സില്‍വര്‍ ലൈനിന് പിന്നാലെ നാട്ടുകാര്‍ക്ക് പുതിയ തലവേദന:കോഴഞ്ചേരിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന് ആശങ്ക: ചെങ്ങന്നൂര്‍ -പമ്പ റെയില്‍വേയ്ക്കും എതിര്‍പ്പ്

2 second read
Comments Off on സില്‍വര്‍ ലൈനിന് പിന്നാലെ നാട്ടുകാര്‍ക്ക് പുതിയ തലവേദന:കോഴഞ്ചേരിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന് ആശങ്ക: ചെങ്ങന്നൂര്‍ -പമ്പ റെയില്‍വേയ്ക്കും എതിര്‍പ്പ്
0

കോഴഞ്ചേരി: കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്നാലെ നാട്ടുകാര്‍ക്ക് പുതിയ തലവേദനയായി ചെങ്ങന്നൂര്‍ -പമ്പ ശബരി റെയില്‍വേ. പുതിയ പദ്ധതിക്കെതിരേ ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തു വരുന്നതിനിടെ സര്‍വേ തുടരുകയാണ്.
ഹെലികോപ്റ്റര്‍ ആകാശത്ത് വട്ടമിട്ട് പറന്നപ്പോള്‍ നാട്ടുകാര്‍ക്ക് ആശങ്കയുമായി. സര്‍വേയുടെ ഭാഗമായാണ് ചെങ്ങന്നൂര്‍ മുതല്‍ ആറന്മുള, കോഴഞ്ചേരി, റാന്നി വരെ ഏറെ നേരം ചോപ്പര്‍ വട്ടം ചുറ്റി പറന്നത്. പമ്പാ നദീ തീരത്തു കൂടി ആകാശ പാത ആയി പ്രഖ്യാപിച്ച പദ്ധതി രൂപ രേഖ മാറ്റി ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്നു എന്ന വാര്‍ത്ത പരന്നതോടെ ആശങ്കയിലായ നാട്ടുകാര്‍ കോപ്ടര്‍ പറത്തലോടെ കൂടുതല്‍ പ്രതിരോധത്തിലായി.

ചെങ്ങന്നൂരില്‍ നിന്ന് ആരംഭിച്ച സര്‍വേയും മണ്ണ് പരിശോധനയും ആറന്മുള വഴി കഴിഞ്ഞ ദിവസം കോഴഞ്ചേരി കടന്നിരുന്നു. ഇത് പലയിടത്തും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളിലൂടെ ആണ് കടന്നു പോകുന്നതെന്ന് ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. അതിനിടെയാണ് ഇന്നലെ ഏരിയല്‍ സര്‍വേ നടത്തിയത്. ചെങ്ങന്നൂര്‍ – പമ്പ ആകാശ പാത ലൊക്കേഷന്‍ സര്‍വേയുടെ ഭാഗമായി ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള ലിഡാര്‍ സര്‍വേ ആണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഏജന്‍സി നടത്തിയ ആദ്യ സര്‍വേയില്‍ മേഘം തടസം സൃഷ്ടിച്ചിരുന്നു. കൃത്യമായ രേഖാ ചിത്രം ലഭിക്കാതിരുന്നത് മൂലമാണ് വീണ്ടും ഹെലികോപ്ടര്‍ പറത്തിയത്. സര്‍വേയിലൂടെ ചെങ്ങന്നൂര്‍ -പമ്പ ദൂരം കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ നിന്നും തുടങ്ങി ആറന്മുള, കോഴഞ്ചേരി, അയിരൂര്‍, വടശേരിക്കര വഴി പമ്പയിലേക്ക് ആകാശ പദ്ധതിയായിട്ടാണ് ശബരി റെയില്‍ പ്രഖ്യാപിച്ചത്. വേഴാമ്പല്‍ പദ്ധതി ആയി പ്രഖ്യാപിച്ചതും പിന്നീട് മെട്രോമാന്‍ ഇ. ശ്രീധരന്‍ പരിശോധിച്ചതും ഇതായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന സര്‍വേ പ്രകാരം പമ്പാ തീരത്തു നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണ് ലൈന്‍ കടന്നു പോകുന്നത്. ആറന്മുളയില്‍ പലയിടത്തും വീടിന്റെ ചുവരില്‍ വരെ നമ്പര്‍ ഇട്ട് അടയാളപ്പെടുത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ മണ്ണു പരിശോധന കോഴഞ്ചേരിയിലെ ജനവാസ കേന്ദ്രത്തിലുമെത്തി. ആദ്യം നടത്തിയ ഹെലികോപ്ടര്‍ സര്‍വേയെ തുടര്‍ന്ന് ആയിരുന്നു പദ്ധതി കടന്നു പോകുന്ന റോഡില്‍ വരെ അടയാളങ്ങള്‍ രേഖപ്പെടുത്തിയത്. പാതയ്ക്ക് 65 കിലോമീറ്ററിലധികം ദൈര്‍ഘ്യമാണുള്ളത്. ചെങ്ങന്നൂര്‍ നിന്നും 53 മിനുട്ടാണ് പമ്പ യാത്രയ്ക്ക് വേണ്ടി വരുന്നത്. എന്നാല്‍ ഈ പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കാതെ ആണ് സര്‍വേ നടപടികള്‍ എന്നും ആരോപണമുണ്ട്. ആറന്മുള നിന്നും വയലത്തല വഴി വടശേരിക്കര എത്തിയ ശേഷം റെയില്‍പാത പമ്പ നദിക്കരയിലൂടെ പോകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളത്.

പരമാവധി ജനവാസ മേഖല ഒഴിവാക്കി പോകുന്ന പാതയാണെന്ന് അറിയിച്ചിട്ടും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് കൂടി പാതയ്ക്കായി പരിശോധനയ്ക്കായി നടത്തുന്നത് പ്രതിഷേധാര്‍ഹമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ബന്ധപ്പെട്ട ജില്ലാ കലക്ടറുടെ അനുമതിയോടു കൂടിയാണ് സര്‍വേ നടത്തുന്നതെന്നും തുടര്‍ന്നാണ് സോയില്‍ ടെസ്റ്റ് നടത്തിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഏജന്‍സിയാണ് പരിശോധനക്കായി എത്തിയിട്ടുള്ളത്. പൊതുവേ ജനവാസം കുറവുള്ള പ്രദേശങ്ങളിലൂടെ തൂണുകള്‍ സ്ഥാപിച്ച് അതിന് മുകളിലൂടെ പാത കടന്നു പോകുന്നതിനാല്‍ ജനങ്ങളെ പരമാവധി ഒഴിപ്പിക്കാതെയാണ് പാത

നിര്‍മ്മിക്കുന്നതെന്നും പറയുന്നുണ്ട്. നിലവിലെ രൂപകല്‍പ്പന പ്രകാരം ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തു കൂടി കടന്നാണ് കടവന്ത്ര വഴി കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്‌റ്റേഡിയം ഭാഗത്തേക്ക് പാത എത്തുന്നത്. ഇവിടെ നിന്നും കോഴഞ്ചേരി ഈസ്റ്റ്, പനച്ചക്കുഴി കോളനി വഴി പോകുന്ന തരത്തിലാണ് മണ്ണ് പരിശോധന കാണിക്കുന്നത്. ജനവാസ മേഖലയിലൂടെ ചെങ്ങന്നൂര്‍പമ്പ റെയില്‍വേക്കായി മണ്ണ്
പരിശോധന നടക്കുന്നത് നാട്ടുകാരെ ആശങ്കാകുലരാക്കിയിരിക്കുകയാണെന്ന്
കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പറഞ്ഞു. ജനവാസം കുറഞ്ഞ പ്രദേശത്തു കൂടി റെയില്‍വേ പോകുന്നതാണ് നല്ലതെന്നും ഇതിന്റെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുവാന്‍ പ്രാദേശിക ഭരണകൂടം എന്ന നിലയില്‍ പഞ്ചായത്ത്
തയാറാകണമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ്
ജോമോന്‍ പുതുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം യോഗം ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഈസ്റ്റിലെ ജനവാസമേഖലയിലൂടെ പാത നിര്‍മിച്ചാല്‍ ഗുരുതരമായ പാരിസ്ഥിതിക – സാമൂഹികാഘാതം ഉണ്ടാകുകയും നൂറുകണക്കിന് ഭവനങ്ങളെ ഇത് ബാധിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. ആയതിനാല്‍ പദ്ധതി പുനഃപരിശോധിച്ച് നടപ്പാക്കണമെന്ന് കോഴഞ്ചേരി ഈസ്റ്റ് റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…