
കോഴഞ്ചേരി: മാസം പത്തു കഴിഞ്ഞിട്ടും തുറക്കാതെ പുതമണ്‍ താത്ക്കാലിക പാലം. ആകെ നടന്നത് എട്ട് പൈപ്പിടീലും ഇത്തിരി കല്ല് കെട്ടും അല്‍പ്പം മണ്ണിടലും. ഇനിയുംഅക്കരെ ഇക്കരെ കയറാന്‍ കഴിയാതെ നാട്ടുകാരും അയ്യപ്പന്‍മാരും. ശബരിമല തീര്‍ഥാടന പാതയിലെ പുതമണ്‍ പാലം പൊളിഞ്ഞത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. മന്ത്രിമാരും നേതാക്കളും ഏറെ പാലം കാണുകയും പ്രഖ്യാപനങ്ങള്‍ നടത്തി മടങ്ങുകയും ചെയ്തു. അതില്‍ കോടികളുടെ സ്ഥിരം പാലവും 30 ലക്ഷത്തിന്റെ താത്ക്കാലിക പാലവും ഉള്‍പ്പെട്ടിരുന്നു. ഗതാഗതം മുടങ്ങിയ ശബരി പാതയില്‍ ഉടന്‍ പരിഹാരം എന്നും പ്രഖ്യാപനം. മണ്ഡല കാലം പൂര്‍ത്തിയാകുമ്പോഴും മെല്ലെപ്പോക്കില്‍ കര തൊടാതെ ആണ് അവസ്ഥ.
നവകേരള സദസുമായി മുഖ്യമന്ത്രി ജില്ലയില്‍ എത്തും മുന്‍പ് പാലം പൂര്‍ണമാകും എന്നും പലരും വെറുതെ പ്രതീക്ഷിച്ചു. അതും നടന്നില്ല. ഇനി മകര വിളക്കാണ് ആകെയുള്ള പ്രതീക്ഷ. അതിന് മുന്‍പെങ്കിലും താത്ക്കാലിക പാലം എങ്കിലും തുറക്കുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.
ചെറുകോല്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടതോടെ ഇത് വഴിയുള്ള വാഹനങ്ങള്‍ അയിരൂര്‍ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഇപ്പോള്‍ അവിടെയും പണി നടക്കുന്നതിനാല്‍ വീണ്ടും പ്ലാങ്കമണ്‍, തീയാടിക്കല്‍ വഴി തിരിച്ചു. ഇതിനിടെ പാലം തകര്‍ന്നതറിയാതെ തമിഴ്‌നാട്ടില്‍ നിന്നും മറ്റുമുള്ള അയ്യപ്പന്മാര്‍ ഇതുവഴി
കാറിലെത്തുന്നുണ്ട്.
പുതമണ്ണില്‍ തോടിന്റെ ഇരുകരകളിലെയും റോഡ് മണ്ണിട്ടു നിരപ്പാക്കി ഉറപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ചെറുതും വലുതുമായ എട്ടു പൈപ്പുകളാണ് തോട്ടില്‍ സ്ഥാപിക്കുന്നത്. 3.80 മീറ്റര്‍ വീതിയാണ് താത്ക്കാലിക
റോഡിനുള്ളത്. പൈപ്പുകള്‍ക്കു കരിങ്കല്ല് കൊണ്ട് ഇരുവശങ്ങളിലും സംരക്ഷണ ഭിത്തിയും നിര്‍മിച്ചു. മുകള്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്ത ഉറച്ചു വരുമ്പോഴേക്കും മകര വിളക്കും കഴിഞ്ഞ് നട അടക്കും.