പന്തളം: എം.സി റോഡില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു. എ.ആര് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്. മുട്ടാര്‍ തേവാലപ്പടിയില്‍ വ്യാപാരം നടത്തുന്ന മങ്ങാരം തേവാലയില്‍ പരേതനായ സുലൈമാന്‍ റാവുത്തരുടെ മകന് ടി.എസ്. അഷ്റഫ്(55) ആണ് മരിച്ചത്.
എം.സി റോഡില്‍ കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപം ബുധനാഴ്ച രാവിലെ 7.30 ആയിരുന്നു അപകടം. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തൃപ്പൂണിത്തറ ഒന്നാം നമ്പര്‍ എ.ആര് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് വിനോദ് കുമാര്‍, ഡ്രൈവര്‍ അര്ജുന്, കാറിനു പിന്നില്‍ സ്കൂട്ടറില്‍ വരികയായിരുന്ന പരുമല ആശുപത്രിയിലെ നഴ്സ് പറന്തല്‍ പൊങ്ങലടി മലമുറ്റത്ത് ഡോളി തോമസ് 39)എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും നഴ്സിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് വാഹനം അമിത വേഗതയില്‍ ആണെന്ന് പറയപ്പെടുന്നു. അഷറഫിന്റെ ഭാര്യ: റജീന. മക്കള്‍: നൂറ, ഷമീറ. മരുമകന്: അജ്മല്‍.