
പുളിക്കീഴ്: പാലായില്‍ നിന്നും നിരണം പള്ളി സന്ദര്‍ശനത്തിനെത്തിയ സംഘത്തിലെ ഒരാളുടെ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട് മണിക്കൂറുകള്‍ക്കകം പോലീസ് കണ്ടെത്തിനല്‍കി. പാലാ പള്ളിയിലെ വികാരി സിറില്‍ തയ്യിലിനൊപ്പം നിരണത്ത് എത്തിയ സംഘത്തിലെ ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ മനക്കപ്പാടം റോഡില്‍ കറുകംപള്ളില്‍ വീട്ടില്‍ സെന്നിച്ചന്‍ കുര്യന്റെ ഫോണ്‍ ആണ് നിരണം ഓര്‍ത്തഡോക്‌സ് സെന്റ് തോമസ് ചര്‍ച്ചിന്റെ സമീപമുള്ള ചായക്കടയില്‍ വച്ച് ഇന്നലെ നഷ്ടമായത്. 30000 രൂപയിലധികം വിലയുള്ള ഫോണ്‍ പരിസരങ്ങളിലും ഇവര്‍ കയറിയ കടകളിലും പരതിയിട്ടും കണ്ടെത്താനായില്ല.
ഒടുവില്‍ പുളിക്കീഴ് പോലീസില്‍ പരാതിയുമായെത്തി. തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ കെ. സുരേന്ദ്രന്‍ ഫോണിന്റെ ലൊക്കേഷന്‍ കിട്ടാനായി ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. കിട്ടിയ ലൊക്കേഷന്‍ പിന്തുടര്‍ന്ന് പോലീസ് സംഘം അന്വേഷണം നടത്തി. രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിനോടുവില്‍ വര്‍ക്ക്‌ഷോപ്പിന് സമീപത്തെ കുറ്റിക്കാട്ടിനുള്ളില്‍ നിന്നും ഫോണ്‍ കണ്ടെത്തി. വിളിച്ചു നോക്കുമ്പോള്‍ വര്‍ക്ക്‌ഷോപ്പില്‍ കിടന്ന ഒരു കാറിന്റെ ബോണറ്റിന്റെ മുകളില്‍ നിന്നും വൈബ്രേഷന്‍ കേട്ടു. പള്ളിനില്‍ക്കുന്ന സ്ഥലത്തുനിന്നും 2 കിലോമീറ്ററോളം ദൂരത്താണ് വര്‍ക്ക്‌ഷോപ്പ്. ഫോണ്‍ നഷ്ടമാകുന്ന സമയത്ത് ഒരു സ്‌കൂട്ടര്‍ അതുവഴി കടന്നു പോയതായും വര്‍ക്ക്‌ഷോപ്പില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ വന്നതായും വ്യക്തമായി.
എസ്.ഐക്കൊപ്പം എസ്‌സിപിഓ സുജിത്പ്രസാദ്, സിപിഓമാരായ നിതിന്‍ തോമസ് ,അരുണ്‍ദാസ് എന്നിവരാണ് ശ്രമകരമായ തെച്ചില്‍ നടത്തി ഫോണ്‍ കണ്ടെത്തിയത്. എസ് ഐ സുരേന്ദ്രനില്‍ നിന്നും സെന്നിച്ചന്‍ ഫോണ്‍ ഏറ്റുവാങ്ങി. തിരക്കുപിടിച്ച ഡ്യൂട്ടികള്‍ക്കിടയില്‍ തന്റെ ഫോണ്‍ കണ്ടെടുത്ത് നല്‍കാന്‍ എടുത്ത ശ്രമങ്ങള്‍ക്ക് പുളിക്കീഴ് പോലീസിനോടും സൈബര്‍ സെല്ലിനോടും സെന്നിച്ചന്‍ നന്ദിപറഞ്ഞു. ഫോണ്‍ നഷ്ടമായത് സംബന്ധിച്ച് പോലീസ് തുടരന്വേഷണം നടത്തുന്നുണ്ട്.