തിരുവല്ല: മതിയായ സംരക്ഷണവും അടിസ്ഥാന സൗകര്യവും ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് സത്യം മിനിസ്ട്രീസിന്റെ സംരക്ഷണയിലായിരുന്ന, മണിപ്പൂരിലെ കുക്കി വിഭാഗത്തില്‍ നിന്നുമുള്ള 28 കുട്ടികളുടെ സംരക്ഷണം ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഏറ്റെടുത്തു. 19 ആണ്‍കുട്ടികളെയും ഒമ്പതു പെണ്‍കുട്ടികളെയുമാണ് ഏറ്റെടുത്തത്. ആണ്‍കൂട്ടികളെ കൊല്ലം സി.ഡബ്ല്യ.സിയുടെ സംരക്ഷണയിലേക്കും പെണ്‍കുട്ടികളെ തിരുവല്ല നിക്കോള്‍സണ്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും അയച്ചു.
ഒരു വര്‍ഷം മുന്‍പാണ് മണിപ്പൂരിലെ ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘട്ടനം രൂക്ഷമായതിനെ തുടര്‍ന്ന് ആറും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ ഇവിടേക്ക് കൊണ്ടു വന്നത്.
സുവിശേഷവേല ചെയ്യുന്ന സത്യം മിനിസ്ട്രീസിന്റെ മേല്‍നോട്ടത്തില്‍ ഇവര്‍ക്ക് ഭക്ഷണം, താമസം, പഠനം എന്നിവ ഒരുക്കിയിരുന്നു. കുട്ടികള്‍ക്കൊപ്പം മണിപ്പൂരില്‍ നിന്നുള്ള കെയര്‍ ടേക്കര്‍മാരും ഉണ്ടായിരുന്നു. ഏറെ നാളിന് ശേഷം ഇവര്‍ മടങ്ങിപ്പോയി. കുട്ടികളെ തിരുവല്ല നഗരത്തിലുള്ള സ്‌കൂളില്‍ ചേര്‍ത്ത് പഠനം തുടരുകയായിരുന്നു. എന്നാല്‍, മണിപ്പൂരില്‍ നിന്നുള്ള കെയര്‍ ടേക്കര്‍മാര്‍ മടങ്ങിയതോടെ കുട്ടികളുടെ അവസ്ഥ ദയനീയമായി. കുട്ടികള്‍ക്ക് വേണ്ട സംരക്ഷണം ലഭിക്കുന്നില്ലെന്ന് സര്‍ക്കാരിന് വിവരം ലഭിച്ചതോടെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്ഥലം സന്ദര്‍ശിച്ചതും ഇവരെ അവിടെ നിന്ന് മാറ്റുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചതും.