പോലീസുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 16 അംഗ സപ്പോര്‍ട്ടിങ് ടീം: 11 പേരും മിനിസ്റ്റീരിയല്‍ സ്റ്റാഫ്!

1 second read
Comments Off on പോലീസുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 16 അംഗ സപ്പോര്‍ട്ടിങ് ടീം: 11 പേരും മിനിസ്റ്റീരിയല്‍ സ്റ്റാഫ്!
0

കൊച്ചി: പോലീസുകാരുടെ പ്രശ്‌നം പരഹരിക്കാന്‍ രൂപീകരിച്ച 16 അംഗ സപ്പോര്‍ട്ടിങ് കമ്മറ്റിയില്‍ 11 പേരും മിനിസ്റ്റീരിയല്‍ സ്റ്റാഫ്. യഥാര്‍ത്ഥത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന താഴേക്കിടയിലുള്ള പോലീസുകാരെ പ്രതിനിധീകരിച്ച് രണ്ടുപേര്‍ മാത്രം. മാനസിക-രാഷ്ട്രീയ-ജോലി സമ്മര്‍ദം മൂലം പൊലീസുകാര്‍ കൂട്ടവിരമിക്കലിന് അപേക്ഷ നല്‍കിയ പശ്ചാത്തലത്തിലാണ് തിരക്കിട്ട് സപ്പോര്‍ട്ടിങ് കമ്മറ്റി രൂപീകരിച്ചത്. അതില്‍ പൊലീസുകാരുടെ പ്രശ്‌നങ്ങള്‍ അറിയാവുന്നവര്‍ ഇല്ലാത്തതാണ് വിവാദമായിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് സപ്പോര്‍ട്ടിങ് കമ്മറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്‌സേന 16 അംഗ സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടത്. സങ്കീര്‍ണമായ സമകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ പൊലീസ് ജോലി എന്നത് വളരെയധികം മാനസിക സമ്മര്‍ദം ഉളവാക്കുന്ന ഒന്നാണ്. മാനസിക ശാരീരിക അസ്വസ്ഥതകള്‍ മറി കടന്ന് ജോലിയും വ്യക്തിജീവിതവും തുലനം ചെയ്തു ജീവിതം ആസ്വാദ്യകരമാക്കുന്നതിന് ഓരോ പൊലീസ് ഉദ്യോഗസ്ഥനും നിത്യജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. ഉദ്യോഗസ്ഥരുടെ ആരോഗ്യം, ജോലി, കുടുംബം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് സപ്പോര്‍ട്ടിങ് കമ്മറ്റിയെന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവില്‍ പറയുന്നു.

അഡീഷണല്‍ എസ്.പി ജില്‍സണ്‍ മാത്യു ചെയര്‍മാനായ കമ്മറ്റിയില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എസ്. നവാസ്, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ പ്രശാന്ത് പി. നായര്‍,സി.പി.ഓ കെ.ബി പ്രസാദ്, ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബേസില്‍ സി. ബേബി എന്നിവര്‍ മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ നിന്നുള്ള അംഗങ്ങള്‍. ശേഷിക്കുന്ന 11 പേരും മിനിസ്റ്റീരിയല്‍ സ്റ്റാഫുകളാണ്.

അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് വിനോദ് വി. മാത്യു, മാനേജര്‍ പി.വി. രാജി, അക്കൗണ്ട്‌സ് ഓഫീസര്‍ കെ.കെ. ഗിരീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാരായ മായ സുകുമാരന്‍, കെ. ഷിനി, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ടി.എം. ഷമീന, സീനിയര്‍ ക്ലാര്‍ക്കുമാരായ കെ.എം. സനിത, രശ്മി എന്‍. കുമാര്‍, ജോണി എന്‍. ജോസഫ്, ക്ലാര്‍ക്കുമാരായ കവിത സെബാസ്റ്റ്യന്‍, മിജ്‌ന വി. മജീദ് എന്നിവരാണ് മറ്റുള്ള അംഗങ്ങള്‍.

മാനസിക സമ്മര്‍ദം നേരിടുന്ന പൊലീസുകാര്‍ക്ക് മാനസിക പിന്തുണ നല്‍കുവാന്‍ കമ്മറ്റി ശ്രമിക്കണം. ജോലിയുടെ ഭാഗഗമായി ശിക്ഷണ നടപടി നേരിടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും കമ്മറ്റി ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ജോലി സ്ഥലങ്ങളില്‍ അമിതമായ മാനസിക സമ്മര്‍ദം നേരിടുന്നവര്‍, സ്ഥിരമായി ജോലിക്ക് ഹാജരാകാത്തവര്‍, മദ്യത്തിന് അടിമയായവര്‍ എന്നിവരെ കണ്ടെത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ പ്രശാന്ത് പി. നായരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…