പത്തനംതിട്ട: കൂടുതല്‍ സൗകര്യങ്ങളുമായി തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ നഗരസഭാ ഇടത്താവളം പൂര്‍ണ സജ്ജമായി പ്രവര്‍ത്തനമാരംഭിച്ചു. ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൗജന്യ വൈഫൈ, പ്രത്യേക പാര്‍ക്കിങ് ക്രമീകരണങ്ങള്‍, വിപുലമായ ഭക്ഷണശാല, ആയുര്‍വേദ പരിചരണ സൗകര്യങ്ങള്‍ തുടങ്ങി മുന്‍വര്‍ഷത്തേക്കാള്‍ മികച്ച സൗകര്യങ്ങളോടെയാണ് ഈ മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്കായി ഇടത്താവളം ഒരുക്കിയിരിക്കുന്നത്.
വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന സ്ഥിരം സംവിധാനമൊരുക്കുക എന്ന ലക്ഷ്യത്തില്‍ ഭരണസമിതി മുന്നോട്ടു പോവുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഷൈലജ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി എസ്.നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. അജിത്കുമാര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില അനില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെറി അലക്‌സ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി വര്‍ഗീസ്, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, കൗണ്‍സിലര്‍മാരായ അഡ്വ. എ. സുരേഷ് കുമാര്‍, ആര്‍. സാബു, റോഷന്‍ നായര്‍, നീനു മോഹന്‍, എസ്. ഷീല, അയ്യപ്പസേവാ സമാജം പ്രതിനിധി അഡ്വ. ജയന്‍ ചാരുവേലില്‍ എന്നിവര്‍ പങ്കെടുത്തു.
ഭക്തര്‍ക്ക് സന്നിധാനത്തെ ബുക്കിങ് വിവരങ്ങള്‍ അറിയാനും സൗകര്യമുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഇത്തവണ പ്രവര്‍ത്തനമാരംഭിക്കുന്നത്. ജീവനക്കാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ സൗജന്യ വൈഫൈ കണക്ഷന്‍ നല്‍കി. വാഹന പാര്‍ക്കിങ്ങിന് പ്രത്യേക പാര്‍ക്കിംഗ് ലോട്ടുകള്‍ ക്രമീകരിച്ചു. ആദ്യം വന്ന വാഹനങ്ങള്‍ക്ക് ആദ്യം പോകാവുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. അന്നദാന കൗണ്ടറും പോലീസ് എയ്ഡ് പോസ്റ്റും ഇടത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മറ്റു സേവനങ്ങള്‍ ഇന്ന് രാവിലെ മുതല്‍ ലഭ്യമാകും. തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും വിരി വയ്ക്കുന്നതിനും ഡോര്‍മിറ്ററികള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അന്നദാന കൗണ്ടര്‍, ശൗചാലയങ്ങള്‍ എന്നിവ മുന്‍ വര്‍ഷങ്ങളില്‍ താഴെ വെട്ടിപ്രത്തുള്ള ഇടത്താവളത്തില്‍ ഒരുക്കിയിരുന്നു. പൊലീസ് എയ്ഡ് പോസ്റ്റ്, ആയുര്‍വേദ അലോപ്പതി ചികിത്സാ കേന്ദ്രങ്ങള്‍, ചെറുസംഘങ്ങളായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള സൗകര്യം, പ്രത്യേക വിറകുപുര എന്നിവയുമുണ്ട്.