ഭക്ഷണ ബത്ത കിട്ടാത്ത വിഷമത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരുടെ ഗ്രൂപ്പില്‍ പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍: ഇപ്പോഴൂം ആനുകൂല്യം ലഭിക്കാതെ ജീവനക്കാര്‍

0 second read
Comments Off on ഭക്ഷണ ബത്ത കിട്ടാത്ത വിഷമത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരുടെ ഗ്രൂപ്പില്‍ പോസ്റ്റിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍: ഇപ്പോഴൂം ആനുകൂല്യം ലഭിക്കാതെ ജീവനക്കാര്‍
0

പത്തനംതിട്ട: തെരഞ്ഞെടുപ്പ് സര്‍വൈലന്‍സ് ഡ്യൂട്ടി നോക്കുന്നതിനുള്ള ഭക്ഷണ ബത്ത ലഭിച്ചില്ലെന്ന് ആരോപിച്ച് വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതില്‍ സേനയ്ക്കുള്ളില്‍ അമര്‍ഷം. മോശമായ വാക്ക് ഉപയോഗിച്ചാണെങ്കിലും പൊലീസുകാരന്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നം ഇതു വരെ പരിഹരിക്കപ്പെട്ടതുമില്ല.

അടൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റില്‍ ജോലി ചെയ്യുന്ന സുനില്‍കുമാറിനെയാണ് (സുനില്‍ മാവടി) ജില്ലാ പോലീസ് മേധാവി വി. അജിത്ത് സസ്‌പെന്‍ഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരേ വാച്യാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തണ്ണിത്തോട് പോലീസ് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായത്.

തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് അടൂര്‍ മണ്ഡലത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സര്‍വൈലന്‍സ് ടീമില്‍ അംഗമായിരുന്നു സുനില്‍കുമാര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്മാരും നോഡല്‍ ഓഫീസര്‍മാരുമുള്ള എംഐസിസി സ്‌ക്വാഡ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഭക്ഷണ ബത്ത ലഭിക്കുന്നില്ലെന്ന് കാട്ടി ഉപവരണാധികാരിയെ അടക്കം അപമാനിക്കുന്ന തരത്തില്‍ ഏപ്രില്‍ 19 ന് ഇട്ട പോസ്റ്റുകളാണ് നടപടിക്ക് ആധാരം. സമൂഹ മാധ്യമങ്ങളില്‍ മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തരത്തില്‍ ഇട്ട പോസ്റ്റ് അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

ഇത് കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് എടുത്തു കൊടുക്കേണ്ടതല്ല. കേന്ദ്രം ഇലക്ഷന്‍ കമ്മിഷന്‍ വക അയച്ചു കൊടുത്തിരിക്കുന്ന എമൗണ്ട് ആണ്. ഇത് ഏതു തെണ്ടിക്കാണ് തടഞ്ഞു വയ്ക്കാന്‍ അധികാരം. ഇത് തടഞ്ഞു വച്ചിരിക്കുന്ന കളക്ടറേറ്റിലെ തെണ്ടികളെ ആണ് വെളിച്ചത്തു കൊണ്ടു വരേണ്ടത്. ഇതിന് അന്വേഷണ കമ്മിഷനെ കൊണ്ടു വരികയും വേണം എന്നായിരുന്നു വാട്‌സാപ്പ് പോസ്റ്റ്.

ഇതിലെ ചില പദപ്രയോഗങ്ങളാണ് സുനില്‍കുമാറിന്റെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. അടൂര്‍ ഉപവരണാധികാരി ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അദ്ദേഹം അത് അടിയന്തിര നടപടി ആവശ്യപ്പെട്ട് എസ്.പിക്ക് കൈമാറുകയുമായിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സസ്‌പെന്‍ഷന്‍ ഉത്തരവുമെത്തി.

പക്ഷേ, സുനില്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നം ഇതു വരെ പരിഹരിക്കപ്പെട്ടിട്ടില്ല. 40 ദിവസമാണ് കൊടുംചൂടില്‍ തെരഞ്ഞെടുപ്പ് സര്‍വൈലന്‍സ് ഉദ്യോഗസ്ഥര്‍ റോഡില്‍ അലഞ്ഞത്. ഇവര്‍ക്ക് ഭക്ഷണ ബത്ത ഇതു വരെ അനുവദിച്ചു കൊടുത്തിട്ടില്ലെന്ന് പറയുന്നു.മറ്റ് എല്ലാ ലോക്‌സഭ മണ്ഡലങ്ങളിലും ഭക്ഷണബത്ത കൃത്യമായി നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ മാത്രമാണ് ഇതു ലഭിക്കാത്തത് എന്ന് പറയുന്നു. മോശം വാക്കുകള്‍ പൊലീസുകാരന്‍ ഉപയോഗിച്ചതിനെ സേനയില്‍ ആരുംഅനുകൂലിക്കുന്നില്ല. എങ്കിലും അയാളെ സസ്‌പെന്‍ഡ് ചെയ്തപ്പോഴെങ്കിലും ബത്ത നല്‍കാന്‍ തയാറാകണമെന്നാണ് ഡ്യൂട്ടി ചെയ്തവര്‍ക്കിടയില്‍ ഉയരുന്ന ആവശ്യം.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കാനനപാതയില്‍ കുടുങ്ങിയ അയ്യപ്പ ഭക്തനെ രക്ഷപ്പെടുത്തി

ശബരിമല: പുല്ലുമേട് കാനന പാതയില്‍ കുടുങ്ങിയ തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തനെ രക്ഷപ്പെടുത…