പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നുപ്രതികളൊഴികെ എല്ലാവരെയും അഴികള്‍ക്കുള്ളിലാക്കി പോലീസ്

0 second read
Comments Off on പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം: ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നുപ്രതികളൊഴികെ എല്ലാവരെയും അഴികള്‍ക്കുള്ളിലാക്കി പോലീസ്
0

പത്തനംതിട്ട: പ്രതികളുടെ എണ്ണത്തിലും പ്രതികളായ കൗമാരക്കാരുടെ എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ പോക്‌സോ കേസായി മാറിയ, വിദ്യാര്‍ത്ഥിനി നിരന്തര ലൈംഗിക പീഡനത്തിനിരയായ കേസില്‍ മൂന്നുപ്രതികളൊഴികെ എല്ലാവരെയും അഴികള്‍ക്കുള്ളിലാക്കി പോലീസ്. ഏറ്റവുമൊടുവില്‍ ഇലവുംതിട്ട പോലീസ് നാലു പ്രതികളെ കൂടി അറസ്റ്റ് ചെയ്തതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ബഹുഭൂരിപക്ഷം പ്രതികളെയും ജയിലിലാക്കാന്‍ അന്വേഷണസംഘത്തിനു സാധിച്ചു. ആകെയുള്ള 60 പ്രതികളില്‍ 56 പേരും അറസ്റ്റിലായതായി ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാര്‍ അറിയിച്ചു.

ഊര്‍ജിതമായി തുടരുന്ന അന്വേഷണത്തില്‍ ഇലവുംതിട്ട പോലീസ് 4 യുവാക്കളെ കൂടി കസ്റ്റഡിയിലെടുത്തു. അഖില്‍ (27), ബിജിത്ത് (23), സൂരജ് (20),രാഹുല്‍ രാജു ( 25)എന്നിവരാണ് അറസ്റ്റിലായത്. ഇനി കിട്ടാനുള്ള 3 പേരില്‍ രണ്ടുപേര്‍ പത്തനംതിട്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലെയാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമനടപടികള്‍ പോലീസ് തുടരുകയാണ്. ഇലവുംതിട്ട പോലീസ് ഇനി ഒരു പ്രതിയെകൂടിമാത്രമേ പിടികൂടാനുള്ളൂവെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജില്ലയിലെ നാല് സ്‌റ്റേഷനുകളിലായി ആകെ 30 കേസുകളാണ് വിദ്യാര്‍ത്ഥിനിയുടെ മൊഴിപ്രകാരം രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട 11, ഇലവുംതിട്ട 17, പന്തളം 1, മലയാലപ്പുഴ 1. ഇതില്‍ പന്തളം കേസിലെ രണ്ട് പ്രതികളെ കേസെടുത്ത അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. മലയാലപ്പുഴ പോലീസ് സംഘം രണ്ടുദിവസം ചെന്നൈയില്‍ തങ്ങി, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ രഹസ്യനീക്കത്തില്‍ ഇന്നലെ പ്രതിയെ കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതികളില്‍ കൂടുതലും യുവാക്കളും ചെറിയ പ്രായത്തിലുള്ളവരുമാണ് എന്നത് കേസുകളെ വ്യത്യസ്തമാക്കുന്നു. ഒപ്പം പഠിച്ചവരും മുതിര്‍ന്ന ക്ലാസ്സുകളില്‍ ഉള്ളവരും, സാധാരണക്കാരുമാണ് അധികവും. പ്രതികളില്‍ പ്രായം കൂടിയയാള്‍ 44 കാരന്‍ മാത്രം. ഇപ്പോള്‍ 19 ഉം 20 ഉം വയസ്സുള്ളവര്‍ സംഭവം നടക്കുമ്പോള്‍ കൗമാരക്കാരായിരുന്നു എന്നത് ശ്രദ്ധേയം. അറസ്റ്റിലായവരില്‍ 5 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്, പത്തനംതിട്ട 3, ഇലവുംതിട്ട 2 എന്നിങ്ങനെ. പ്രതികളില്‍ 30 ശതമാനം പേരും ചെറുപ്രായക്കാരാണ്, 30 വയസ്സ് കഴിഞ്ഞവര്‍ രണ്ടുപേരും. 18 നും 25 നുമിടയില്‍ പ്രായമുള്ളവരാണ് അധികവും. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് പീഡനസംഭവങ്ങള്‍ തുടങ്ങുന്നതെന്നും സവിശേഷമാണ്.

ഇന്‍സ്റ്റാഗ്രാം ബന്ധമാണ് പീഡനസംഭവങ്ങളുടെ തുടക്കമായത്, ഇതിലൂടെയുള്ള സന്ദേശങ്ങള്‍ കുറ്റകൃത്യത്തിന്റെ എണ്ണം നീളാന്‍ കാരണമായി . പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചും മറ്റുചില സന്ദര്‍ഭങ്ങളിലും വിദ്യാര്‍ത്ഥിനി കൂട്ടബലാല്‍സംഗത്തിന് വിധേയയായിട്ടുണ്ട്. നഗ്‌നദൃശ്യങ്ങള്‍ കാണുകയും, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ശക്തമായ ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലത്തില്‍ അന്വേഷണം മികച്ച നിലയില്‍ മുന്നേറുമെന്നും, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പി…