ന്യൂഡെല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായെങ്കില്‍ കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കേരളത്തിലേയ്ക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി.
വിചാരണ പൂര്‍ത്തിയാക്കുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി സൂചന നല്‍കി.
ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അബ്ദുള്‍ നാസര്‍ മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ മഅദനിയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഒരു കാരണവശാലും ബംഗളൂരു വിടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് മഅദനിയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷകന്‍ ഹാരീസ് ബീരാനും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണ പൂര്‍ത്തിയായത് സംബന്ധിച്ച കോടതി രേഖകള്‍ ഇരുവരും സുപ്രീംകോടതിയ്ക്ക് കൈമാറി. 2021ല്‍ മഅദനി നല്‍കിയ സമാന ആവശ്യം കോടതി തള്ളിയിരുന്നു. വിചാരണ പൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്.
ജാമ്യവ്യവസ്ഥ മഅദനി ഇതുവരെ ലംഘിച്ചിട്ടുണ്ടോ എന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കര്‍ണാടക സര്‍ക്കാരിനോട് ആരാഞ്ഞു. കര്‍ശന വ്യവസ്ഥകളായിരുന്നു സുപ്രീം കോടതി മുന്നോട്ട് വച്ചതെന്നും അതിനാല്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും കര്‍ണാടക സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മദനി ഉള്‍പ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയായോ ജാമ്യ വ്യവസ്ഥയില്‍ ലംഘനം ഉണ്ടായോ എന്നീ വിഷയങ്ങളില്‍ രേഖാമൂലം നിലപാട് അറിയിക്കാന്‍ കോടതി കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു. ഹര്‍ജി ഏപ്രില്‍ 13ലേക്ക് മാറ്റി.