
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വരണാധികാരിയുടെ ഓഫീസില്‍ സുപ്രധാന തസ്തികകളില്‍ ഇടതു സര്‍വീസ് സംഘടനാ നേതാക്കളെ കുത്തിനിറച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം. ഈ വിഷയം ചൂണ്ടിക്കാട്ടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.എ.സൂരജ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി.
പത്തനംതിട്ട ലോക്സഭ മണ്ഡലം വരണാധികാരിയും ജില്ലാ ഇലക്ഷന് ഓഫീസറുമായ ജില്ലാ കലക്ടറുടെ ഓഫീസില്‍ നിന്നും തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറക്കിയ ഉത്തരവില്‍ ഭരണാനുകൂല സംഘടന ഭാരവാഹികളായ നേതാക്കളെ മാത്രം സുപ്രധാന ചുമതലകള്‍ നല്കി നിയമിച്ചതിനെതിരെയാണ് ജില്ലാ കലക്ടര്‍ക്കും ഇലക്ഷന് കമ്മിഷനും പരാതി നല്‍കിയിരിക്കുന്നത്.
ഭരണാനുകൂല സംഘടനയുടെ ജില്ലാ ഭാരവാഹിയും സി.പി.എം നേതാവും പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭര്‍ത്താവുമായ ആറന്മുള വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് വിനോജിനെയാണ് റിട്ടേണിങ് ഓഫീസറായ ജില്ലാ കലക്ടറുടെ ഇലക്ഷന് ക്ലാര്‍ക്കായിട്ട് നിയമിച്ചിരിക്കുന്നത്. കോന്നി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കകലക്ടറു(എല്‍.ആര്.) ടെ ഇലക്ഷന് ക്ലര്‍ക്കായി കോഴഞ്ചേരി വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കും ഭരണാനുകൂല സംഘടനയുടെ ജില്ലാ ഭാരവാഹികയുമായ എസ്. ഗിരീഷിനെയാണ് നിയമിച്ചിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ പ്രവൃത്തി ദിവസം കൂട്ട് അവധിയെടുത്തു ടൂര്‍ പോയ വിവാദ സംഭവത്തില്‍ ഒരു പാറമട മുതലാളിയുടെ കൈയില്‍ നിന്നും സാമ്പത്തിക സഹായം വാങ്ങുകയും വാഹനം സൗജന്യമായി ഏര്‍പ്പാടാക്കുകയും ചെയ്തതിന്റെ പേരില്‍ വകുപ്പുതല അന്വേഷണം നേരിടുന്നയാളാണ്. റാന്നി നിയോജകമണ്ഡലത്തിന്റെ റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കലക്ട(എല്‍.എ)റുടെ ഇലക്ഷന് ക്ലര്‍ക്കായി നിയമിച്ചിട്ടുള്ള ടി. എന്‍. മോഹന്‍കുമാര്‍ ഭരണാനുകൂല സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമാണ്.
ഇയാള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ഷന് വിഭാഗത്തിലെ ക്ലാര്ക്കായിരുന്നപ്പോള് നടത്തിയ സാമ്പത്തിക അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്. റിട്ടേണിങ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെയും ഇലക്ഷന് ക്ലര്‍ക്കായി കലക്ടറേറ്റിലെ ജീവനക്കാരെ മാത്രമാണ് നാളിതു വരെ നിയമിക്കാറുള്ളത്. മുന്‍കാലങ്ങളില്‍ സര്‍വീസ് സംഘടനകളുടെ ജില്ലാ സംസ്ഥാന ഭാരവാഹിത്വം വഹിക്കുന്നവരെ തെരഞ്ഞെടുപ്പ് ജോലികളുടെ പ്രധാന ചുമതലകളില്‍ നിന്നും ഒഴിവാക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ലംഘിച്ചിരിക്കുകയാണ്. ഭരണ സ്വാധീനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തിരിമറി നടത്തുന്നതിനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായാണ് മറ്റ് ഓഫീസുകളില്‍ നിന്നും ഭരണാനുകൂല സംഘടന നേതാക്കളായവരെ മാത്രം തെരഞ്ഞെടുപ്പ് സംബന്ധമായ പ്രധാന തസ്തികളില്‍ നിയമിക്കാന്‍ വളരെ ആസൂത്രിത നീക്കം നടത്തിയിരിക്കുന്നത് എന്ന് വി.എ. സൂരജ് പറഞ്ഞു. എന്നു മാത്രമല്ല, ഭരണാനുകൂല സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗങ്ങളെയും ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയും മാത്രം അസംബ്ലി ലെവല്‍ ട്രെയിനര്‍മാരായി നിയമിച്ച ഉത്തരവും നേരത്തെ വിവാദമായിരുന്നു.
തികച്ചും നിഷ്പക്ഷവും നീതിപൂര്‍വമായി നടത്തപ്പെടേണ്ട തെരഞ്ഞെടുപ്പ് ജോലികളില്‍ ജനപ്രതിനിധിയുടെ കുടുംബാംഗത്തെയും സര്‍വീസ് സംഘടനയുടെ ഭാരവാഹിത്വം വഹിക്കുന്നവരെയും ഇലക്ഷന് ഉള്‍പ്പെടെയുള്ള ജോലികളില്‍ ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും നടത്തിയതിന്റെ പേരില്‍ അന്വേഷണം നേരിടുന്നവരുമായ ജീവനക്കാരെ ലോകസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയമിച്ച ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പരാതിയില്‍ ആവശ്യപ്പെട്ടു.