
കോന്നി: മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും നന്ദി നേരുന്നു. ഹൃദയത്തില്‍ കാരുണ്യം നിറച്ച കുഞ്ഞുങ്ങളേ നിങ്ങള്‍ നേട്ടങ്ങളുടെ ഉന്നതിയിലെത്തട്ടെ. ഞങ്ങള്‍ കേരളത്തെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ക്കൊരുക്കിയ സംരക്ഷണത്തിന് നന്ദി. റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോര്‍ഡില്‍ ചോക്ക് കൊണ്ട് ഇങ്ങനെ എഴുതിയത് ഗോപാല്‍ ആയിരുന്നു. ശബരിമല തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ സംഘത്തിലെ ആര്‍ട്ടിസ്റ്റ്. വാഹനം കേടായി വഴിയില്‍ കുടുങ്ങിയ തെലങ്കാനയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഒരു രാവും പകലും വിശ്രമിക്കാന്‍ സ്‌കൂളിലെ ക്ലാസ് മുറി തുറന്നു കൊടുത്തതിന് കുറിച്ച നന്ദി വാക്കുകളായിരുന്നു ഇത്.
ചൊവ്വാഴ്ച രാത്രിയാണ് തെലങ്കാനയിലെ ഗുഡല്ലൂര്‍ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 35 അംഗ തീര്‍ത്ഥാടക സംഘം ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലായി വാഹനം തകരാറിലായത്. ഇവര്‍ റോഡിന്റെ വശത്ത് വിഷമിച്ചു നിന്നു. ചിലര്‍ അവിടെ ഇരുന്നു. മറ്റു ചിലര്‍ കിടന്നു. ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ മാനേജ്‌മെന്റ് അംഗം എസ്.സന്തോഷ് കുമാര്‍ ഇവരോട് വിവരം തിരക്കി. വാഹനം ശരിയാക്കാന്‍ ഒരു ദിവസം വേണ്ടിവരുമെന്ന് അവര്‍ പറഞ്ഞു.തുടര്‍ന്ന് സന്തോഷ് കുമാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ വിവരം ധരിപ്പിച്ചു. രണ്ട് ക്ലാസ് റൂമുകള്‍ ഇവര്‍ക്ക് വിശ്രമിക്കാന്‍ വിട്ടുകൊടുത്തു. ഒരു പകലും രാത്രിയും ഇവിടെ ചെലവിട്ട തീര്‍ഥാടക സംഘം വാഹനം ശരിയാക്കി കിട്ടിയതോടെ മടങ്ങി. ഇവര്‍ കഴിഞ്ഞിരുന്ന ക്ലാസ് റൂമിലെ ബ്ലാക്ക് ബോര്‍ഡില്‍ കേരളത്തെ സ്‌നേഹിക്കുന്നുവെന്നും, അഭയം തന്നതിന് നന്ദിയും രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്.
പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും ഭക്ഷണം പാകം ചെയ്തു കഴിക്കാനും കുളിക്കാനും ഉറങ്ങാനുമെല്ലാം ഇവിടെ സൗകര്യമൊരുക്കിക്കൊടുത്തു. മലയാളികളുടെ സ്‌നേഹം തൊട്ടറിഞ്ഞ തീര്‍ത്ഥാടകര്‍ സ്‌കൂള്‍ കുട്ടികള്‍ക്കും ഈ സന്ദേശം പകര്‍ന്നു നല്‍കാന്‍ ബ്ലാക്ക് ബോര്‍ഡില്‍ ഇംഗ്ലീഷില്‍ തങ്ങളുടെ സ്‌നേഹ സന്ദേശം രേഖപ്പെടുത്തിയത്. റോഡ് വശത്ത് സ്ത്രീകളും, കുട്ടികളുമടക്കം വരുന്നവര്‍ രാത്രി കഴിച്ചുകൂട്ടുന്ന ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും മനസിലാക്കിയാണ് ഇവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കിയതെന്ന് എസ്.സന്തോഷ് കുമാര്‍ പറഞ്ഞു.