പത്തനംതിട്ടയില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ തമ്മിലടി മൂര്‍ഛിക്കുന്നു: ജില്ലാ പ്രസിഡന്റിനെതിരേ പ്രതിഷേധം ശക്തമാകുന്നു

0 second read
0
0

തിരുവല്ല: പത്തനംതിട്ട ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ തമ്മലടി മൂര്‍ഛിക്കുന്നു. ജില്ലാ പ്രസിഡന്റിനും അനുയായികള്‍ക്കുമെതിരേ പ്രതിഷേധം ശക്തമാവുകയാണ്. സജി അലക്‌സ് ജില്ലാ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെയാണ് വിഭാഗീയത രൂക്ഷമായിരിക്കുന്നത്. ഇതിനിടെ പാര്‍ട്ടിക്കുള്ളിലും സജിക്കും കൂട്ടര്‍ക്കും തിരിച്ചടി നേരിടുന്നുണ്ട്.

മുന്‍ ജില്ലാ പ്രസിഡന്റുമാരായിരുന്ന എന്‍.എം.രാജു, ചെറിയാന്‍ പോളച്ചിറയ്ക്ക്ല്‍ എന്നിവരെ അനുകൂലിക്കുന്ന വിഭാഗമാണ് സജിക്കെതിരേ രംഗത്തുള്ളത്. ജില്ലയുടെ ചുമതലയുള്ള ജോബ് മൈക്കിള്‍ എംഎല്‍എയാണ് സജിക്ക് ശക്തി പകരുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ചെറിയാന്‍ പോളച്ചിറയ്ക്കലിനെ മാറ്റി സജി അലക്‌സിനെ പ്രസിഡന്റാക്കിയത്. പോളച്ചിറയ്ക്ക് മുന്‍പ് എന്‍.എം. രാജുവായിരുന്നു പ്രസിഡന്റ്്. റാന്നി സീറ്റില്‍ സ്ഥാനാര്‍ഥിയാക്കാത്തതിന്റെ നീരസത്തിലായിരുന്ന രാജുവിനെ മാറ്റി ഒത്തു തീര്‍പ്പ് സ്ഥാനാര്‍ഥി എന്ന നിലയിലാണ് ചെറിയാനെ പ്രസിഡന്റാക്കിയത്. എന്‍.എം രാജുവിനെ സംസ്ഥാന ട്രഷററുമാക്കി. രാജുവിന്റെ നെടുമ്പറമ്പില്‍ ഫിനാന്‍സ് സാമ്പത്തിക അഴിമതിയില്‍പ്പെടുകയും രാജു അറസ്റ്റിലാവുകയും ചെയ്തതോടെ ഈ വിഭാഗം നിശബ്ദമായി. ഇതിനിടെയാണ് ചെറിയാനെ മാറ്റി മുന്‍ ജില്ലാ പഞ്ചായത്തംഗം കൂടിയായ സജി അലക്‌സിനെ പ്രസിഡന്റാക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളാ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഒരു വിഭാഗത്തിലും ഉള്‍പ്പെടാതെ മാറി നിന്നയാളാണ് സജി അലക്‌സ്. ഏതു ഭാഗത്തിനാണ് ശക്തി കൂടുതലെന്ന് നോക്കി നിലപാട് സ്വീകരിച്ച സജി ജോസ് കെ. മാണി പക്ഷത്തേക്ക് ചേര്‍ന്നു. ഇത്തരമൊരു നിലപാട് സ്വീകരിച്ച സജി ജില്ലാ പ്രസിഡന്റാകുന്നതിനോട് പ്രബലമായ ഒരു വിഭാഗത്തിന് നീരസം ഉണ്ടായിരുന്നു. എന്നാല്‍, സജി തൊടുന്നതെല്ലാം തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ആകെ അമ്പതില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് പങ്കെടുത്തത്.

നാരങ്ങാനം സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ വിരട്ടി അഞ്ചു സീറ്റ് വാങ്ങാനിറങ്ങിയ സജിക്കും കൂട്ടര്‍ക്കും സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് ഓടേണ്ടി വന്നു. ആറന്മുള നിയോജക മണ്ഡലം എല്‍ഡിഎഫില്‍ നിന്ന് പുറത്താകുമെന്ന സിപിഎം ഭീഷണിക്ക് വഴങ്ങിയാണ് ഇവര്‍ നാണംകെട്ട് മടങ്ങിയത്. ഈ സംഭവങ്ങളെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സജി പക്ഷത്തിന് ക്ഷീണമായി. ഇതോടെ ചെറിയാന്‍ പക്ഷത്തുള്ളവരെ ഒതുക്കാനുള്ള നീക്കവും തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവല്ല നഗരസഭയിലെ യുഡിഎഫ് ഭരണത്തിനെതിരേ സംഘടിപ്പിച്ച കേരളാ കോണ്‍ഗ്രസ് എം സമരം മണ്ഡലം കമ്മറ്റിയുടെ ലേബലില്‍ ആയിരുന്നു. നിയോജക മണ്ഡലം കമ്മറ്റിയാണ് ശരിക്കും പരിപാടി സംഘടിപ്പിക്കേണ്ടിയിരുന്നത്. സമരത്തില്‍ പങ്കെടുത്തവരില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്നുള്ള നേതാക്കള്‍ കുറവായിരുന്നു. അതേ സമയം, നിയോജക മണ്ഡലത്തിന് കീഴിലുള്ള മറ്റ് മണ്ഡലം കമ്മറ്റികളില്‍ നിന്നുള്ള നേതാക്കള്‍ ഏറെപ്പേര്‍ എത്തി.

സമരം ജില്ലാ പ്രസിഡന്റ് സജി അലക്‌സ് ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് (എം) ടൗണ്‍ മണ്ഡലം കമ്മിറ്റി നടത്തിയ ധര്‍ണ്ണ നഗരസഭാ കവാടത്തിലായിരുന്നു. മണ്ഡലം പ്രസിഡന്റ് പോള്‍ മാത്യുവാണ് അദ്ധ്യക്ഷത വഹിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റിന് വെറും കാഴ്ചക്കാരനായി ഇരിക്കേണ്ടി വന്നു. നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപ്പള്ളി ചെറിയാന്‍ പക്ഷത്ത് നിലയുറപ്പിച്ചിരിക്കുകയാളാണ്. അദ്ദേഹത്തെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ പേരില്‍ പരിപാടി സംഘടിപ്പിച്ചതെന്ന് പറയുന്നു.

പാര്‍ട്ടിയുടെ ഫണ്ട് പിരിവിന്റെ ചുമതല ജില്ലാ ട്രഷറര്‍ രാജീവ് വഞ്ചിപ്പാലത്തില്‍ നിന്നും മാറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയിലിനാണ് കൊടുത്തിരിക്കുന്നത്. ഇതും വിഭാഗീയതയുടെ ഭാഗമായി വിലയിരുത്തപ്പെടുന്നു. രാജീവ് വഞ്ചിപ്പാലം ജില്ലാ പ്രസിഡന്റിന്റെ വിരുദ്ധ പക്ഷക്കാരനാണ്. വിഭാഗീയത സംബന്ധിച്ച വാര്‍ത്തകള്‍ പാര്‍ട്ടി ലീഡര്‍ ജോസ് കെ. മാണിയുടെ ചെവിയില്‍ എത്തിയിട്ടുണ്ടെങ്കിലും ജില്ലയുടെ ചുമതലയുള്ള ജോബ് മൈക്കിള്‍ ഒരു പക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നതിനാല്‍ ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

Load More Related Articles
Load More By Veena
Load More In EXCLUSIVE

Leave a Reply

Your email address will not be published. Required fields are marked *

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…