
അടൂര്‍: സംസ്ഥാന വ്യാപകമായുള്ള വിദ്യാഭ്യാസബന്ദ് ആചരിച്ച കെഎസ് യുക്കാര്‍ക്ക് നേരെ അടൂരില്‍ പൊലീസിന്റെ ലാത്തിച്ചാര്‍ജ്. പ്രതിഷേധവുമായി പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയപ്പോഴാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. നാലു പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെഎസ് യു ആഹ്വാനം ചെയ്തിരുന്നു.
രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരം നടത്തിയ ശേഷം പ്രവര്‍ത്തകര്‍ അടൂര്‍ ഡിവൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്തപ്പോഴാണ് ലാത്തിച്ചാര്‍ജ് നടന്നത്. പ്രതിഷേധക്കാരെ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി.
തുടര്‍ന്ന് പൊലീസ് സ്‌റ്റേഷന് മുന്നില്‍ ഇത് സിപിഎം പൊലീസ് സ്‌റ്റേഷന്‍ എന്ന പോസ്റ്റര്‍ പതിച്ച പ്രവര്‍ത്തകരെ പൊലീസ് തല്ലിയോടിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജില്‍ കെഎസ്‌യു സംസ്ഥാന നേതാവ് ഫെന്നി നൈനാന്‍ , ബിനില്‍ ബിനു ദാനിയേല്‍, വൈഷ്ണവ് രാജീവ്, ലിനറ്റ് മെറിന്‍ ഏബ്രഹാം എന്നിവര്‍ക്ക് പരുക്കേറ്റു. പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിനും പരുക്കുണ്ട്.
ലാത്തിച്ചാര്‍ജ് രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. പോലീസ് സ്‌റ്റേഷന് മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ സിപിഎം പോലീസ് സ്‌റ്റേഷന്‍ എന്ന പോസ്റ്ററും പതിച്ചു. പരിക്കേറ്റ കെ എസ്‌യു പ്രവര്‍ത്തകരെ ആന്റോ ആന്റണി എംപി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ മാങ്കുട്ടത്തില്‍, തോപ്പില്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് നടന്ന ലാത്തിച്ചാര്‍ജിലും അടുരില്‍ നടന്ന ലാത്തിചാര്‍ജിലും പുരുഷന്മാരായ പൊലീസുകാരാണ് പെണ്‍കുട്ടികളെ അടക്കം മര്‍ദിച്ചതെന്ന് ആന്റോ ആന്റണി എം പി ആരോപിച്ചു.
നിലവില്‍ പോലീസുകാര്‍ ദുശാസനന്‍മാരെപ്പോലെ പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ച് കീറുകയും ഉപദ്രവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്നറിയിപ്പില്ലാതെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതെന്നും സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയത് തടയാന്‍ ശ്രമിച്ചതാണ്. ലാത്തിച്ചാര്‍ജിന് ഇടയാക്കിയതെന്നും അടൂര്‍ ഡിവെഎസ്പി ആര്‍. ജയരാജ് പറഞ്ഞു.
കേരളത്തിൽ പോലീസ് നരനായാട്ട് കെ. എസ്. യു
പത്തനംതിട്ട : സമാധാനപരമായി സമരം ചെയ്ത കെ.എസ്. യു പ്രവർത്തകരെ ഗുരുതരമായി മർദ്ദിച്ച് കേരളത്തിൽ പോലീസ് നരനായാട്ട് നടത്തുകയാണെന്ന് കെ. എസ്. യു ആരോപിച്ചു.
ഭരണത്തിന്റെ മറവിൽ ജില്ലയിലും പോലീസ് അഴിഞ്ഞാടുകയാണ്,അടൂരിൽ സമാധാനപരമായി സമരം നടത്തിയ വനിതകൾ ഉൾപ്പെടയുളള കെ. എസ്. യു പ്രവർത്തകരെ അതിക്രൂരമായി പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ റോഡിലെ ബാരിക്കേടുകൾ പ്രവർത്തകർ മറിച്ചിട്ടു. തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്ത് കെഎസ്‌യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ പൂർണമായിരുന്നെന്ന് കെ എസ് യു നേതാക്കൾ പറഞ്ഞു. കെഎസ്‌യു മുൻ ജില്ലാ പ്രസിഡണ്ട് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അലൻ ജിയോ മൈക്കിൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ, കെഎസ്‌യു ഭാരവാഹികളായ തദാഗത് ബി കെ, സ്റ്റൈൻസ് ജോസ്, ജോൺ കിഴക്കേതിൽ, റോഷൻ റോയി, മെബിൻ നിരവേൽ, അസ്‌ലം കെ അനൂപ്, ചിത്ര രാമചന്ദ്രൻ, ദൃശ്യപ്, സെബിൻ ഓമല്ലൂർ,ജോയൽ ടി വിജു, ജോഷ്വാ കുളനട, ടെറിൻ പി ജോർജ്, അഖിൽ സന്തോഷ്, ടിജോ ഇലന്തൂർ, ഫെബിൻ ജെയിംസ്, ആകാശ് ഈ ആർ, നിതിൻ മല്ലശ്ശേരി,അഖിൽ തുടങ്ങിയരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.