസ്ഥാന സര്‍ക്കാറിന്റെ ആശീര്‍വാദത്തോടെയാണ് ഇതെന്നാണ് സൂചന. ഇതിന് ഓര്‍ത്തഡോക്‌സ് സഭ പച്ചക്കൊടി കാണിച്ചിട്ടുണ്ടെങ്കിലും ലയനനീക്കം നടക്കുന്നുവെന്ന പ്രചാരണം യാക്കോബായ നേതൃത്വം നിഷേധിക്കുകയാണ്.
മലങ്കരസഭാ തര്‍ക്കവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്. ഇതിന്റെ കരട് ഇടതുമുന്നണി അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇത് നടപ്പാക്കിയാല്‍ 2017ലെ സുപ്രീംകോടതി വിധിയിലൂടെ നേടിയ മേല്‍ക്കൈ നഷ്ടമാകുമെന്ന തിരിച്ചറിവാണ് ലയന നീക്കത്തിന് ഓര്‍ത്തഡോക്‌സ് സഭ വഴങ്ങാന്‍ കാരണമെന്നാണ് വിവരം. സുപ്രീംകോടതി വിധിയോടെ അസ്തിത്വ പ്രതിസന്ധി നേരിടുന്ന യാക്കോബായ വിഭാഗത്തിനും നിയമപരമായ നിലനില്‍പിന് നിയമ നിര്‍മാണമോ യോജിപ്പോ മാത്രമെ പോംവഴിയുള്ളൂവെന്ന തിരിച്ചറിവുള്ളതിനാല്‍ ലയന ചര്‍ച്ചകളോടുള്ള അവരുടെ എതിര്‍പ്പ് താല്‍ക്കാലികമാണെന്നാണ് ചുക്കാന്‍ പിടിക്കുന്നവരുടെ വിലയിരുത്തല്‍.
സുപ്രീംകോടതി വിധി വന്നയുടന്‍ തന്നെ ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലിത്തമാരായ ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡോ. സഖറിയാസ് മാര്‍ നിക്കോളവാസ് എന്നിവര്‍ ലയന നീക്കവുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവയെ കണ്ടിരുന്നു. എന്നാല്‍, ഇവരുടെ നീക്കം അന്ന് സഭ തന്നെ തള്ളിക്കളയുകയായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധാനം ചെയ്ത ഇരുവരും യാക്കോബായ സഭയില്‍ നിന്ന് വന്നവരായതിനാല്‍ ഇതിനെ സംശയത്തോടെയാണ് അന്ന് സഭയിലെ ഒരുവിഭാഗം നോക്കിക്കണ്ടത്. എന്നാല്‍, അഞ്ച് വര്‍ഷത്തിനു ശേഷം ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം തന്നെ സഭകളുടെ യോജിപ്പിന് തയാറായത് ശ്രദ്ധേയമായിട്ടുണ്ട്. 1912ലെ ആ ദ്യ പിളര്‍പ്പിനുശേഷം 1958 ലാണ് ഇരുസഭയും യോജിച്ചത്. 1972ല്‍ വീണ്ടും രണ്ടാവുകയായിരുന്നു.