പത്തനംതിട്ട: നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കുന്ന മാസ്റ്റര്‍ പ്ലാനിലെ കുമ്പഴ സ്‌കീം ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ചു. മാസ്റ്റര്‍ പ്ലാനിലെ 5 സ്‌കീമുകളില്‍ കുമ്പഴ സ്‌കീം ആണ് ആദ്യം നടപ്പാക്കുന്നത്. ഈ സ്‌കീമില്‍ മൊത്തം 16 പദ്ധതികളാണുള്ളത്. പത്തനംതിട്ട നഗരത്തിന്റെ കവാടമായാണ് കുമ്പഴയെ വിഭാവനം ചെയ്തിട്ടുള്ളത്. വിനോദ വിശ്രമ പദ്ധതികള്‍ക്കാണ് പ്രാമുഖ്യം. കുമ്പഴയിലെ ഓപ്പണ്‍ സ്‌റ്റേജും പരിസരവും ടൗണ്‍ സ്‌ക്വയര്‍ ആയി വികസിപ്പിക്കും.
അച്ചന്‍കോവിലാറിന്റെ തീരം സൗന്ദര്യവല്‍ക്കരിച്ച് കയാക്കിങ് അടക്കമുള്ള സാഹസിക വിനോദ പ്രവര്‍ത്തനങ്ങളാണ് മറ്റൊരു പദ്ധതിയില്‍ ഉള്ളത്. നിലവിലെ തുണ്ടമണ്‍കര കടവില്‍ നിന്നും ആകര്‍ഷകമായ നിലയില്‍ തൂക്കുപാലം നിര്‍മ്മിക്കാനും നിര്‍ദേശമുണ്ട്. ആറിന് അഭിമുഖമായി നടപ്പാതകള്‍ നിര്‍മ്മിച്ച വെന്‍ഡിങ് സ്ട്രീറ്റും ഇക്കോളജിക്കല്‍ പാര്‍ക്കും നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങളും സ്‌കീമിലുണ്ട്. കുമ്പഴ ടൗണിനോട് ചേര്‍ന്ന് വാഹന പാര്‍ക്കിംഗിനായി മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനവും ഒരുക്കുന്നതിന് പ്രത്യേക പദ്ധതിയുണ്ട്. കൗണ്‍സില്‍ അംഗീകരിച്ച സ്‌കീം ഗസറ്റില്‍ വിജ്ഞാപനം ചെയ്യും. പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും ആക്ഷേപങ്ങളും രണ്ടുമാസത്തിനുള്ളില്‍ സമര്‍പ്പിക്കാം. സ്‌കീമിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പബ്ലിക് സെമിനാര്‍ സംഘടിപ്പിക്കും. തുടര്‍ന്ന് കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്ന സ്‌കീം സര്‍ക്കാരിന് നല്‍കി പ്രസിദ്ധീകരിക്കും.
മേഖല നിയന്ത്രണമുള്ള സ്ഥലങ്ങള്‍ വസ്തു ഉടമകളുടെ കൂടി പങ്കാളിത്തത്തോടെ സ്‌കീമിലെ നിര്‍ദ്ദേശം അനുസരിച്ച് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ഹുസൈന്‍ പറഞ്ഞു. അന്തിമവിജ്ഞാപനം കഴിഞ്ഞാലുടന്‍ ഓരോ പദ്ധതിക്കും ഡി പി ആര്‍ തയ്യാറാക്കുമെന്നും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കുമ്പഴയെ വിനോദ വിശ്രമ ഹബ്ബാക്കി വികസിപ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു കൗണ്‍സില്‍ യോഗത്തില്‍ ജില്ലാ ടൗണ്‍ പ്ലാനര്‍ അരുണ്‍ ജി, ഡെപ്യുട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യന്‍,അസി. ടൗണ്‍ പ്ലാനര്‍ വിനീത് ജി, ഡ്രാഫ്‌റ്‌സ്മാന്‍ അനീഷ് ആര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.