
പത്തനംതിട്ട: വീട്ടമ്മയെ ഉപദ്രവിക്കുന്നതായുള്ള സന്ദേശം ലഭിച്ചതുപ്രകാരം വിവരം അന്വേഷിച്ച് സ്ഥലത്തെത്തിയ പോലീസ് സംഘത്തിലെ സി.പി.ഓയ്ക്ക് മര്‍ദനമേറ്റു. തുടര്‍ന്ന് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. വള്ളിക്കോട് ഞക്കുനിലം മണലേപ്പടി മരങ്ങാട്ടു കോളനി ഞാറമൂട്ടില്‍ കോയിപ്പാട്ട് ബിജു (39) ആണ് അറസ്റ്റിലായത്. മുരുപ്പേല്‍ വീട്ടില്‍ രാജമ്മയെ ആണ് അയല്‍വാസി ബിജു ഉപദ്രവിക്കുന്നതായുള്ള വിവരമറിഞ്ഞാണ് എസ്.ഐ. ബിനോജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയത്. എസ്.സി.പി.ഓ ഹരിദാസ്, സി.പി.ഓ ബിബിന്‍ എന്നിവരാണ് എസ്.ഐക്കൊപ്പം ഉണ്ടായിരുന്നത്.
രാജമ്മയെ ഉപദ്രവിച്ചതായും അസഭ്യം വിളിച്ചതായും മനസിലാക്കിയ പോലീസ് സംഘം ഇയാളുടെ വീട്ടിലെത്തി. കാര്യങ്ങള്‍ തിരക്കികൊണ്ടിരിക്കെ ബിജു ബിബിനെ അസഭ്യം വിളിച്ചു കൊണ്ട് യൂണിഫോമിന്റെ ഫ്‌ളാപ്പ് വലിച്ചുകീറുകയും ഇടതു തോളില്‍ അടിക്കുകയും ചെയ്തു. പോലീസ് സംഘം ശ്രമകരമായി കീഴ്‌പ്പെടുത്തി സ്‌റ്റേഷനിലെത്തിച്ചു. ബിപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജുവിനെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.വി. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ കൈക്കൊണ്ടത്.