പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാറും: സിപിഐക്ക് അവകാശപ്പെട്ട സ്ഥാനത്ത് നിന്ന് ശ്രീനാദേവിയെ വെട്ടിനിരത്താന്‍ എപി ജയന്‍ പക്ഷം: ശ്രീനാദേവി പത്തനംതിട്ട ജില്ലക്കാരിയല്ലെന്ന് വാദം

0 second read
Comments Off on പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാറും: സിപിഐക്ക് അവകാശപ്പെട്ട സ്ഥാനത്ത് നിന്ന് ശ്രീനാദേവിയെ വെട്ടിനിരത്താന്‍ എപി ജയന്‍ പക്ഷം: ശ്രീനാദേവി പത്തനംതിട്ട ജില്ലക്കാരിയല്ലെന്ന് വാദം
0

പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി എപി ജയനെതിരേ അനധികൃത സ്വത്തു സമ്പാദനം സംബന്ധിച്ച് ആരോപണം മറയാക്കി നടപടിക്ക് സംസ്ഥാന നേതൃത്വം ഒരുങ്ങുന്നതിനിടെ ജില്ലാ കൗണ്‍സിലില്‍ വെട്ടി നിരത്തലിന് ജയന്‍ പക്ഷം ശ്രമിക്കുന്നുവെന്ന് ആക്ഷേപം. ജയനെതിരേ പരാതി നല്‍കിയ ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് തടയുന്നതിന് വേണ്ടിയുള്ള വെട്ടിനിരത്തിലുകള്‍ നടക്കുന്നുവെന്നാണ് ആരോപണം.

അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് ജയനെതിരേ അന്വേഷണത്തിന് നാലംഗ കമ്മിഷനെ സംസ്ഥാന എക്‌സിക്യൂട്ടീവ് നിയോഗിച്ചിരുന്നു. ഇതിന്മേല്‍ ജയന്‍ നല്‍കിയ വിശദീകരണം സംസ്ഥാന എക്‌സിക്യൂട്ടിവ് തള്ളി. 30 ന് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ഇതോടെയാണ് ജില്ലയ്ക്കുള്ളില്‍ സെക്രട്ടറിയൂടെ നേതൃത്വത്തില്‍ വെട്ടിനിരത്തലിന് കളമൊരുങ്ങിയിരിക്കുന്നതത്രേ. ജയനെതിരേ പരാതി നല്‍കിയ ശ്രീനാദേവി കുഞ്ഞമ്മ ജില്ലാപഞ്ചായത്തംഗമാണ്. എല്‍ഡിഎഫിലെ ധാരണ പ്രകാരം അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ശ്രീനാദേവിക്കാണ് ലഭിക്കേണ്ടത്. ഇതിന് തടയിടാന്‍ ജയനും സംഘവും ശ്രമിക്കുന്നുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞ് വാക്‌പോര് നടത്തി. പരസ്പരം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്‍. ജയന്‍, ജില്ലാ കൗണ്‍സില്‍ അംഗം അരുണ്‍ കെ.എസ്. മണ്ണടി എന്നിവര്‍ക്കെതിരേ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയായിരുന്ന അബ്ദുള്‍ ഷുക്കൂറിനെ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കാനുംതീരുമാനിച്ചതാണ് ഒരു വിഭാഗം അംഗങ്ങളുടെ എതിര്‍പ്പിനും വാദപ്രതിവാദങ്ങള്‍ക്കും ഇടയാക്കിയത്.

കഴിഞ്ഞ സമ്മേളനത്തില്‍ പത്തനംതിട്ട മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷുക്കൂറിനെ മാറ്റി ഹരിദാസിനെ സെക്രട്ടറിയാക്കിയിരുന്നു. ഒമ്പത് മാസം മുന്‍പ് പാര്‍ട്ടിയെ അറിയിക്കാതെ ഷുക്കൂര്‍ നീണ്ട അവധിയെടുത്തിരുന്നു. മൂന്നാറില്‍ നിന്നു കൊണ്ട് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. അതിന് ശേഷം അവധിക്ക് അപേക്ഷ കൊടുത്തുവെങ്കിലും ജില്ലാ കൗണ്‍സില്‍ അംഗീകരിച്ചില്ല. ആദ്യം വി.കെ. പുരുഷോത്തമന്‍ പിള്ളയ്ക്ക് താല്‍ക്കാലിക ചുമതല നല്‍കി. പിന്നീട് ഹരിദാസിനെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. സിപിഐ ജില്ലാ ട്രഷററുടെ സ്ഥാപനത്തില്‍ നിന്ന് എടുത്ത വായ്പയ്ക്ക് മേല്‍ നിയമ നടപടി വന്നതും ഷുക്കൂറിനെതിരായ നടപടിക്ക് കാരണമായെന്ന് പറയുന്നു.

എ.പി ജയനെ എതിര്‍ക്കുന്ന നേതാക്കളെ വെട്ടിനിരത്താന്‍ നീക്കം നടക്കുന്നുവെന്നാണ് ആക്ഷേപം. ശ്രീനാദേവി കുഞ്ഞമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ ജയന്‍ പക്ഷം തയാറല്ല. ശ്രീനാദേവി കൊല്ലം ജില്ലക്കാരിയാണ് എന്നാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്ന ആക്ഷേപം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാലത്ത് മുന്‍ ജില്ലാ പഞ്ചായത്തംഗം പ്രീതാ രമേശിന് സീറ്റ് കൊടുക്കാതിരിക്കാന്‍ വേണ്ടി ജയനും കൂട്ടരും ശ്രമിച്ചതിന്റെ ഫലമായിട്ടാണ് കൊല്ലം ജില്ലയില്‍ നിന്ന് ശ്രീനാദേവിയെ കൊണ്ടു വന്നത്. ഇതിനായി ഇവരെ പള്ളിക്കല്‍ ഡിവിഷനില്‍ വാടകയ്ക്ക് താമസിപ്പിക്കുകയും ആധികാരിക രേഖകള്‍ തയാറാക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തംഗമായതിന് പിന്നാലെ ശ്രീനാ ദേവിയും ജയനുമായി തെറ്റി. ഇതേ തുടര്‍ന്നാണ് ജയനെതിരേ ശ്രീനാദേവി പരാതി നല്‍കിയത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി പി.പ്രസാദ് എന്നിവര്‍ അടങ്ങുന്ന വിഭാഗം ജയന് എതിരാണ്.

രാജി രാജപ്പന്‍ എന്ന ഒരു ജില്ലാ പഞ്ചായത്തംഗം കൂടി സിപിഐയ്ക്കുണ്ട്. ആദ്യ ടേമില്‍ രാജി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം എല്‍ഡിഎഫിലെ ധാരണ പ്രകാരം ഇവര്‍ രാജി വച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഉണ്ടാക്കിയ ധാരണ പ്രകാരം മൂന്നു വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനും അടുത്ത ഒരു വര്‍ഷം സിപിഐയ്ക്കും അവസാന ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസ് എമ്മിനുമാണ്. നിലവില്‍ സിപിഐയ്ക്ക് രണ്ട് അംഗങ്ങള്‍ ഉള്ള സാഹചര്യത്തില്‍ ശ്രീനാദേവിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴിവാക്കാന്‍ തന്നെയാണ് ജയന്‍ പക്ഷത്തിന്റെ തീരുമാനം.

Load More Related Articles
Load More By Veena
Load More In EXCLUSIVE
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…