
തിരുവനന്തപുരം: തലസ്ഥാനത്തെ ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസം സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാന ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രേഖകള്‍ സമര്‍പ്പിച്ച് മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് വ്യക്തമായ വാഗ്ദാനം നല്‍കിയിട്ടും, രണ്ട് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്.
ഇത് ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ബുദ്ധിമുട്ടിലാക്കിയത്.
കേരള സര്‍ക്കാര്‍ രണ്ട് വര്‍ഷമായി നഷ്ടപരിഹാര പ്രക്രിയ വൈകിപ്പിച്ചിട്ടും, മോദി സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ദുരിതബാധിത കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ രേഖകള്‍ സമര്‍പ്പിച്ച 25 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് എന്‍എച്ച്എഐ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭൂമി വിട്ടുകൊടുത്തവരെ സഹായിക്കാനുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കേരള സര്‍ക്കാര്‍ രണ്ട് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ രണ്ട് പേപ്പര്‍വര്‍ക്കുകള്‍ മോദി സര്‍ക്കാര്‍ വെറും ഒരു ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നിഷ്‌ക്രിയമായ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ കാര്യക്ഷമവും മനുഷ്യത്വപരവുമായ ഭരണവും തമ്മിലുള്ള വ്യത്യാസമാണ് ഇതിലൂടെ വ്യക്തമാവുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ പിടിപ്പുകേട് കൊണ്ടാണ് നഷ്ടപരിഹാരം ലഭിക്കാന്‍ കാലതാമസമുണ്ടായതെന്ന് വ്യക്തമാണ്. വേണ്ടത്ര ജീവനക്കാരുടെ അഭാവമാണ് പ്രശ്‌നത്തിന്റെ പ്രധാന കാരണം. നിര്‍ണായകമായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ കൈകാര്യം ചെയ്യുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും ഉത്തരവാദിത്തമില്ലായ്മയും പ്രതിഫലിപ്പിക്കുന്നതാണ് ഔട്ടര്‍ റിംഗ് റോഡ് സംഭവം. നഷ്ടപരിഹാര തുക ലഭിക്കാത്തതിനാല്‍ കിളിമാനൂരില്‍ 57 വയസുകാരന്‍ ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാര്‍ അനങ്ങിയില്ലെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.