കോന്നി: പതിമൂന്നുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പതിനെട്ടുകാരനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.
തണ്ണിത്തോട് തേക്കുതോട് മേലേ പറക്കുളം ഓലിക്കല്‍ വീട്ടില്‍ അഖിലാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ പത്തിന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. അമ്മൂമ്മയുടെ പരാതിയില്‍ പോലീസ് തിരോധാന കേസ് രജിസ്റ്റര്‍ ചെയ്തു.
ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പെണ്‍കുട്ടിയുടെ ഫോണ്‍വിളികളുടെ വിശദാംശം തേടി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ തന്നെ സ്‌കൂളില്‍ പ്ലസ്ടുവിന് പഠിക്കുന്ന അഖിലിനൊപ്പമുണ്ടെന്ന് അറിഞ്ഞത്. വൈകിട്ട് തിരിച്ചു വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയ അഖില്‍ അവിടെവച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ വീട്ടിലെത്തുന്നതു വരെ പെണ്‍കുട്ടിയുടെ ഫോണില്‍ വിളിച്ചു കൊണ്ടിരുന്നു.
ആറുമാസമായി ഇരുവരും അടുപ്പത്തിലാണെന്നും എല്ലാ ദിവസവും വിളിക്കാറുണ്ടെന്നും പെണ്‍കുട്ടി പോലീസിന് വീട്ടില്‍ വച്ച് നല്‍കിയ മൊഴിയില്‍ പറയുന്നു. വീട്ടിലെത്തിയ ഉടനെ മുറിക്കുള്ളില്‍ പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. തിരോധനത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് ബലാല്‍സംഗം, പോക്‌സോ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം തുടരുകയായിരുന്നു. ഇരുവരുടെയും വൈദ്യപരിശോധന നടത്തുകയും കോടതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പ്രതിയെ ഇയാളുടെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ രാകേഷ്, എ എസ് ഐമാരായ ദിലീപ്ഖാന്‍, സണ്ണി എസ് സി പി ഓമാരായ അഷ്‌റഫ്, ലിജോ, ഷബീര്‍, സി പി ഓ ചിഞ്ചു ബോസ്സ് എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.