പന്തളം: എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പാള്‍ നന്ത്യത്ത് ഗോപാലകൃഷ്ണന് സസ്‌പെന്‍ഷന്‍. ഗവേഷക വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സസ്‌പെന്‍ഷന്‍. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
തിരുവനന്തപുരം എംജി കോളജ് പ്രിന്‍സിപ്പാള്‍ ആയിരിക്കേയാണ് മോശമായി പെരുമാറിയെന്ന് ഗവേഷക വിദ്യാര്‍ഥി പരാതി നല്‍കിയത്. അന്വേഷണ കമ്മിഷന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൈഡ് ഷിപ്പില്‍ നിന്ന് ഗോപാലകൃഷ്ണനെ നീക്കം ചെയ്തിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ഇയാളുടെ കീഴില്‍ ഗവേഷണം നടത്തിയ വിദ്യാര്‍ത്ഥി കേരള സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്. സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ഇതിനെ തുടര്‍ന്നാണ് നടപടി.
മേയ് 10 നാണ് പന്തളം എന്‍.എസ്.എസ് കോളജില്‍ പ്രിന്‍സിപ്പാളായി ചുമതലയേറ്റത്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോപാലകൃഷ്ണനെതിരേ നടപടി സ്വീകരിക്കാന്‍ കേരളാ യൂണിവേഴ്‌സിറ്റി എന്‍എസ്എസ് മാനേജ്‌മെന്റിനോട് നിര്‍ദേശിക്കുകയായിരുന്നു.
മട്ടന്നൂര്‍ പഴശ്ശി രാജാ എന്‍.എസ്.എസ്. കോളേജ്, തിരുവനന്തപുരം എം.ജി. കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായിരുന്നു. സാഹിത്യ വിമര്‍ശകന്‍ കൂടിയായ പ്രഫ.ഗോപാലകൃഷ്ണന്‍ കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശിയാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം, സെന്‍സര്‍ ബോര്‍ഡ് അംഗം,
യു.ജി.സി വിദഗ്ദ്ധ സമിതിയംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. യു.ജി.സി പ്രതിനിധിയായി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ഗവേണിങ് ബോഡി അംഗമാണ്. നോവലും കാല്‍പ്പനികതയും, ഇന്ദുലേഖ :വിമര്‍ശനവും വിധിയെഴുത്തും, സംസ്‌കൃതിയുടെ പാഠാന്തരങ്ങള്‍, പ്രബുദ്ധതയുംപ്രതിബദ്ധതയും തിരുപ്പാണന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.