പത്തനംതിട്ട: സംസ്ഥാനത്തെ നഗരസഭകളുടെ ഭരണസംവിധാനം ഡിജിറ്റലൈസ് ചെയ്യുന്ന കെ സ്മാര്‍ട്ട് വഴിയുള്ള ആദ്യ സിവില്‍ രജിസ്‌ട്രേഷന്‍ പത്തനംതിട്ട നഗരസഭയില്‍ നടന്നു. ജനറല്‍ ആശുപത്രിയില്‍ ഡിസംബര്‍ 26 ന് കോട്ടയം മുണ്ടത്താനം സ്വദേശികളായ സിജോ കെ. ജോസഫ്-പ്രിന്‍സിദാസ് ദമ്പതികള്‍ക്ക് ജനിച്ച ഇവാന്‍ കെ. സിജോ എന്ന കുട്ടിയുടെ ജനനമാണ് സംസ്ഥാനത്ത് ആദ്യമായി കെ സ്മാര്‍ട്ട് വഴി രജിസ്റ്റര്‍ ചെയ്തത്. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ സെക്രട്ടറി സുധീര്‍ രാജിന് സര്‍ട്ടിഫിക്കറ്റ് കൈമാറി.
പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനുമായി ചേര്‍ന്ന് വികസിപ്പിച്ച ആപ്ലിക്കേഷനായ കേരള സൊല്യൂഷന്‍ ഫോര്‍ മാനേജിങ് അഡ്മിനിട്‌സ്‌ട്രേറ്റീവ് റിഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (കെസ്മാര്‍ട്ട്) സംവിധാനം വഴി അപേക്ഷകന്‍ നഗരസഭകളില്‍ നേരിട്ട് എത്താതെ സേവനം നല്‍കുന്ന രീതിയിലാണ് കെ-സ്മാര്‍ട്ട് തയാറാക്കിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും സേവനം ലഭിക്കുന്നതിനുമായി സിറ്റിസണ്‍ ലോഗിന്‍, അക്ഷയ കേന്ദ്രങ്ങള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്കായി ഓര്‍ഗനൈസേഷന്‍ ലോഗിന്‍, ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കായി എംപ്ലോയി ലോഗിന്‍ എന്നിവയിലൂടെ പ്രവേശിക്കാം.
ആദ്യ ഘട്ടത്തില്‍ ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ്, കെട്ടിടനികുതി ഒടുക്കല്‍, സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വ്യാപാര ലൈസന്‍സുകള്‍ തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാകുക. വൈസ് ചെയര്‍പേഴ്‌സണ്‍ ആമിന ഹൈദരാലി, കൗണ്‍സില്‍ അംഗങ്ങളായ ആര്‍. സാബു, വിമല ശിവന്‍, ജനന മരണ രജിസ്ട്രാര്‍ അജി എസ് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സുഷമ പി കെ, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍, ആര്‍ എം ഓ ഡോ. ദിവ്യ ആര്‍ ജെ, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ റെനി രാജന്‍, ടി.ഓ ദിവ്യ എസ്, അരുണ്‍കുമാര്‍.എസ്, മായ.പി.എസ്, നഗരസഭാ ജീവനക്കാര്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.