നെടുമ്പറമ്പില്‍ രാജുവിനും കുടുംബത്തിനും പോലീസ് സറ്റേഷനുകളില്‍ സുഖവാസം: എല്ലാ സ്‌റ്റേഷനുകളിലേക്കും കസ്റ്റഡിയില്‍ വാങ്ങുന്നു: രാഷ്ട്രീയ ഇടപെടലെന്ന് നിക്ഷേപകര്‍

0 second read
Comments Off on നെടുമ്പറമ്പില്‍ രാജുവിനും കുടുംബത്തിനും പോലീസ് സറ്റേഷനുകളില്‍ സുഖവാസം: എല്ലാ സ്‌റ്റേഷനുകളിലേക്കും കസ്റ്റഡിയില്‍ വാങ്ങുന്നു: രാഷ്ട്രീയ ഇടപെടലെന്ന് നിക്ഷേപകര്‍
0

പത്തനംതിട്ട: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം. രാജുവിനും കുടുംബത്തിനും പോലീസ് സ്‌റ്റേഷനുകളില്‍ സുഖവാസം. അറസ്റ്റിലായി റിമാന്‍ഡ് ചെയ്ത് രണ്ടു മാസമാകുന്നെങ്കിലും ഏറിയ കൂറും ഇവര്‍ പോലീസ് കസ്റ്റഡിയില്‍ തന്നെ ആയിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കേസുകളില്‍ ഏറിയ പങ്കും കൈമാറിയിട്ടുണ്ട്. ശേഷിച്ചതും കൈമാറും. അതിനിടെയാണ് ലോക്കല്‍ പോലീസ് രണ്ടു ദിവസം മുതല്‍ ഒരാഴ്ച വരെ ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നത്. തെളിവെടുപ്പിന് എങ്ങും കൊണ്ടു പോകുന്നില്ല. പോലീസ് സ്‌റ്റേഷനില്‍ കൊണ്ടിരുത്തും. കാണേണ്ടവരെ കാണാനും ഇഷ്ടഭക്ഷണം കഴിക്കാനും ആവശ്യക്കാരെ ബന്ധപ്പെടുന്നതിനും യാതൊരു തടസവുമില്ല.

ഏറ്റവും ഒടുവിലായി ഇലവുംതിട്ട പോലീസാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. മുളക്കുഴ പിരളശേരി കളീക്കല്‍ ആലീസ് വര്‍ഗീസ് നല്‍കിയ
പരാതിയിലാണ് രണ്ടു ദിവസത്തേക്ക് എന്‍.എം. രാജു, ഭാര്യ ഗ്രേസ്, മക്കളായ അലന്‍, അന്‍സന്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. രാജുവിനും കുടുംബത്തിനുമെതിരേ 16 കേസുകളാണ് ഇലവുംതിട്ട സ്‌റ്റേഷനില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 7.50 ലക്ഷം രൂപയാണ് പരാതിക്കാരിക്ക് മടക്കി കിട്ടാനുള്ളത്. സംസ്ഥാനമൊട്ടാകെ വിവിധ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ 31 എണ്ണം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറും.

സാമ്പത്തിക തട്ടിപ്പു കേസില്‍ മുഖ്യപ്രതി എന്‍.എം. രാജുവാണ്. ആവശ്യമെങ്കില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതി. പക്ഷേ, പ്രതികളെ കുടുംബസമേതം കസ്റ്റഡിയില്‍ വാങ്ങി സുഖതാമസവും ഭക്ഷണവും നല്‍കുകയാണെന്ന് നിക്ഷേപകര്‍ പരാതിപ്പെടുന്നു. തിരുവല്ല പോലീസ് ഒരാഴ്ചയോളം ഇവരെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പുറത്തേക്ക് പക്ഷേ, തെളിവെടുപ്പിന് കൊണ്ടു പോയില്ല. പിന്നാലെ കോട്ടയം ജില്ലയിലെ പോലീസ് സ്‌റ്റേഷനുകള്‍, ആറന്മുള, ഇലവുംതിട്ട ഇങ്ങനെ കസ്റ്റഡികള്‍ തുടരുകയാണ്. ബഡ്‌സ് ആക്ട് പ്രകാരം എടുത്ത കേസ് ആയതിനാല്‍ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാലതാമസം നേരിടും. ഇത് മറികടക്കാന്‍ വേണ്ടിയുള്ള നാടകമാണ് പോലീസ് കസ്റ്റഡി എന്ന നിക്ഷേപകരുടെ ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന ട്രഷറര്‍ ആണ് എന്‍എം രാജു. അതുകൊണ്ട് തന്നെ ഭരണപക്ഷത്തു നിന്നുള്ള ആനുകൂല്യങ്ങളും ഇയാള്‍ക്കും കുടുംബത്തിനും ലഭിക്കുന്നുവെന്നാണ് ആക്ഷേപം.

 

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…