ശബരിമല: പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തവണ സുരക്ഷിതമായ തീര്‍ഥാടനം ഒരുക്കാന്‍ സാധിച്ചതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഇത്തവണ പ്രതീക്ഷിച്ചതിലധികം തിരക്കുണ്ടായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അമ്മമാരും കുട്ടികളും കൂടുതലായി എത്തി. ഒരു മണിക്കൂറില്‍ എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും വളരെ കൂടുതലായിരുന്നു. തിരക്ക് വര്‍ധിക്കും എന്ന് മുന്‍കൂട്ടിക്കണ്ട് പരമാവധി സൗകര്യങ്ങള്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒരുക്കിയിരുന്നു. എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാണ് തീര്‍ഥാടനം സുഗമമാക്കിയത്. ഇതിനിടെ ദുഷ്പ്രചാരണങ്ങള്‍ പരത്താനുള്ള ശ്രമമുണ്ടായി. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടു. പുറത്ത് നിന്ന് കേട്ട വാര്‍ത്തകള്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടതായി മലയിറങ്ങിയ ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ സാക്ഷ്യപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഭക്തിയോടെ മലകയറുന്നവരുടെ മനസ്സ് ശുദ്ധമായിരിക്കണം. മാനവ സൗഹൃദത്തിന്റെ വേദിയാണ് ശബരിമലയെന്നും മനുഷ്യര്‍ ഒന്നാണെന്ന സന്ദേശമാണ് ഇവിടം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹരിവരാസനം പുരസ്‌കാരം പി.കെ. വീരമണിദാസന് സമ്മാനിച്ചു
ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പി.കെ. വീരമണിദാസന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനിച്ചു. പതിറ്റാണ്ടുകളായി ഭക്തിഗാന രംഗത്തും അയ്യപ്പഭക്തിഗാന മേഖലയിലും നല്‍കിവരുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത്. തമിഴ്, തെലുങ്ക്, കന്നട, സംസ്‌കൃതം എന്നീ ഭാഷകളിലായി ഏകദേശം 6,000 ഭക്തി ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. കല്ലും മുള്ളും കാലുക്ക് മെത്തൈ, മണികണ്ഠ സ്വാമി, ശബരിമല ജ്യോതിമല തുടങ്ങിയ ആല്‍ബങ്ങളും ഗാനങ്ങളും അതില്‍ എടുത്തു പറയേണ്ടവയാണ്.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ഹരിവരാസനം അവാര്‍ഡ്. ദേവസ്വം സ്‌പെഷല്‍ സെക്രട്ടറി എം.ജി രാജമാണിക്യം, ദേവസ്വം കമ്മിഷണര്‍ സി.എന്‍ രാമന്‍, റിട്ട. പ്രഫസര്‍ പാല്‍ക്കുളങ്ങര കെ. അംബികാദേവി എന്നിവരടങ്ങുന്ന പാനലാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ കുര്യാക്കോസ് മണിയാട്ടുകുടി ഒരുക്കിയ അയ്യന്‍ വാഴും പൂമല എന്ന ഭക്തിഗാന ആല്‍ബം മന്ത്രി പുറത്തിറക്കി. പ്രമോദ് നാരായണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ.യു ജനീഷ് കുമാര്‍, തോട്ടത്തില്‍ രവീന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, ജില്ലാ കലക്ടര്‍ എ. ഷിബു, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ജി. സുന്ദരേശന്‍, അഡ്വ. എ. അജികുമാര്‍, ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ എം.മനോജ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി. ബൈജു, ദേവസ്വം കമ്മിഷണര്‍ സി.എന്‍ രാമന്‍, തിരുവാഭരണം കമ്മിഷണര്‍ സി. സുനില, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എല്ലാം അയ്യപ്പന്റെ നിയോഗമെന്ന് പി.കെ. വീരമണിദാസന്‍
എല്ലാം അയ്യപ്പ ഭഗവാന്റെ നിയോഗമാണെന്ന് ഹരിവരാസന പുരസ്‌കാര ജേതാവ് പി.കെ. വീരമണിദാസന്‍ പറഞ്ഞു. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനില്‍ നിന്ന് പുരസ്‌കാരമേറ്റു വാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡ് ആണിത്. ഏറെ സന്തോഷവും അഭിമാനവും ആണ് ഈ നിമിഷമുള്ളത്.
സംഗീതം ഒരു കൂട്ടായ സൃഷ്ടിയാണ്. ഗാനരചയിതാവും സംഗീതസംവിധായകനും ഓര്‍ക്കസ്ട്രയും ഗായകരും ഒത്തുചേരുമ്പോഴാണ് മികച്ച സംഗീത സൃഷ്ടികള്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. പരശുരാമ ഭൂമിയിതില്‍ ജനനം എന്ന അയ്യപ്പഭക്തിഗാനം ആലപിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്.