പത്തനംതിട്ടയില്‍ പാതിരാത്രിയില്‍ പോലീസ് അതിക്രമം: യുവതി അടക്കം മൂന്നു പേര്‍ക്ക് പരുക്ക്: വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങിയവരെ പോലീസ് തല്ലിച്ചതച്ചത് ആളുമാറി

0 second read
Comments Off on പത്തനംതിട്ടയില്‍ പാതിരാത്രിയില്‍ പോലീസ് അതിക്രമം: യുവതി അടക്കം മൂന്നു പേര്‍ക്ക് പരുക്ക്: വിവാഹ സല്‍ക്കാരം കഴിഞ്ഞ് മടങ്ങിയവരെ പോലീസ് തല്ലിച്ചതച്ചത് ആളുമാറി
0

പത്തനംതിട്ട: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകള്‍ അടക്കമുള്ള സംഘത്തിന് നേരെ പോലീസ് അതിക്രമം. ഒരു കാരണവുമില്ലാതെ നടത്തിയ ലാത്തിച്ചാര്‍ജിലും മര്‍ദനത്തിലും യുവതിയുടെ തൊളെല്ലൊടിഞ്ഞു. രണ്ടു യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ അബാന്‍ ജങ്ഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പതിനെട്ടുകാരന്‍ വാരി നിലത്തടിച്ച എസ്.ഐ ജിനുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് നരനായാട്ട് നടത്തിയത്.

കൊല്ലത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. എരുമേലി, മുണ്ടക്കയം ഭാഗത്തു നിന്നുള്ള ഇരുപതോളം പേരാണ് ട്രാവലറില്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജങ്ഷനില്‍ കാത്തു നിന്നിരുന്നു. ഇവരെ ഇറക്കി വിടാന്‍ വേണ്ടി വണ്ടി നിര്‍ത്തിയപ്പോള്‍ യുവതി അടക്കം അഞ്ചു പേര്‍ പുറത്തിറങ്ങി നിന്നു. ഇവരില്‍ ചിലര്‍ റോഡരികില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞു വന്ന പോലീസ് വാഹനം നിര്‍ത്തി ഓടെടാ എന്ന് പറഞ്ഞ് ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. എസ്‌ഐ ജിനു മഫ്തിയിലായിരുന്നു.

ഭര്‍ത്താവിനെയും കൂടെ വന്നവരെയും പോലീസ് മര്‍ദിക്കുന്നത് കണ്ട് ഭയന്നോടിയപ്പോള്‍ വീണാണ് സിത്താര (31) എന്ന യുവതിക്ക് പരുക്കേറ്റത്. സിത്താരയുടെ തോളെല്ലിന് പൊട്ടലേറ്റു. ഭര്‍ത്താവ് ശ്രീജിത്തിന്റെ തലയ്ക്ക് ലാത്തിച്ചാര്‍ജില്‍ പൊട്ടലേറ്റു. സിജിന്‍ എന്ന യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു.  തങ്ങളെ എന്തിനാണ് മര്‍ദിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ പോലീസ് ഒന്നും പറഞ്ഞില്ല. ഓടെടാ എന്ന് മാത്രമാണ് പറന്നത് എന്നാണ് പരുക്കേറ്റവരുടെ മൊഴി. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

അതേസമയം, മര്‍ദനം ആളുമാറിയെന്നാണ് പോലീസിന്റെ അനൗദ്യോഗിക വിശദീകരണം. അബാന്‍ ജങ്ഷനിലെ ബാറിന് സമീപം അടിപിടി നടക്കുന്നുവെന്ന് സ്‌റ്റേഷനില്‍ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം എത്തിയതെന്ന് പറയുന്നു. ക്വാര്‍ട്ടേഴ്‌സിലായിരുന്ന എസ്.ഐ ജിനു സ്‌റ്റേഷനില്‍ നിന്ന് വിളിച്ചത് അനുസരിച്ചാണ് എത്തിയത്. പോലീസ് സംഘം ചെന്നപ്പോള്‍ ഒരു യുവതിയും നാലു പുരുഷന്മാരും ചേര്‍ന്ന് ബാറിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതാണ് കണ്ടത്. ഹെല്‍മറ്റ് ധരിച്ച രണ്ടു പേര്‍ ഓടിപ്പോകുന്നത് കണ്ടുവെന്ന് ഇവരും പോലീസിനോട് പറഞ്ഞുവെന്ന് പറയുന്നു. എന്നാല്‍, ഇവരും ആ സംഘത്തിലുള്ളവരാണെന്ന് കരുതി മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു. സിത്താരയെ പോലീസ് മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് ശ്രീജിത്തിന് മര്‍ദനമേറ്റത്. പോലീസ് സംഘത്തില്‍ രണ്ടു പേരൊഴികെ എല്ലാവരും മഫ്തിയിലായിരുന്നു. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവരാണ് മര്‍ദനമേറ്റവര്‍. ഈ വകുപ്പുകള്‍ ചുമത്തി പോലീസുകാര്‍ക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

അബ്കാരി കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് 24 വര്‍ഷം മുന്‍പ്: വിദേശത്തേക്ക് കടന്ന് അവിടെ സുഖവാസം: എല്‍പി വാറണ്ട് വന്നപ്പോള്‍ ലുക്കൗട്ട് നോട്ടീസ്: ബംഗളൂരു എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ പോലീസിന്റെ അറസ്റ്റും റിമാന്‍ഡും

പമ്പ: പോലീസ് 2001ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ ബംഗളുര…