കമ്പം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേല്‍ തമിഴ്നാടിന്റെ അവകാശം നേടിയെടുക്കുമെന്ന് സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനം ചെയ്യാത്തതില്‍ പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. തേനി, ഡിണ്ടിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകള്‍ക്ക് കുടിവെള്ളവും ജലസേചന സൗകര്യവും ലഭിക്കുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നാണ്.
അണക്കെട്ട് പൊളിച്ച് പുതിയത് പണിയണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍, തേനി, ഡിണ്ടിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ 5 മണ്ഡലങ്ങളിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റ അവകാശം ലഭിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.അന്‍വര്‍ ബാലശിങ്കം പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താനുള്ള 2014ലെ സുപ്രീം കോടതി വിധി നടപ്പാക്കണം. കുരങ്ങണി മുതല്‍ ടോപ് സ്റ്റേഷന്‍ വരെ ദേവാരം ചക്കലൂത്ത് മേടുവരെയുള്ള മലയോരപാത നിര്‍മിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കണമെന്നുമുള്‍പ്പെടെ 23 ആവശ്യങ്ങള്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കും നല്‍കിയിട്ടുണ്ടെന്നും ബാലശിങ്കം പറഞ്ഞു