കോവിഡ് സെന്ററിലെ പീഡനം: പ്രതിയെ കുടുക്കിയത് സോഷ്യല്‍ മീഡിയ ഉപയോഗം: മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തത് ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ നിന്ന്

2 second read
Comments Off on കോവിഡ് സെന്ററിലെ പീഡനം: പ്രതിയെ കുടുക്കിയത് സോഷ്യല്‍ മീഡിയ ഉപയോഗം: മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തത് ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ നിന്ന്
0

സീതത്തോട്: കോവിഡ് കെയര്‍ സെന്ററില്‍ ഒപ്പം സേവനം ചെയ്ത യുവതിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട കേസില്‍ മൂന്നു വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മണികണ്ഠന്‍കാല മംഗലശേരില്‍ വീട്ടില്‍ പീതാംബരന്റെ മകന്‍ മനു എന്ന് വിളിക്കുന്ന പ്രദീപ്(39) ആണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലുള്ള ചാവല എന്ന സ്ഥലത്തുനിന്നും മൂഴിയാര്‍ പോലീസിന്റെ പിടിയിലായത്. സി.പി.എം ലോക്കല്‍ കമ്മറ്റിയംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായിരുന്ന മനുവിനെ പീഡനക്കേസ് വന്നതോടെ ചുമതലകളില്‍ നിന്ന് നീക്കി.

കേസ് എടുത്തിട്ടും ഏറെ നാള്‍ നാട്ടില്‍ കറങ്ങിയിരുന്ന ഇയാള്‍ അറസ്റ്റുണ്ടാകുമെന്ന് വന്നതോടെ നാടുവിടുകയായിരുന്നു. മൂഴിയാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. 2020 മേയ് 27 നും ജൂലൈ ഒന്നിനുമിടയിലുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവംബര്‍ 14 ന് യുവതിയുടെ മൊഴിപ്രകാരം പോലീസ് കേസെടുത്തു. ആങ്ങമൂഴി ക്വാറന്റൈന്‍ സെന്ററില്‍ വച്ചാണ് പീഡനം നടന്നത്. പരിചയത്തിലായ യുവതിയെ കല്യാണം കഴിക്കാമെന്ന് ഉറപ്പ് നല്‍കി മേയ് 27 ന് ക്വാറന്റീന്‍ കേന്ദ്രത്തിന്റെ മുകളിലെ നിലയില്‍ എത്തിച്ച ശേഷം ബലമായി പിടിച്ചുനിര്‍ത്തി മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്തു. ജൂണ്‍ 18 ന് ഡ്യൂട്ടിയെ തുടര്‍ന്ന് ക്വാറന്റൈനിലായ യുവതിയെ രാത്രി പ്രലോഭിപ്പിച്ച് മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോയും ഇയാള്‍ ഫോണില്‍ എടുത്തു.

തുടര്‍ന്ന്, ക്വാറന്റൈനില്‍ കഴിഞ്ഞുവന്ന രണ്ടാഴ്ച്ച കാലയളവില്‍ പല തവണ ബലാല്‍സംഗം ചെയ്തു എന്ന് മൊഴിയില്‍ പറയുന്നു. പ്രതിയുടെയും അടുത്ത ബന്ധുക്കളുടെയും യുവതിയുടെയും മൊബൈല്‍ ഫോണ്‍ വിളികള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍, പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ശേഖരിച്ചിരുന്നു. നാടുവിട്ട പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കാനുള്ള നടപടികളും പോലീസ് കൈക്കൊണ്ടു. ജില്ലാ കോടതിയിലും, ഹൈക്കോടതിയിലും ജാമ്യത്തിന് പ്രതി ശ്രമിച്ചുവെങ്കിലും അനുവദിക്കപ്പെട്ടില്ല. എഫ്.ഐ.ആര്‍ റദ്ദ് ചെയ്യാനുള്ള അപേക്ഷയും അറസ്റ്റ് ഒഴിവാക്കണമെന്ന ഹര്‍ജിയും കോടതി തള്ളി. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ഹൈദരാബാദിലും മറ്റും പോലീസ് സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് കോന്നി ഡിവൈ.എസ്.പി ടി. രാജപ്പന്‍ നിയോഗിച്ച പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും തിങ്കളാഴ്ച്ച 11 മണിക്ക് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സുഹൃത്തിന് വന്ന ഇന്‍ര്‍നെറ്റ് കോളില്‍ നിന്നാണ് മൂഴിയാര്‍ പൊലീസ് ഡല്‍ഹിയിലെത്തി പ്രതിയെ പിടിച്ചത്. ആളുകള്‍ കൂട്ടമായി പാര്‍ക്കുന്ന ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ചവല തെരുവിലാണ് പ്രതി ഉണ്ടായിരുന്നത്. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചാണ് നാട്ടില്‍ നിന്നും മുങ്ങിയത്. ഭാര്യ അടക്കം കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും ചെയ്തില്ല. ബംഗളൂരു, ഹൈദരാബദ് എന്നിവിടങ്ങളില്‍ പ്രതി ഉണ്ടെന്ന സൂചനയില്‍ നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു. മുന്‍പ് വിദേശത്ത് ജോലി ചെയ്തിരുന്ന ഘട്ടത്തില്‍ പരിചയപ്പെട്ടവര്‍ അടക്കം ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണ വലയത്തിലായിരുന്നു. ഇതിനിടെ സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് ആപ്പ് മുഖേന വന്ന നെറ്റ് കോള്‍ സംശയത്തിന് ഇട നല്‍കി.

ഐ.പി അഡ്രസ് കണ്ടെത്തി സ്ഥലം തിരിച്ചറിഞ്ഞു. പിന്നാലെ ഇന്‍സ്‌പെക്ടര്‍ കെ.എസ് ഗോപകുമാര്‍, സി.പി.ഓമാരായ ബിനിലാല്‍, വിജേഷ് എന്നിവര്‍ ഡല്‍ഹിക്ക് വണ്ടികയറി. മറ്റൊരാളുടെ പേരില്‍ തരപ്പെടുത്തിയ വൈഫൈ കണക്ഷന്‍ ഉപയോഗപ്പെടുത്തിയായിരുന്നു പ്രദീപിന്റെ ഇടപാടുകള്‍. താമസ സ്ഥലം കണ്ടെത്തിയ പോലീസ്, സമീപത്തെ കടയിലെ ജീവനക്കാരെ പറഞ്ഞയച്ച് പ്രദീപ് മുറിയില്‍ ഉണ്ടെന്ന് ഉറപ്പാക്കി. ശേഷം മുറിയിലേക്ക് ഇടിച്ചു കയറി. എതിര്‍ക്കാനുള്ള യാതൊരു ശ്രമവും പ്രതിയില്‍ നിന്നുണ്ടായില്ല. രണ്ടര വര്‍ഷത്തിനിടെ ഡ്രൈവിങ് ജോലിയും കൃഷിപ്പണിയും ചെയ്താണ് ജീവിച്ചത് എന്നാണ് പ്രതിയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …