
അടൂര്‍: പെരുമ്പാമ്പുകള്‍ കൂട്ടത്തോടെ നാട്ടില്‍ എത്തിയതോടെ ജനം ഭീതിയില്‍. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മുപ്പതിലധികം പെരുമ്പാമ്പുകളെയാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചത്. കഴിഞ്ഞയാഴ്ച വടക്കടത്തുകാവ് പന്ത്രണ്ടാം വാര്‍ഡില്‍ പാവൂര്‍ പുത്തന്‍ വീട്ടില്‍ ഗിരീഷ് കുമാറിന്റെ വീട്ടിലെ കോഴിക്കൂടിന് സമീപം വലയില്‍ കുടുങ്ങിയ നിലയില്‍ കണ്ട പെരുമ്പാമ്പിനെ വനം വകുപ്പിന്റെ ലൈസന്‍സുള്ള പാമ്പുപിടുത്തക്കാരന്‍ ചാര്‍ളി മണക്കാല എത്തി പിടികൂടി കൊണ്ടു പോയിരുന്നു. വയല ഭാഗത്ത് പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ പെരുമ്പാമ്പിനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.
വയല, കിളിവയല്‍, വെള്ള ക്കുളങ്ങര, ചൂരക്കോട്-മണ്ണടി റോഡ്, സീഡ് ഫാം വലിയത്തോട്, കടമ്പനാട്, കല്ലു കുഴി എന്നിവിടങ്ങളിലാണ് പെരുമ്പാമ്പുകളുടെ ശല്യം കൂടുതലായിട്ടുള്ളത്. മൂന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പ് മൂന്നാളത്തു നിന്നും പെരുമ്പാമ്പിനെ പിടിച്ചിരുന്നു. പള്ളിക്കലാര്‍ കടന്നു പോകുന്ന അടൂര്‍ മൂന്നാളം സീഡ് ഫാമിന്റെ ഭാഗത്ത് ആഹാര അവശിഷ്ടങ്ങളുടെയും മറ്റും മാലിന്യങ്ങള്‍ നിറഞ്ഞു കിടക്കുകയാണ്. ഈ അവശിഷ്ടങ്ങള്‍ കാരണമാണ് പെരുമ്പാമ്പ് വരാന്‍ കാരണം. ഒറ്റ പ്രസവത്തില്‍ തന്നെ 25 ലധികം മുട്ടകളാണ് പെരുമ്പാമ്പുകള്‍ ഇടുന്നത്. ഇത് ഇവ വീണ്ടും പെരുകാന്‍ കാരണമാകുന്നു. മൂന്നു മാസത്തിനുള്ളില്‍ തന്നെ മുപ്പതിലധികം പെരുപാമ്പുകളെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നും പിടിച്ചത്. ഇതില്‍ 30 കിലോയിലധികം ഭാരമുള്ളതിനെയും ഒരു വീട്ടില്‍ നിന്നും പിടിച്ചിട്ടുണ്ട്.
പട്ടി, പന്നി, കോഴി തുടങ്ങിയവയെയാണ് ഇവിടങ്ങളില്‍ പെരുമ്പാമ്പുകള്‍ കൂടുതലായും അകത്താക്കുന്നത്. വെള്ളക്കുളങ്ങര-
ചൂരക്കോട്-മണ്ണടി റോഡരുകില്‍ വള്ളുവിളപ്പടി ഭാഗത്ത് രാത്രിയില്‍ പെരുമ്പാമ്പിനെ കാണാറുള്ളതായി നാട്ടുകാര്‍ പറയുന്നു. റോഡിന് കുറുകെ വലിയ പെരുമ്പാമ്പ് കിടക്കാറുണ്ട്. രാത്രിയില്‍ റോഡില്‍ കിടക്കുന്ന പെരുമ്പാമ്പ് ബൈക്ക് യാത്രക്കാര്‍ക്ക് ഭീഷണിയാണ്. കഴിഞ്ഞ മാസം വെള്ളക്കുളങ്ങരയില്‍ വള്ളുവിളപ്പടി മുട്ടത്ത് പടി റോഡില്‍ രാത്രിയില്‍ പെരുമ്പാമ്പിനെ കണ്ടിരുന്നു. നേരത്തെ വെള്ളക്കുളങ്ങര വടക്കടത്തുകാവ് ഞെക്കാട്ട് ഏലാ റോഡിന് സമീപമുള്ള ഒരു വീട്ടില്‍ കോഴി വളര്‍ത്തല്‍ ഷെഡില്‍ കോഴിയെ ചുറ്റി കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടിരുന്നു. ഈ വീട്ടില്‍ ഇത് രണ്ടാം തവണയാണ് പെരുമ്പാമ്പ് കയറുന്നത്. പകല്‍ സമയത്ത് കാടുള്ള പുരയിടങ്ങളില്‍ കിടക്കുന്ന പെരുമ്പാമ്പ് രാത്രിയില്‍ ഇരതേടി പുറത്തിറങ്ങുകയാണ് ചെയ്യുന്നത്.
പുരയിടങ്ങളിലെ കാടുകള്‍ നീക്കം ചെയ്യാന്‍ സത്വര നടപടികള്‍ എടുക്കേണ്ടിയിരിക്കുന്നു. വെള്ളക്കുളങ്ങര-മണ്ണടി റോഡിന്റെ വശങ്ങള്‍ പല ഭാഗത്തും കാടു കയറി കിടക്കുകയാണ്. കനാല്‍ പാലം, വള്ളുവിളപ്പടി എന്നി ഭാഗങ്ങളില്‍ ടാറിങ് ഭാഗത്ത് കൂടി കാട് വളര്‍ന്ന് കയറിയിട്ടുണ്ട്. വള്ളിപ്പടര്‍പ്പും റോഡിലേക്ക് പടര്‍ന്ന് കയറി കിടപ്പുണ്ട്. ഈ കാടുകളിലൊക്കെ പെരുമ്പാമ്പുള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ പെറ്റു പെരുകാനുള്ള സാധ്യത ഏറെയുണ്ട്. കാടുകളില്‍ പാമ്പുകള്‍ പെറ്റുപെരുകുകയാണ്.
കെ.ഐ.പി കനാലിലൂടെ പെരുമ്പാമ്പ് കൂടുതലായി കടന്ന് വരുന്നത്. തെന്മലയില്‍ നിന്നും കനാല്‍ വഴി ഒഴുകി വരുന്ന പെരുമ്പാമ്പ് കൃഷിക്കായി വെള്ളം എത്തിക്കാന്‍ സ്ഥാപിച്ച പൈപ്പ് വഴിയാണ് ഏലാകളില്‍ എത്തുന്നത്. അവിടെ നിന്നും ഇവ കാടു പിടിച്ചു കിടക്കുന്ന പുരയിടങ്ങളിലേക്ക് കയറും. പെരുമ്പാമ്പുകളെ കൊണ്ട് പൊറുതി മുട്ടിയതിന് സത്വര നടപടികള്‍ കൈകൊളളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കിളിവയലില്‍ കഴിഞ്ഞാഴ്ച്ച ഒരു മുള്ളന്‍ പന്നിയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചാര്‍ലി മണക്കാല എത്തി ഇതിനെ പിടികൂടി വനപാലകരെ ഏല്പിച്ചു.