റാന്നി: പോക്‌സോ കേസ് പ്രതിയെ തെരഞ്ഞു പോയി വണ്ടിപ്പെരിയാര്‍ ഗ്രാമ്പി വനമേഖലയില്‍ ഉള്‍വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം തിരികെ ഇറങ്ങിയത് ഞായര്‍ പുലര്‍ച്ചെ ഒന്നരയോടെ. ശനിയാഴ്ച രാവിലെ ഒമ്പതിന് അന്വേഷണത്തിനിറങ്ങിയ സംഘം ഭക്ഷണവും വെള്ളവും കിട്ടാതെ കാടിനുളളില്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ ഫയര്‍ഫോഴ്‌സും പോലീസുമെത്തി ഭക്ഷണവും വെള്ളവും പ്രഥമശുശ്രൂഷയും നല്‍കി ഇവരെ തിരികെയെത്തിച്ചു.
പമ്പ പോലീസ് 2020 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയെ തെരഞ്ഞാണ് പോയതെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാര്‍ പറഞ്ഞു. പമ്പ ഇന്‍സ്‌പെക്ടര്‍ മഹേഷ് അടക്കം ഒമ്പതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. അട്ടത്തോട്ടിലുള്ള പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപ്പെണ്‍കുട്ടിയാണ് ഇര. കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് മൃതപ്രായയാക്കിയെന്നാണ് കേസ്. പ്രതിയായ ആദിവാസി യുവാവ് വണ്ടിപ്പെരിയാര്‍ സത്രം സ്വദേശിയാണ്. കുറ്റകൃത്യത്തിന് ശേഷം കാടു കയറിയ ഇയാളെ കണ്ടെത്തുക പമ്പ പോലീസിന് അസാധ്യമായിരുന്നു. പല തവണ ഇതിനായി ശ്രമിച്ചു. ഒരു തവണ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായം തേടി. പ്രതിയുടെ സഹോദരി വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചറാണ്. ഇവര്‍ വിവരം ചോര്‍ത്തി നല്‍കിയതിനാല്‍ ആ ദൗത്യം പരാജയപ്പെട്ടു.
പോക്‌സോ കേസ് പ്രതിയെ നാളിതു വരെ അറസ്റ്റ് ചെയ്യാത്തത് മേലധികാരികള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായിരുന്നു. എങ്ങനെയും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സമ്മര്‍ദമുണ്ടായിരുന്നു. മൂന്നു വര്‍ഷമായിട്ടും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞില്ല എന്നത് നാണക്കേടുണ്ടാക്കുന്ന അവസ്ഥ വന്നപ്പോള്‍ താന്‍ നേരിട്ട് രംഗത്ത് ഇറങ്ങുകയായിരുന്നുവെന്ന് ഡിവൈ.എസ്.പി സന്തോഷ്‌കുമാര്‍ പറഞ്ഞു. അങ്ങനെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സത്രത്തിലുള്ള പ്രതിയുടെ വീട്ടിലെത്തുന്നത്.
രാവിലെ ഒമ്പതു മണിക്കാണ് പോലീസ് സംഘം പ്രതിയുടെ വീട്ടിലെത്തുന്നത്. അവിടെ ചെല്ലുമ്പോള്‍ പ്രതിയുടെ രണ്ട് അനുജന്മാര്‍ ഇവിടെയുണ്ടായിരുന്നു. അതില്‍ ഒരാള്‍ പോലീസിനെ കണ്ട് ഇറങ്ങിയോടി. ശേഷിച്ചയാളെയും കൂട്ടി പത്തരയോടെയാണ് പ്രതിയെ തേടി ഗ്രാമ്പി വനമേഖലയില്‍ കടന്നത്. ഇവിടെ ഷെഡ് കെട്ടിയാണ് പ്രതി താമസം. കാടിന് പുറത്തിറങ്ങുന്നത് ചുരുക്കമാണ്. 12 കിലോമീറ്റര്‍ കൊടുംവനത്തിലൂടെ താണ്ടി. ഏതാനും കുപ്പിവെള്ളം മാത്രമാണ് കൈവശം ഉള്ളത്. രാവിലെ മാത്രമാണ് ഭക്ഷണം കഴിച്ചിരിക്കുന്നത്.
വൈകിട്ട് മൂന്നു മണിയോടെയാണ് പ്രതി താമസിക്കുന്ന ഷെഡില്‍ എത്തിയത്. ഇവിടെ ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ആദ്യം വീട്ടില്‍ ചെന്നപ്പോള്‍ ഇറങ്ങിയോടിയ സഹോദരന്‍ ഇവിടെ എത്തി പ്രതിക്ക് വിവരം കൈമാറിയെന്നാണ് സംശയം. മൊബൈല്‍ ഫോണിനും മറ്റ് റേഞ്ച് ഇല്ലാത്ത സ്ഥലമാണ്. പ്രതിയെ കിട്ടാത്തതിനാല്‍ തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു. ആറു മണിക്കൂറോളം തിരികെ നടക്കണം. നേരം ഇരുട്ടുകയും ചെയ്യും. വഴികാട്ടാന്‍ വന്ന പ്രതിയുടെ സഹോദരന്‍ ഒരു കുറുക്കു വഴിയുണ്ടെന്ന് പറഞ്ഞു. അത് കുത്തനെയുള്ള കയറ്റമാണ്.
കയറ്റം കയറാന്‍ തുടങ്ങുമ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന ഒരു പോലീസുകാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഒട്ടും നടക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു അയാള്‍. ഇതിനോടകം കൈയില്‍ കരുതിയിരുന്ന വെള്ളവും തീര്‍ന്നു. കൊടുംവനത്തിലൂടെയുള്ള 12 കിലോമീറ്റര്‍ നടത്തം കാരണം എല്ലാവരും തളര്‍ന്നു. ഇതു കാരണം വയ്യാതായ പോലീസുകാരനെയുമെടുത്ത് ദുര്‍ഘടം പിടിച്ച പാത താണ്ടാന്‍ കഴിയുമായിരുന്നില്ല. പോലീസുകാരനെ ഒരു പാറയിടുക്കിലേക്ക് മാറ്റി സുരക്ഷിതമാക്കി കിടത്തി. രണ്ടു പേരെ കാവലുമിട്ടു. കയറ്റം കയറി ഒരു കുന്നില്‍ മുകളില്‍ ചെന്നപ്പോള്‍ റേഞ്ച് കിട്ടി. വിവരം പോലീസില്‍ അറിയിച്ചു. അതിന് ശേഷം അവിടെ കാത്തിരുന്നു. രാത്രി എട്ടരയോടെ പോലീസും ഫയര്‍ഫോഴ്‌സുമടങ്ങുന്ന സംഘം വന്നു. അവര്‍ ഭക്ഷണവും വെള്ളവും മരുന്നുകളും കരുതിയിട്ടുണ്ടായിരുന്നു. അതെല്ലാം കഴിച്ചു. പ്രഥമശുശ്രൂഷയും നല്‍കി. തുടര്‍ന്ന് ഒമ്പതു മണിയോടെ വനത്തില്‍ നിന്ന് മടങ്ങി. നാട്ടില്‍ എത്തുമ്പോള്‍ പുലര്‍ച്ചെ ഒന്നരയായി. താന്‍ കൂടിയുണ്ടായിരുന്നതു കൊണ്ടാണ് പോലീസ് സംഘം വനത്തിലേക്ക് കയറാന്‍ തയാറായത്. എങ്ങനെയും പ്രതിയെ പിടിക്കണമെന്ന വാശിയിലാണ് മറ്റൊന്നും ചിന്തിക്കാതെ വനത്തില്‍ കയറിയതെന്നും സന്തോഷ്‌കുമാര്‍ പറഞ്ഞു.
പ്രതി എങ്ങോട്ട് കടന്നുവെന്നതിനെ കുറിച്ച് സൂചനയില്ല. ഇനി വനപാലക
സംഘത്തിന്റെ സഹായത്തോടെ തെരയാനാണ് നീക്കം. വനത്തിനുള്ളില്‍ വച്ച് പ്രതിയെ വനപാലകസംഘം പലവട്ടം കണ്ടിട്ടുണ്ട്. ഇയാളെ കണ്ടിട്ടുള്ള ഭാഗങ്ങളില്‍ അന്വേഷണം നടത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.