
റാന്നി: പിഎസ്‌സി അംഗം അഡ്വ. റോഷന്‍ റോയി മാത്യു തിങ്കളാഴ്ച വിരമിക്കും. പിഎസ്‌സിയുടെ നിയമ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ലിറ്റിഗേഷന്‍ കമ്മിറ്റിയുടെയും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഫിനാന്‍സ് കമ്മിറ്റിയുടെയും ചെയര്‍മാന്‍ ആയിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, സെനറ്റ് മെമ്പര്‍, അക്കാദമിക് കൗണ്‍സില്‍ അംഗം, കേരള സര്‍വകലാശാല സെനറ്റ് മെമ്പര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന വൈസ് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ,പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഎം റാന്നി ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴാണ് 2017 ഓഗസ്റ്റ് 21 ന് സര്‍ക്കാര്‍ പിഎസ്‌സി അംഗമായി ഗവര്‍ണര്‍ നിയമിച്ചത്.
ചുമതല എല്‍ക്കുമ്പോള്‍ കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പിഎസ്‌സി അംഗമായിരുന്നു റോഷന്‍ റോയി മാത്യു. പിഎസ്‌സിയില്‍ അംഗമായിരിക്കുമ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. കാഴ്ചയില്ലാത്ത 24 പേര്‍ക്ക് കണ്ണുകള്‍ ദാനമായി നല്‍കി വെളിച്ചം നല്‍കിയ ‘ കാഴ്ച്ച ‘നേത്രദാന സേനയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് റോഷന്‍. മരണശേഷം കണ്ണുകള്‍ ദാനമായി നല്‍കുന്നവരുടെ കൂട്ടായ്മയായ കാഴ്ചയിലൂടെ 8563 പേര്‍ക്ക് പൂര്‍ണമായും സൗജന്യ തിമിര ശസ്ത്രക്രിയയും 76921 പേര്‍ക്ക് സൗജന്യമായി നേത്ര ചികിത്സയും ചെയ്തു നല്‍കിയിട്ടുണ്ട്.
സിപിഎം ഏരിയ സെക്രട്ടറി ആയിരിക്കെ ശബരിമല ഉള്‍വനത്തില്‍ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പ്പെടുന്ന ആദിവാസി കുടുംബങ്ങളെ ദത്തെടുത്ത് നടത്തിയ പ്രവര്‍ത്തനം, യുവജന നേതാവായിരിക്കെ അരലക്ഷം യുവാക്കളുടെ നേത്രദാന പ്രഖ്യാപനം, ജില്ലയിലെ 1000 നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് ഉള്‍പ്പെടെ ഏറ്റെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിയമത്തിലും, കൊമേഴ്‌സിലും ബിരുദധാരിയായ റോഷന്‍ നിലവില്‍ അണ്ണാ സര്‍വ്വകലാശാലയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ്.