
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്കിങ് ഏരിയയില്‍ ഇടുന്ന വാഹനങ്ങളടെ പെയിന്റ് ചുരണ്ടുന്നതും വരയുന്നതും പതിവാകുന്നു. കല്ലും താക്കോല്‍ പോലെ മുനയുള്ള സാധനങ്ങളും ഉപയോഗിച്ചുമാണ് കേടുപാട് വരുത്തുന്നത്. നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതി. ഇതു സംബന്ധിച്ച് വാഹന ഉടമകള്‍ ജില്ലാ പോലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും പരാതി നല്‍കി.
സെപ്റ്റംബര്‍ 29 ന് മോക്ഷഗിരിമഠം ഡോ. രമേഷ് ശര്‍മ്മയുടെ താര്‍ ജീപ്പിന്റെ വശങ്ങള്‍ കൂര്‍ത്ത മുനയുള്ള എന്തോ സാധനം ഉപയോഗിച്ച് വരഞ്ഞ് വികൃതമാക്കി. കാര്‍ ബോഡി റീപെയിന്റിങിന് 25.000 രൂപയോളം ചെലവു വരും. ചീങ്കല്‍ത്തടം കണ്ണക്കാട്ടില്‍ സുനില്‍ ജോര്‍ജിന്റെ കാറിലും ഇതേ പോലെ കേടുപാടുകള്‍ വരുത്തി. അദ്ദേഹത്തിന് കാര്‍ വീണ്ടും പെയിന്റിങിന് എണ്ണായിരത്തോളം രൂപ ചെലവായി. ഇവരും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കേരളാ ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ കവിതയുടെ കാറിലും ഇതേ സ്ഥലത്തു വച്ച് പോറലുണ്ടാക്കി. ഇവിടെ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങളുടെ ടയറില്‍ കാറ്റു നിറയ്ക്കുന്ന ഭാഗത്ത് ട്യൂബില്‍ കല്ലു കയറ്റി വയ്ക്കുന്നതും പതിവായിരിക്കുകയാണ്.
കാര്‍ കുറെദൂരം ഓടുമ്പോള്‍ ടയറിലെ കാറ്റ് പോയി പഞ്ചറാകുന്നത് അപകടങ്ങള്‍ക്കും കാരണമാവുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താനാകുമെന്ന് പരാതിക്കാര്‍ പറഞ്ഞു. പാര്‍ക്കിങ് ഏരിയ ചിലര്‍ അനധികൃതമായി കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് അടിയന്തരമായി ഇടപെടണമെന്ന് കാറുടമകള്‍ ആവശ്യപ്പെട്ടു.