
കോഴഞ്ചേരി: ലഹരിവസ്തുക്കള്‍ക്കെതിരായ പോലീസ് നടപടി ജില്ലയില്‍ തുടരുന്നതിനിടെ രണ്ടു കിലോയിലധികം കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. പത്തനംതിട്ട ആനപ്പാറ മണ്ണില്‍ ചുങ്കക്കാരന്‍ വീട്ടില്‍ അര്‍ഷാദ് ഖാന്‍ ( 28), സുഹൃത്ത് ആനപ്പാറ,ചുങ്കക്കാരന്‍ വീട്ടില്‍ റഫീഖ് ( 31) എന്നിവരാണ് പിടിയിലായത്.
ഡാന്‍സാഫ് സംഘവും ആറന്മുള, കോയിപ്രം സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്ന് രാത്രി 9.15 ഓടെ സ്‌കൂട്ടറില്‍ യാത്രചെയ്തുവന്ന ഇവരെ കോഴഞ്ചേരി പാലത്തില്‍ വച്ച് തടഞ്ഞു പിടികൂടുകയായിരുന്നു. രണ്ട് കിലോയിലധികം കഞ്ചാവും ,40000 രൂപയും പ്രതികളില്‍ നിന്നും കണ്ടെടുത്തു. സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ സ്ഥലത്ത് പാക്കറ്റിലായി സൂക്ഷിച്ചനിലയിലായിരുന്നു 2.120 കിലോ കഞ്ചാവ്. പ്ലാസ്റ്റിക് ചുറ്റിക്കെട്ടി ബ്രൗണ്‍ നിറത്തിലുള്ള സെല്ലോ ഫൈന്‍ ടേപ്പ് കെട്ടിയ നിലയിലാണ് സൂക്ഷിച്ചുവച്ചിരുന്നത്.
തിരുവല്ല കുമ്പഴ റോഡേ സ്‌കൂട്ടറില്‍ സഞ്ചരിച്ച് വന്ന ഇരുവരെയും പിന്നീട് കോയിപ്രം പോലീസിന് കൈമാറി. കോയിപ്രം പോലീസ് തുടര്‍ നടപടി കൈകൊണ്ടു. ഒന്നാം പ്രതിക്ക് ആറന്മുള സ്‌റ്റേഷനില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത എന്‍ ഡി പി എസ് കേസ് നിലവിലുണ്ട്. ഒന്നാം പ്രതി റഫീഖ് വിദേശത്ത് ജോലിയിലായിരുന്നു. അവധിക്ക് നാട്ടിലെത്തിയതാണ്. കഞ്ചാവ് ശേഖരിച്ച് കടത്തിക്കൊണ്ടുവന്ന് വില്പനയ്ക്ക് വേണ്ടി സൂക്ഷിച്ചതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. അര്‍ഷാദ് ഖാന്‍ആണ് സ്‌കൂട്ടര്‍ ഓടിച്ചത്, ഇയാളുടെ ജീന്‍സിന്റെ പോക്കെറ്റില്‍ നിന്നാണ് പണം കണ്ടെത്തിയത്. ഇരുവരുടെയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
പോലീസ് സംഘത്തില്‍ കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. സുരേഷ് കുമാര്‍, എസ് ഐ ഗോപകുമാര്‍, ഗ്രേഡ് എസ് ഐമാരായ ഷൈജു, ബിജു, അജി, എ എസ് ഐ, ഷിബുരാജ്, എസ് സി പി ഓമാരായ വിപിന്‍രാജ്, ഉദയന്‍, സുരേഷ്, സി പി ഓമാരായ അഖില്‍ ബാബു, അനന്തു സാബു, അഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.