തിരുവല്ല: മദ്യപിച്ച് ലക്കുകെട്ട് പോലീസ് സ്‌റ്റേഷനിലും വൈദ്യ പരിശോധനയ്ക്ക് കൊണ്ടു ചെന്നപ്പോള്‍ താലൂക്കാശുപത്രിയിലും ബഹളവും അസഭ്യ വര്‍ഷവും നടത്തിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ഒടുവില്‍ സസ്‌പെന്‍ഷന്‍. മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടതോടെ ഗത്യന്തരമില്ലാതെ നടപടി എടുക്കുകയായിരുന്നു. തിരുവല്ല സ്‌റ്റേഷനില്‍ ജി.ഡി. ചുമതലയുള്ള രാജ്കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ എസ്.എച്ച്.ഓ കേസ് എടുത്തതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ 14 ന് രാത്രിയിലാണ് സംഭവം. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും അസ്വാഭാവികമായ രീതിയില്‍ പെരുമാറുകയും ബഹളം വെക്കുകയും ചെയ്യുകയായിരുന്നു.
സംഭവം ഉന്നത തലത്തിലേക്ക് പരാതിപ്പെടേണ്ട എന്ന് മറ്റു പോലീസുകാര്‍ കരുതിയെങ്കിലും പിന്നീട് സ്ഥിതി രൂക്ഷമായതോടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. മദ്യപിച്ചുവെന്ന് തെളിയിക്കാനുള്ള വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും രാജ്കുമാര്‍ ബഹളം തുടര്‍ന്നു. ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി അംഗമായതിനാല്‍ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ എസ്.പി നടപടിയെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.