
പത്തനംതിട്ട : തിരുവല്ല, കീഴ്‌വായ്‌പ്പൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിൽ രണ്ട് പ്രതികൾക്ക് ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. തിരുവല്ല പോലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 10 വർഷം കഠിനതടവും 50,000 രൂപയും ശിക്ഷിച്ചു. കീഴ്‌വായ്‌പ്പൂർ പോലീസ് 2022 ൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 75,000 രൂപയുമാണ് ശിക്ഷിച്ചത്. സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി.
തിരുവല്ലയുടെ കേസിൽ തിരുവല്ല കുറ്റൂർ താഴെ പള്ളേത്ത് വീട്ടിൽ വർഗീസ് (64), കീഴ്‌വായ്‌പ്പൂർ കേസിൽ ആനിക്കാട് വായ്പ്പൂർ കുന്നംഭാഗം വടശ്ശേരിൽ വീട്ടിൽ സോളമൻ എന്ന് വിളിക്കുന്ന വി പി പ്രശാന്ത് (38) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. തന്റെ ഓട്ടോയിൽ സ്കൂളിലേക്കും തിരികെയും പെൺകുട്ടിയെ കൊണ്ടുപോയിരുന്ന വർഗീസ്, ഓട്ടോയിൽ വച്ചും പ്രതിയുടെ വീട്ടിൽ വച്ചും ലൈംഗിക അതിക്രമം കാട്ടി എന്നതായിരുന്നു കേസ്. തിരുവല്ല എസ് ഐ ആയിരുന്ന അനീഷ് എബ്രഹാമാണ് കേസ് അന്വേഷിച്ചത്. മാനഹാനിയുണ്ടാക്കിയതിനു 3 വർഷവും 25000 രൂപയും, ഭീഷണിപ്പെടുത്തിയതിനു രണ്ട് വർഷവും, പോക്സോ വകുപ്പുകൾ 10, 9(l ) എന്നിവ പ്രകാരം 5 വർഷവും 25000 രൂപയും എന്നിങ്ങനെയാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 3 മാസത്തെ കഠിനതടവ് കൂടി പ്രതി അനുഭവിക്കണം.
കീഴ്‌വായ്‌പ്പൂർ കേസിൽ പ്രതിയെ തട്ടിക്കൊണ്ടുപോകലിന് 3 വർഷവും 25000 രൂപയും, പോക്സോ നിയമത്തിലെ 8,7 വകുപ്പുകൾ അനുസരിച്ച് 3 വർഷവും 50,000 രൂപയും എന്നിങ്ങനെയാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി പ്രതി അനുഭവിക്കണം. ആറ്റു തീരത്തുനിന്നും കൂൺ പറിക്കാനാണെന്ന് വ്യാജേന പ്രതി കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയശേഷം ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. അന്നത്തെ എസ് ഐ ബി എസ് ആദർശ് ആണ് കേസ് അന്വേഷിച്ചത്. രണ്ടു കേസുകളിലും പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് പ്രോസിക്യൂഷന് വേണ്ടി കോടതിയിൽ ഹാജരായി. എ എസ് ഐ ഹസീന പ്രോസിക്യൂഷൻ നടപടികളിൽ സഹായിയായി.