
അജോ കുറ്റിക്കന്‍
ഇടുക്കി: ഹരിയാന സ്വദേശിനിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകിയെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും. ജില്ലയുടെ അതിര്‍ത്തി പൊലീസ് സ്‌റ്റേഷനില്‍ ഏതാനും മാസം മുമ്പാണ് സംഭവം. ഉന്നത ഉദ്യോഗസ്ഥര്‍ വാദിക്കും പ്രതിക്കും വേണ്ടി ഒരു പോലെ സമ്മര്‍ദം ചെലുത്തിയതോടെയാണ് അറസ്റ്റിന് കാലതാമസമുണ്ടായതെന്നാണ് പറയുന്നത്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കുന്നതിനെതിരെ സേനയിലും അമര്‍ഷം പുകയുന്നു.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ഹരിയാന സ്വദേശിനിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹൈറേഞ്ച് മേഖലയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന പാലാ സ്വദേശിക്കും ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനും എതിരേ കേസെടുത്തത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിന് പിന്നില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപെടലുകള്‍ ഉണ്ടെന്ന് ആരോപണവുമുയര്‍ന്നു. പരാതിക്കാരി മാസങ്ങളോളം വ്യാപാരിക്കും സഹായിക്കുമൊപ്പം റിസോര്‍ട്ടില്‍ താമസിച്ചു വരികയായിരുന്നുവെന്നും ഇടക്കാലത്ത് ഇവരുമായി തെറ്റിപളപിരിഞ്ഞ യുവതി നാട്ടിലേക്ക് മടങ്ങിയത്രേ.
പിന്നാലെ മധ്യതിരുവിതാംകൂറിലെ ഒരു പൊലീസ് ഉന്നതന്റെ ബന്ധുവായ യുവതിയുമായി വ്യാപാരി സാമൂഹിക മാധ്യമത്തിലൂടെ അടുപ്പത്തിലായി. ഇരുവരും റിസോര്‍ട്ട് വാടകയ്‌ക്കെടുത്ത് താമസം ആരംഭിച്ചു. വിവരമറിഞ്ഞ കെപലീസ് ഉന്നതന്‍ യുവതിയെ നാട്ടിലേക്ക് മടക്കി അയയ്ക്കണമെന്ന് വ്യാപാരിയോട് പല തവണ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങാതെ വന്നതോടെയാണ് പീഡന പരാതിയുണ്ടാകുന്നതെന്നാണ് പൊലീസുകാര്‍ തന്നെ പറയുന്നത്. വ്യാപാരിയെ കുറിച്ച് രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് സമാന രീതിയില്‍ ഹരിയാന സ്വദേശിനിയെ താമസിപ്പിച്ചിരുന്നുവെന്ന വിവരം പൊലീസ് ഉന്നതന് ലഭിച്ചത്.
തുടര്‍ന്ന് ഹരിയാനയിലെത്തി യുവതിയെ തേടിപ്പിടിച്ച് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. കേസില്‍ പ്രതിയായതോടെ വ്യാപാരിയും പൊലീസിലെ മറ്റു ഉന്നതരുമായി ബന്ധപ്പെടുകയും ഇതോടെ എഫ്‌ഐആര്‍ ഫ്രീസറിലായി എന്നുമാണ് ആക്ഷേപം. മധ്യതിരുവിതാംകൂറിലെ ഉന്നതന്‍ ഇടപെടല്‍ ശക്തമാക്കിയതായും ഇതോടെ ഡല്‍ഹിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തതെന്നുമാണ് ലഭിക്കുന്ന വിവരം.