
പത്തനംതിട്ട: നഗര സാംസ്‌കാരികേന്ദ്രമാകാന്‍ ഒരുങ്ങുന്ന ടൗണ്‍സ്‌ക്വയര്‍ 15ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നാടിനു സമര്‍പ്പിക്കും മുന്‍ എംഎല്‍എ കെ കെ നായരുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും.
സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി മെമ്മോറിയല്‍ ഗേറ്റ് സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്ര നടക്കും. ടൗണ്‍ഹാളിനു മുന്നില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയില്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും അണിനിരക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഗാനമേളയും മറ്റ് കലാപരിപാടികളും നടക്കും.
ജനങ്ങളുടെ സാംസ്‌കാരിക ഒത്തു ചേരലുകള്‍ക്ക് വേദിയാകുന്ന ടൗണ്‍ സ്‌ക്വയര്‍ മനോഹരമായ കാഴ്ചയൊരുക്കും. ഓപ്പണ്‍ സ്‌റ്റേജും ആയിരം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. പ്രത്യേക ശബ്ദ വെളിച്ച സംവിധാനം, വശങ്ങളില്‍ പാര്‍ക്ക്, ചെറു പൂന്തോട്ടം, സ്‌നാക്‌സ് ബാര്‍, ശൗചാലയങ്ങള്‍ എന്നിവ ഉള്‍പ്പെടെ നഗര ഹൃദയത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളില്‍ ഒന്നായി ടൗണ്‍ സ്‌ക്വയര്‍ മാറും. പത്തനംതിട്ട മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ പദ്ധതിക്ക് വേണ്ടി നഗരസഭ പണം നല്‍കിയാണ് സ്ഥലം ഏറ്റെടുത്തത്.
പൊതുജനങ്ങളുടെ ഒത്തുചേരലിന് നഗരത്തില്‍ ഇടം ഒരുക്കുക എന്ന ഉത്തരവാദിത്തമാണ് ഭരണസമിതി നിര്‍വ്വഹിക്കുന്നത്. സാംസ്‌കാരിക ഇടപെടലുകളിലൂടെ നഗര ചത്വരത്തെ സമ്പന്നമാക്കേണ്ടത് ജനങ്ങളാണ് എന്ന് നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി സക്കീര്‍ ഹുസൈന്‍ പറഞ്ഞു