ഭരണ സമിതിക്ക് പിന്നാലെ യൂണിയന്‍ സെക്രട്ടറിയെയും മാറ്റി: പത്തനംതിട്ട എന്‍എസ്എസ് താലൂക്ക് യൂണിയനില്‍ പിടിമുറുക്കി പെരുന്നയിലെ നേതൃത്വം

1 second read
Comments Off on ഭരണ സമിതിക്ക് പിന്നാലെ യൂണിയന്‍ സെക്രട്ടറിയെയും മാറ്റി: പത്തനംതിട്ട എന്‍എസ്എസ് താലൂക്ക് യൂണിയനില്‍ പിടിമുറുക്കി പെരുന്നയിലെ നേതൃത്വം
0

പത്തനംതിട്ട: താലൂക്ക് എന്‍എസ്എസ് യൂണിയനില്‍ നിലവിലുള്ള ഭരണ സമിതി പിരിച്ചു വിട്ട് അഡ്‌ഹോക്ക് കമ്മിറ്റക്ക് ചുമതല കൈമാറിയതിന് പിന്നാലെ സെക്രട്ടറിയെ സ്ഥലം മാറ്റി. പ്രസിഡന്റായിരുന്ന ഹരിദാസ് ഇടത്തിട്ട അടക്കം ആറു പേരെയാണ് പുറത്താക്കിയത്. നിലവിലുള്ള ഭരണ സമിതിയിലെ 11 പേരെ നിലനിര്‍ത്തിയാണ് വൈസ് പ്രസിഡന്റ് ചെയര്‍മാനായി അഡ്‌ഹോക് കമ്മറ്റി നിലവില്‍ വന്നത്.

ഒന്നര വര്‍ഷത്തെ ഇടവേളയിലാണ് രണ്ടാം തവണയും ഭരണ സമിതി പിരിച്ചു വിട്ട് അഡ്‌ഹോക് കമ്മറ്റി രൂപീകരിച്ചത്. കമ്മറ്റി പിരിച്ചു വിടാന്‍ പല കാരണങ്ങളാണ് പറഞ്ഞു കേട്ടത്. അഴിമതിയാരോപണം ഒരു വിഭാഗം ഉന്നയിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട ജനറല്‍ സെക്രട്ടറിക്ക് അനഭിമതനായ കലഞ്ഞൂര്‍ മധുവുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയതാണ് ഭരണ സമിതി പിരിച്ചു വിടാന്‍ കാരണമായതെന്നാണ്.

എന്നാല്‍, കണക്ക് സംബന്ധിച്ച് ഭരണ സമിതി അംഗങ്ങള്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് സെക്രട്ടറിക്ക് ഉത്തരം ഇല്ലാതെ വന്നതാണ് ഭരണ സമിതിയിലെ ചെറുപ്പക്കാരായിട്ടുള്ളവരെ അടക്കം പുറത്താക്കാന്‍ കാരണമായത് എന്നാണ്‌സൂചന. സെക്രട്ടറിയുടെ നടപടിക്കെതിരേ ജനറല്‍ സെക്രട്ടറിക്ക്് പരാതിയുംപോയി. അതിന് പിന്നാലെയാണ് പെരുന്നയില്‍ നിന്നും പത്തനംതിട്ട താലൂക്ക് യൂണിയന്‍ സെക്രട്ടറിയെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്.

യൂണിയന്‍ സെക്രട്ടറി വി.ആര്‍. സുനിലിനെ നെയ്യാറ്റിന്‍കരയിലേക്ക് സ്ഥലം മാറ്റി. എ. ജീവന്‍ കുമാറിനെ പത്തനംതിട്ട താലൂക്ക് യൂണിയന്‍ സെക്രട്ടറിയാക്കി നിയമിച്ചു. ചെറുപ്പക്കാരും പുതുമുഖങ്ങളും അടങ്ങിയ ഭരണ സമിതിയില്‍ നിന്ന് അവരെ മാത്രം തെരഞ്ഞു പിടിച്ച് പുറത്താക്കുകയും അഡ്‌ഹോക്ക് കമ്മറ്റി യുവജന പ്രാതിനിധ്യം ഇല്ലാതാക്കുകയും ചെയ്തതില്‍ താലൂക്ക് യൂണിയന് കീഴിലെ കരയോഗങ്ങളില്‍ എതിര്‍പ്പ് ശക്തമാണ്.

താലൂക്ക് യൂണിയനിലുള്ള ഒട്ടേറെ കരയോഗങ്ങള്‍ യൂണിയന്‍ സെക്രട്ടറിക്കും നിലവിലെ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങള്‍ക്കും എതിരെ പ്രമേയം പാസാക്കി. പുതിയ കമ്മിറ്റിയില്‍ ഒഴിവാക്കിയ അഖിലേഷ് കാര്യാട്ട്, പ്രദീപ് കുമാര്‍ വള്ളിക്കോട്, ശ്രീജിത്ത് പ്രഭാകര്‍ കുടമുക്ക്, അജിത് മാത്തൂര്‍, എ.ആര്‍ രാജേഷ് കുമ്പഴ എന്നിവര്‍ എന്‍എസ്എസ് നേതൃത്വത്തിന് നല്‍കിയ പരാതി ഗൗരവമായി എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് യൂണിയന്‍ സെക്രട്ടറിയുടെ സ്ഥലം മാറ്റം. തിരക്ക് പിടിച്ച് ഭരണസമിതിയെ പിരിച്ചു വിട്ടതിലൂടെ വിവാദനായകരായി മാറിയ പെരുന്ന നേതൃത്വത്തിനും മുഖം രക്ഷിക്കാന്‍ സെക്രട്ടറിയെ മാറ്റിയതിലൂടെ കഴിഞ്ഞു. ജി. സുകുമാരന്‍ നായരെ പലരും തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് യൂണിയന്‍ ഭരണ സമിതി പിരിച്ചു വിട്ടതെന്നാണ് പറയുന്നത്.

 

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…