പതിവുതെറ്റിയില്ല: സംസ്ഥാനത്ത് ഇക്കുറിയും വേനല്‍മഴ ഏറ്റവും കൂടുതല്‍ പത്തനംതിട്ടയില്‍: പക്ഷേ, അളവില്‍ കുറഞ്ഞത് ആശങ്ക

0 second read
Comments Off on പതിവുതെറ്റിയില്ല: സംസ്ഥാനത്ത് ഇക്കുറിയും വേനല്‍മഴ ഏറ്റവും കൂടുതല്‍ പത്തനംതിട്ടയില്‍: പക്ഷേ, അളവില്‍ കുറഞ്ഞത് ആശങ്ക
0

പത്തനംതിട്ട: പതിവു തെറ്റിയില്ല. ഇക്കുറിയും സംസ്ഥാനത്ത് ഏറ്റവുമധികം വേനല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിയാണ്. പക്ഷേ, മഴയുടെ അളവില്‍ വന്ന കുറവ് ആശങ്കയാണ്.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അളവില്‍ വ്യാപക കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍ ഇതുവരെ 189 മില്ലീമീറ്റര്‍ വേനല്‍ മഴ ലഭിച്ചു. ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 45 ശതമാനത്തോളം കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പത്തനംതിട്ടയ്ക്ക് പുറമെ സാമാന്യം മഴ ലഭിച്ച മറ്റൊരു ജില്ല കോട്ടയമാണ്. ഇവിടെ 163 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. അതേ സമയം വടക്കന്‍ കേരളത്തില്‍ 98 ശതമാനം വരെ മഴയുടെ കുറവുണ്ടായതായും കണക്കുകള്‍ പറയുന്നു. വര്‍ഷങ്ങളായി വേനല്‍ മഴയില്‍ പത്തനംതിട്ട ജില്ല തന്നെയാണ് മുന്നില്‍.

മുന്‍ വര്‍ഷങ്ങളില്‍ കനത്ത വേനല്‍ മഴയും വെള്ളപ്പൊക്കവുമൊക്കെ തുടര്‍ക്കഥയായിരുന്നെങ്കിലും ഇത്തവണ നാട് വെന്തുരുകുകയാണ്. വേനലിന്റെ രൂക്ഷതയും പത്തനംതിട്ടക്കാര്‍ അനുഭവിച്ചുവരുന്നു. ശരാശരി പകല്‍ താപനില ജില്ലയില്‍ 36-38 ഡിഗ്രിയാണ്. പകലന്തിയോളവും താപനില ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ഭൂഗര്‍ഭജലനിരപ്പും താഴുന്നുണ്ട്. ഇടവപ്പാതിയില്‍ അധിക മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ ഇനിയുളള പ്രതീക്ഷ. മഴയുടെ കുറവ് കാരണം ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഇടവിട്ട് മഴ ലഭിക്കുന്നത് വൈകുന്നേരങ്ങളിലെ ചൂടിന് നേരിയ ആശ്വാസമാണെങ്കിലും ജലക്ഷാമം ഉള്‍പ്പടെയുള്ളവയ്ക്ക് പരിഹാരമായിട്ടില്ല.

ഭൂമിയിലേക്ക് ജലം താഴ്ന്നിറങ്ങാന്‍ പാകത്തില്‍ മഴ ലഭിച്ചിട്ടുമില്ല. കാര്‍ഷിക
മേഖലയ്ക്ക് മാത്രമാണ് ഇത്തരം മഴ നേരിയ ആശ്വാസമായത്. മഴ കുറയുന്നതിന് ആനുപാതികമായി ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നത് സൂര്യാഘാതത്തിന് സാദ്ധ്യത ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതീക്ഷിക്കുന്ന മഴ കുറഞ്ഞാല്‍ വീണ്ടും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും സൂര്യാതപമേറ്റുള്ള അപകടങ്ങള്‍ക്കും സാദ്ധ്യത കൂടുതലാണ്. ശരീരത്തിലെ താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുമ്പോള്‍ തലച്ചോറ്, വൃക്ക, ഹൃദയം എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകും. ഈ അവസ്ഥയാണ് സൂര്യാഘാതം. നാല് വയസിന് താഴെയുള്ളവരും 65 വയസിന് മുകളിലുള്ളവരും, പനിയുള്ളവര്‍, ഹൃദ്യോഗമുള്ളവര്‍, മദ്യം മറ്റ് ലഹരികള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാദ്ധ്യത കൂടുതലാണ്. നിലവില്‍ ജില്ലയില്‍ പത്ത് വളര്‍ത്തുമൃഗങ്ങള്‍ ചാവുകയും നിലവധി ആളുകള്‍ക്ക് പൊളളല്‍ ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇടവപ്പാതിയില്‍ പ്രതീക്ഷിക്കുന്ന മഴ ലഭിച്ചില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…