
പത്തനംതിട്ട: വിവിധ തരത്തിലുള്ള അപകടങ്ങളും അപകട മരണങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സാധാരണ ജനങ്ങളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ നേതൃത്വത്തില്‍ എല്ലാ പോസ്‌റ്റോഫീസുകളിലും ഇന്‍ഷുറന്‍സ് മേളകള്‍ നടത്തുന്നു. 19 മുതല്‍ 23 വരെ പോസ്‌റ്റോഫീസുകളില്‍ നിന്നും വിവിധ പ്രീമിയം തുകയ്ക്കുള്ള ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കും. 399, 555, 755 രൂപാ എന്നിങ്ങനെ ഒറ്റത്തവണ വാര്‍ഷിക പ്രീമിയത്തില്‍ 5, 10, 15 ലക്ഷം രൂപായുടെ കവറേജുള്ള വ്യക്തിഗത പോളിസികളാണ് നല്‍കുന്നത്.
ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ അക്കൗണ്ട് ഉള്ളവര്‍ക്കു മാത്രമേ ആക്‌സിഡന്റ് പോളിസി ലഭിക്കു . ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും 200 രൂപയുമായി പോസ്‌റ്റോഫിസിലെത്തിയോ പോസ്റ്റുമാന്‍ വഴിയോ വിരല്‍പ്പതിപ്പു നല്‍കിയാല്‍ പ്രീമിയം അക്കൗണ്ട് ലഭിക്കും. 755, 555 വാര്‍ഷിക പ്രീമിയമുള്ള പോളിസി എടുക്കുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കു പുറമെ സാധാരണ രോഗങ്ങള്‍ പിടിപെട്ട് ആശുപത്രിയില്‍ കിടക്കേണ്ടി വരുമ്പോള്‍ സാമ്പത്തിക സഹായവും ലഭിക്കും. 755 ന്റെ പോളിസി എടുക്കുന്നവര്‍ ഐ.സി.യു വില്‍ ചികിത്സയിലാണെങ്കില്‍ 15 ദിവസം വരെ ദിവസം 2000 രൂപാ വീതവും അല്ലാത്ത മുറികളിലാണെങ്കില്‍ 1000 രൂപാ വിതവുമാണ് സഹായം.
555 ന്റെ പോളിസിയില്‍ 15 ദിവസവും ഇതിന്റെ പകുതി വീതം തുകയാണ് ലഭിക്കുക . ഗര്‍ഭിണികള്‍ക്ക് പോളിസി എടുത്ത് പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ പ്രസവ ചികിത്സയ്ക്ക് ഈ ആനുകൂല്യം ലഭിക്കും. അപകടത്തില്‍ പരുക്കേറ്റാല്‍ ഒരു ലക്ഷം രൂപായുടെ വരെ ചികിത്സാ സഹായം നല്‍കുന്നതിനു പുറമെ അപകടമരണം സംഭവിച്ച വ്യക്തിയുടെ മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് ഒരു ലക്ഷം രൂപാ വരെ ആനുകൂല്യം നല്‍കുന്ന പോളിസിയുമുണ്ട്.