
പന്തളം: പന്തളം കൊട്ടാരം കുടുബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തില്‍ അംബിക തമ്പുരാട്ടിയുടെയും കിടങ്ങൂര്‍ പാറ്റിയാല്‍ ഇല്ലത്ത് (ഓണംതുരുത്ത്) ഗോദവര്‍മ്മന്‍ നമ്പൂതിരിയുടെയും മകന്‍ മൂലം നാള്‍ ശശികുമാര വര്‍മ്മ (72) നിര്യാതനായി. സംസ്‌കാരം ബുധന്‍ വൈകിട്ട് മൂന്നിന് കൊട്ടാരവളപ്പില്‍. പന്തളം കൊട്ടാരത്തിന് അശുദ്ധി ആയതിനാല്‍ വലിയകോയിക്കല്‍ ക്ഷേത്രം 11 ദിവസം അടച്ചിടും. 24 ന് ശുദ്ധി ക്രിയകള്‍ക്ക് ശേഷം ക്ഷേത്രം തുറക്കും. പന്തളം കൊട്ടാരം നിര്‍വാഹകസംഘത്തിന്റെ ദീര്‍ഘകാലം പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു.
സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായിരുന്നു. മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. ക്ഷത്രിയ ക്ഷേമസഭ പ്രസിഡന്റ്, പന്തളം കേരളവര്‍മ്മ വായനശാലയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ വിവിധ സാഹിത്യ സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
നിലവില്‍ കേരള ക്ഷേത്രആചാര സമിതി, തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹിയാണ്. പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ മീരവര്‍മ്മയാണ് ഭാര്യ. മക്കള്‍: സംഗീത വര്‍മ്മ, അരവിന്ദ് വര്‍മ്മ( കേരളകൗമുദി), മഹേന്ദ്രവര്‍മ്മ (ബംഗളൂരു). മരുമകന്‍: നരേന്ദ്രവര്‍മ്മ (സെക്രട്ടറിയേറ്റ് ജീവനക്കാരന്‍). സഹോദരങ്ങള്‍: അംബിക തമ്പുരാട്ടി, ഇന്ദിര തമ്പുരാട്ടി, രാജലക്ഷ്മി തമ്പുരാട്ടി, എന്‍. രാഘവവര്‍മ്മ, ചന്ദ്രിക തമ്പുരാട്ടി, മംഗള ഭായി തമ്പുരാട്ടി, പരേതരായ രാമവര്‍മ്മ, കേരളവര്‍മ്മ.