പത്തനംതിട്ട : നഗരവാസികള്‍ ഒന്നാകെ ഏറ്റെടുത്ത നഗര സൗന്ദര്യവല്‍ക്കരണത്തിന് ഭീഷണി ഉയര്‍ത്തി സാമൂഹ്യവിരുദ്ധര്‍. ശനിയാഴ്ച വെളുപ്പിന് പത്തനംതിട്ട സഹകരണ ബാങ്കിന് സമീപത്തു നിന്നാണ് രണ്ട് ചെടിച്ചട്ടികള്‍ മോഷ്ടിക്കപ്പെട്ടത്. ചില ഭാഗങ്ങളില്‍ ചെടികള്‍ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നതായും കണ്ടെത്തി. വ്യാപാരികളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പത്തനംതിട്ട നഗരസഭ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ജനറല്‍ ആശുപത്രി മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരെ പാതയോരത്തെ കൈവരികളില്‍ ചെടികള്‍ വെച്ച് മനോഹരമാക്കിയ നഗരസഭയുടെ പ്രവര്‍ത്തനം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചെടികളുടെ പരിപാലനം കൃത്യമായി വ്യാപാരികള്‍ നടത്തി വരുന്നതിനിടയിലാണ് മോഷണം നടന്നിട്ടുള്ളത്. ചെടികള്‍ നഷ്ടപ്പെട്ട വിവരം പൊതുജനങ്ങളാണ് നഗരസഭ കാര്യാലയത്തില്‍ അറിയിച്ചത്. തുടര്‍ന്ന് നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.
മോഷണത്തിനായി പ്രതികള്‍ ഉപയോഗിച്ച വാഹനവും മറ്റ് വിവരങ്ങളും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മോഷണം പോയ ചെടികള്‍ ഇരുന്ന കൈവരികളില്‍ വീണ്ടും നഗരസഭ ചെടിച്ചട്ടികള്‍ സ്ഥാപിച്ചു. പൊതുജനങ്ങള്‍ കാവല്‍ക്കാരായി മാറിയത് കൊണ്ടാണ് ഇത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞതെന്നും കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്നും നഗരസഭാ അധ്യക്ഷന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.