പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയുടെ സ്ഥിതി അതീവ ശോചനീയം. അത്യാഹിത വിഭാഗം ചോരുന്നു. ശേഷിച്ച കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നു. രണ്ടിടത്തു നിന്നും തലനാരിഴയ്ക്ക് രോഗികളും ആശുപത്രി ജീവനക്കാരും രക്ഷപ്പെടുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ താല്‍ക്കാലിക കാഷ്വാല്‍റ്റിയാണ് (ട്രയാജ്) ചോര്‍ന്നൊലിക്കുന്നത്. കുട ചൂടി രോഗികളും ഡോക്ടര്‍മാരും എത്തേണ്ട അവസ്ഥ. മഴ കനത്താല്‍ കാഷ്വാലിറ്റിയില്‍ വെളളം നിറയും. ഈ ദയനീയ അവസ്ഥ ആശുപത്രി അധികൃതര്‍ മേലുദ്യോഗസ്ഥരെ പല വട്ടം ധരിപ്പിച്ചു. ഒരു അനക്കവുമില്ല. കാഷ്വാലിറ്റിയിലെ സീലിങ് ഏതു നിമിഷം വേണമെങ്കിലും തകര്‍ന്ന് രോഗികളുടെ തലയില്‍ വീഴാനുള്ള സാധ്യതയുണ്ട്. മഴ പെയ്യുമ്പോള്‍ ഇതിന് മുകളില്‍ വെള്ളം വന്ന് നിറയുകയും ചോരുകയുമാണ്. വെള്ളം കെട്ടിക്കിടന്ന് നിലം പതിക്കാനുള്ള സാധ്യതയും ഏറെ
പുനരുദ്ധാരണം ആരംഭിച്ചിരിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ നിലവിലെ സ്ഥിതി അതീവ ശോചനീയമാണ്. ആശുപത്രിയില്‍ കോണ്‍ക്രീറ്റ് കഷണം അടര്‍ന്നു വീണതില്‍ നിന്ന് കഴിഞ്ഞ ദിവസം ഗര്‍ഭിണിയും ഭര്‍ത്താവും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ശോച്യാവസ്ഥയിലായ ബി ആന്‍ഡ് സി ബ്ലോക്കിലാണ് കോണ്‍ക്രീറ്റ് അടര്‍ന്നു വീണത്.
കാര്‍ഡിയോളജി വിഭാഗത്തില്‍ നിന്നും രക്തബാങ്കിലേക്കുള്ള പാതയില്‍ കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നതു പതിവു സംഭവമാണ്. ഒരുദിവസം കുറഞ്ഞത് ആയിരത്തിലധികം ആളുകള്‍ ഈ പാത ഉപയോഗിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് കോണ്‍ക്രീറ്റ് കഷണം അടര്‍ന്നു വീണത്. ഇതില്‍ നിന്നാണ് ഗര്‍ഭിണിയും ഭര്‍ത്താവും തലനാരിഴയ്ക്ക് രക്ഷപെട്ടത്.
നിര്‍മാണത്തിലെ പിഴവു കാരണം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്ക് പണ്ടേ ദുര്‍ബലമാണ്. 20 വര്‍ഷം മാത്രമേ കെട്ടിടത്തിനു പഴക്കമുള്ളൂവെങ്കിലും ശോച്യാവസ്ഥയെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. കെട്ടിടം പൊളിച്ചു മാറ്റുകയേ നിര്‍വാഹമുള്ളൂവെന്ന തരത്തില്‍ പിഡബ്ല്യുഡിയിലെ സാങ്കേതിക വിദഗ്ധര്‍ അടക്കം റിപ്പോര്‍ട്ട് നല്‍കിയതാണ്.
ജനറല്‍ ആശുപത്രിയില്‍ പുതിയ ഒപി ബ്ലോക്കിന്റെയും അത്യാഹിത വിഭാഗത്തിന്റെയും നിര്‍മാണം നടക്കുന്ന ഘട്ടത്തിലാണ് ബി ആന്‍ഡ് സി ബ്ലോക്കിലേക്ക് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ചത്. നിലവില്‍ കാത്ത് ലാബ്, ഐസിയു, രക്തബാങ്ക്, ന്യൂറോ ഐസിയു, എംഐസിയു തുടങ്ങിയവയും കുട്ടികളുടെയും ഗര്‍ഭിണികളുടെയും വാര്‍ഡും ഈ ബ്ലോക്കിലാണ് പ്രവര്‍ത്തിക്കുന്നത്. പഴയ ആശുപത്രി കെട്ടിടം പൊളിച്ചതോടെ അവിടെ ഉണ്ടായിരുന്ന പല സംവിധാനങ്ങളും വാര്‍ഡുകളും ഇവിടേക്ക് മാറ്റേണ്ടിവന്നു. ഇതിനു മുന്പായി കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കണമെന്ന ആവശ്യം ഉണ്ടായിരുന്നു. ഇതിനായി തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെയും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലെയും രണ്ട് വിദഗ്ധ സമിതികളെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് ഇതേവരെ ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ബി ആന്‍ഡ് സി ബ്ലോക്കിലേക്ക് ആശുപത്രി സംവിധാനങ്ങള്‍ മാറ്റുകയുള്ളൂവെന്ന് നിലപാടെടുത്ത സൂപ്രണ്ടിനെ സ്ഥലംമാറ്റിയശേഷമാണ് നിലവില്‍ ഈ ബ്ലോക്കിനെ ഉപയോഗപ്പെടുത്തിയത്. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്‌പോള്‍ കെട്ടിടം കുലുങ്ങുന്നതടക്കമുള്ള സാങ്കേതിക പിഴവുകള്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷിതത്വത്തെ തന്നെ ബാധിക്കുന്ന തരത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങിയിരിക്കുന്നത്.
കുട്ടികളുടെ വാര്‍ഡിന്റെ ചോര്‍ച്ച, ശൗചാലയങ്ങളില്‍ നിന്നു വെള്ളം താഴേക്ക് വീഴുന്നതടക്കമുള്ള പരാതികളുമുണ്ട്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനലേക്ക് 30 ലക്ഷം രൂപയുടെ പദ്ധതി എന്‍എച്ച്എം മുഖേന തയാറാക്കിയിരുന്നു. എന്നാല്‍ ഇതിനുള്ള അനുമതിയും ആയിട്ടില്ല.
നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഒപി ബ്ലോക്കിന്റെയും അത്യാഹിത വിഭാഗത്തിന്റെയും നിര്‍മാണം രണ്ടു ഭാഗങ്ങളിലായി നടക്കുകയാണ്. പഴയ ബ്ലോക്കുകള്‍ പൊളിച്ചു മാറ്റിയ സ്ഥലത്ത് ഇതിനുവേണ്ടി പൈലിംഗ് ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. പൈലിംഗ് ആരംഭിച്ചതിനു പിന്നാലെയാണ് ഇതേ കോന്പൗണ്ടിലെ ബി ആന്‍ഡ് സി ബ്ലോക്കില്‍ നിന്ന് കൂടുതല്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങിയതെന്നു പറയുന്നു.
ആശുപത്രിയിലെ നിലവിലെ സ്ഥലപരിമിതി മറികടക്കാന്‍ ബി ആന്‍ഡ് സി ബ്ലോക്ക് കൂടി ഉണ്ടാകണമെന്നാണ് ആരോഗ്യ വകുപ്പിലെ ഉന്നതരുടെ താത്പര്യം. ഇതാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും അവഗണിച്ച് ഇതിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.
കെട്ടിടത്തിന്റെ പലഭാഗങ്ങളിലും മിക്കയിടത്തും കോണ്‍ക്രീറ്റ് ഇളകി ഇരുമ്പു കമ്പി വെളിയില്‍ വന്നിരിക്കുകയാണ്. പുതിയ കെട്ടിടത്തിനു വേണ്ടിയുള്ള പൈലിംഗ് നടക്കുന്നത് കാരണം പഴയ കെട്ടിടത്തിന് ബലക്ഷയവും നേരിടുന്നുണ്ട്. കോണ്‍ക്രീറ്റ് പൊളിഞ്ഞു വീഴാനുള്ള കാരണവും ഇതു തന്നെയാണ്. കോണ്‍ക്രീറ്റിന്റെ വലുതും ചെറുതുമായ കഷണങ്ങളാണ് താഴേക്ക് പതിക്കുന്നത്. സിമന്റ് കഷണങ്ങള്‍ വീണാല്‍ രോഗികള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ട്.അസൗകര്യങ്ങളുടെ നടുവിലുള്ള ആശുപത്രി കെട്ടിടങ്ങള്‍ സുരക്ഷിതമല്ലാത്ത അവസ്ഥ കൂടുതല്‍ ഗുരുതരമാക്കുകയാണ്.