കോന്നിയില്‍ നവകേരള യോഗത്തിനിടെ സദസില്‍ നിന്ന് കൊഴിഞ്ഞു പോക്ക്: സംഘാടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പിണറായി: ജനീഷ്‌കുമാറിനോട് ക്ഷുഭിതനായെന്നും സൂചന

0 second read
Comments Off on കോന്നിയില്‍ നവകേരള യോഗത്തിനിടെ സദസില്‍ നിന്ന് കൊഴിഞ്ഞു പോക്ക്: സംഘാടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പിണറായി: ജനീഷ്‌കുമാറിനോട് ക്ഷുഭിതനായെന്നും സൂചന
0

കോന്നി: മണ്ഡലത്തിലെ  നവകേരള സദസ് സംഘാടനത്തിലെ വീഴ്ചയ്‌ക്കെതിരേ കെയു ജനീഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരേ പിണറായി വിജയന്‍ പൊട്ടിത്തെറിച്ചുവെന്ന് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി മൈതാനിയില്‍ നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയതിന് പിന്നാലെ സദസില്‍ നിന്നുള്ളവര്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോകാന്‍ തുടങ്ങി.  സദസ് വേഗം കാലിയാകുന്നത് കണ്ട് ക്ഷുഭിതനായ പിണറായി അഞ്ചു മിനുട്ടില്‍ താഴെ പ്രസംഗം അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു. ഇതിനിടെയാണ് സ്ഥലം എംഎല്‍എ ജനീഷ്‌കുമാറിനെതിരേ അദ്ദേഹം പൊട്ടിത്തെറിച്ചത്. സംഘാടനത്തിലെ പിഴവുകളോടുള്ള അതൃപ്തിയാണ് പിണറായി പ്രകടിപ്പിച്ചത്.

അതേസമയം, കോന്നിയില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയാണ് ആളു കുറയാന്‍ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനീഷ്‌കുമാര്‍ പാര്‍ട്ടി സംവിധാനങ്ങളെ വെല്ലുവിളിച്ചാണ് ജനീഷ് കുമാര്‍ ഏറെ നാളായി കോന്നിയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്. സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ക്ക് ജനീഷിന്റെ നടപടികളില്‍ അമര്‍ഷമുണ്ട്. പക്ഷേ, മുഹമ്മദ് റിയാസിന്റെ അടുപ്പക്കാരന്‍ എന്ന നിലയില്‍ ജനീഷ് ഇവരെയെല്ലാം വെല്ലുവിളിച്ച് മുന്നോട്ടു പോവുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് സംഘടിപ്പിച്ച കരിയാട്ടം ജനീഷ് ഷോ മാത്രമായി ചുരുങ്ങി. സിപിഎം ഏരിയാ സെക്രട്ടറിയെ അടക്കം പരിപാടിയില്‍ നിന്നൊഴിച്ചു നിര്‍ത്തി. ജില്ലാ സെക്രട്ടറിക്കും കൂട്ടര്‍ക്കും വേണ്ട പ്രാധാന്യം കൊടുത്തില്ല. ഇതിന് പകരം ഇഎംഎസ് പാലിയേറ്റീവ് കെയറിന്റെ പരിപാടി കോന്നിയില്‍ തന്നെ സംഘടിപ്പിക്കുയാണ് സിപിഎം ജില്ലാ നേതൃത്വം ചെയ്തത്. ജനീഷിനെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുമില്ല. പരിപാടി നടക്കുന്ന ദിവസം എംഎല്‍എ വിദേശത്തായിരുന്നു.

പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയാണ് ജനീഷിന് ഇപ്പോള്‍ വിനയായത്. പിണറായിയുടെ അപ്രീതിക്ക് പാത്രമായത് എംഎല്‍എയ്ക്ക് തിരിച്ചടിയാകും. എന്നാല്‍, കോന്നിയില്‍ മന്ത്രി മുഹമ്മദ് റിയാസ് ഗവര്‍ണര്‍ക്കെതിരേ തീപ്പൊരി പ്രസംഗം നടത്തി ശ്രദ്ധ നേടിയിരുന്നു. ഷട്ട് യുവര്‍ ബ്ലഡി മൗത്ത് മിസ്റ്റര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് പറയാന്‍ അറിയാഞ്ഞിട്ടല്ലെന്നും പദവിയെ മാനിക്കുന്നുവെന്നുമാണ് റിയാസ് പ്രസംഗിച്ചത്. പിണറായിക്ക് അനഭിമതനായ ജനീഷിനെ റിയാസ് രക്ഷിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…