
പത്തനംതിട്ട : ഹാജി സി മീരാസാഹിബ് നഗരസഭാ ബസ് സ്റ്റാന്‍ഡ് മൂന്നാം യാര്‍ഡ് ഫെബ്രുവരി ഒന്നിന് ഉദ്ഘാടനം ചെയ്യും. ബിഎം & ബിസി നിലവാരത്തില്‍ നവീകരണം പൂര്‍ത്തിയാക്കിയ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ഇതോടെ പൂര്‍ണതോതിലാകും. ശോച്യാവസ്ഥയുടെ പേരില്‍ ട്രോളുകളില്‍ നിറഞ്ഞ ഇടം നഗരത്തിന്റെ പുതിയ മുഖമായി മാറുകയാണ്.
ഭൂമിയുടെ പ്രത്യേകതയും അശാസ്ത്രീയ നിര്‍മ്മാണവും കാരണം വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന ബസ്സ്റ്റാന്‍ഡ് യാര്‍ഡിന് ശാസ്ത്രീയ നിര്‍മ്മാണത്തിലൂടെ പുനര്‍ജീവന്‍ നല്‍കിയിരിക്കുകയാണ് നഗരസഭാ ഭരണ സമിതി. വിവിധ ഘട്ടങ്ങളിലായി നടന്ന പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ഒടുവിലാണ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നത്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ വിദഗ്ധ സംഘം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളുടെയും, പൊതു ജനങ്ങള്‍, വ്യാപാരികള്‍, ബസ്സുടമകള്‍ എന്നിവരുമായി ചര്‍ച്ച നടത്തി തയ്യാറാക്കി അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ ശാസ്ത്രീയ പരിഹാരം കണ്ടെത്തുന്നതിനായി നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതിയാണ് വിജയകരമായി പൂര്‍ത്തിയാകുന്നത്.
നിലവിലെ തറയില്‍ നിന്ന് 1.10 മീറ്റര്‍ ആഴത്തില്‍ മണ്ണ് നീക്കി ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സ്‌പെസിഫിക്കേഷന്‍ അനുസരിച്ച് ജി എസ് പി, വെറ്റ് മിക്‌സ് എന്നിവ നിറച്ച് മുകളില്‍ ഇന്റര്‍ലോക്ക് പാകി നവീകരിച്ച് നാല് തട്ടുകളായാണ് ഒന്നാം യാര്‍ഡ് ഒരുക്കിയിരിക്കുന്നത്. വിപുലമായ ഡ്രയിനേജ് സംവിധാനമാണ് യാര്‍ഡിനോടൊപ്പം തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ ബസ് സ്റ്റാന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനാണ് പ്രവൃത്തികള്‍ ഘട്ടം ഘട്ടമായി നടത്തിയത്.
അഞ്ച് ഏക്കര്‍ സ്ഥലം, അഞ്ച് കോടി രൂപ
ലഭ്യമായ 5 ഏക്കര്‍ സ്ഥലവും പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിയാണ് ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം. കിഴക്ക് വശം കണ്ണങ്കര തോടുമായി വേര്‍തിരിച്ച് സംരക്ഷണഭിത്തി നിര്‍മ്മിച്ചതോടെ ഈ ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന ഭൂമിയും പദ്ധതിയുടെ ഭാഗമാക്കാനായി.
പ്രത്യേക നടപ്പാത, ഡ്രൈവ് വേ, പാര്‍ക്കിംഗ് ലോട്ട് എന്നിവയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാക്കി തണല്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
ബസ് സ്റ്റാന്‍ഡിനെ ചുറ്റി 500 മീറ്ററോളം നീളത്തില്‍ നടപ്പാത ഒരുങ്ങുന്നുണ്ട്. ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന നഗരത്തിലെ പ്രഭാത – സായാഹ്ന സവാരിക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡ്രൈവ് വേയും വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യവും നടപ്പാതയോട് ചേര്‍ന്ന് സജ്ജീകരിക്കും.
പത്തനംതിട്ട മാസ്റ്റര്‍പ്ലാന്‍ വിഭാവനം ചെയ്ത മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് കോംപ്ലക്‌സിന്റെ ഭാഗമായ പ്രവൃത്തികളാണ് പൂര്‍ത്തിയാകുന്നത്. സ്റ്റാന്‍ഡിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന ഹാപ്പിനസ് പാര്‍ക്ക്, കെട്ടിടത്തിന്റെ നവീകരണം എന്നിവയും പുരോഗമിക്കുകയാണ്. മുകള്‍ നിലയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. അഞ്ച് കോടി രൂപ ഉപയോഗിച്ച് സ്‌പെഷ്യല്‍ അസ്സിസ്റ്റന്‍സ് പദ്ധതി പ്രകാരമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പരമാവധി ജനങ്ങള്‍ എത്തിച്ചേരുന്ന സാമൂഹിക ഇടമായി ബസ് സ്റ്റാന്‍ഡ് മാറുകയും ജനകീയ ഇടപെടലിലൂടെ വ്യാപകമായി ഉപയോഗപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഭരണസമിതി എന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.