ആര്‍. ശങ്കര്‍ ട്രോഫിയോട് ആര്‍ക്കാണിത്ര അയിത്തം: റാന്നി ജലമേളയില്‍ നിന്നൊഴിവാക്കി: ആറന്മുള ഉതൃട്ടാതി മത്സര വള്ളംകളിയില്‍ സമ്മാനിക്കാതെ മാറ്റി വച്ചു: വിവാദമായപ്പോള്‍ പിറ്റേന്ന് കീഴുകരയ്ക്ക് കൈമാറി

0 second read
Comments Off on ആര്‍. ശങ്കര്‍ ട്രോഫിയോട് ആര്‍ക്കാണിത്ര അയിത്തം: റാന്നി ജലമേളയില്‍ നിന്നൊഴിവാക്കി: ആറന്മുള ഉതൃട്ടാതി മത്സര വള്ളംകളിയില്‍ സമ്മാനിക്കാതെ മാറ്റി വച്ചു: വിവാദമായപ്പോള്‍ പിറ്റേന്ന് കീഴുകരയ്ക്ക് കൈമാറി
0

പത്തനംതിട്ട: പ്രശസ്തമായ രണ്ടു ജലമേളകളില്‍ ആര്‍. ശങ്കര്‍ ട്രോഫിക്ക് അവഗണന. പ്രതിഷേധവുമായി എസ്എന്‍ഡിപി രംഗത്തു വന്നതോടെ വിവാദം കൊഴുക്കുന്നു. ആറന്മുള ഉതൃട്ടാതി, റാന്നി അവിട്ടം എന്നീ ജലമേളകളിലാണ് ആര്‍. ശങ്കര്‍ ട്രോഫിക്ക് അവഗണന നേരിടേണ്ടി വന്നത്. വിവാദം ഉയര്‍ന്നതോടെ ആറന്മുള ഉതൃട്ടാതി ജലമേളയുടെ സംഘാടകരായ പള്ളിയോട സേവാസംഘം മത്സരം കഴിഞ്ഞതിന്റെ പിറ്റേന്ന് ട്രോഫി സമ്മാനിച്ച് തലയൂരി.

ശനിയാഴ്ച നടന്ന മത്സര വള്ളംകളിയുടെ വേദിയില്‍ ട്രോഫി സമ്മാനിക്കാതെ മാറ്റി വച്ച സംഘാടക സമിതി ഇന്നലെ കീഴുകര പള്ളിയോടം ഭാരവാഹികളെ വിളിച്ചു വരുത്തി മുന്‍മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫി സമ്മാനിക്കുകയായിരുന്നു. മികച്ച ചമയ അലങ്കാരങ്ങളോടെ വഞ്ചിപ്പാട്ട് പാടി പാരമ്പര്യ രീതിയില്‍ തുഴഞ്ഞെത്തുന്ന പള്ളിയോടത്തിന് എസ്എന്‍ഡിപി യോഗം ഏര്‍പ്പെടുത്തിയ ട്രോഫി 25 പവന്‍ സ്വര്‍ണം പൊതിഞ്ഞതാണ്. ഇത്തവണ എ ബാച്ചില്‍ നിന്ന് കീഴുകരയും ബി ബാച്ചില്‍ നിന്ന് തൈമറവുംകരയും മികച്ച തുഴച്ചിലുമായി മുന്നിലെത്തിയിരുന്നു. കീഴുകരയെ വിജയിയായി പ്രഖ്യാപിച്ചെങ്കിലും സംഘാടകര്‍ ആര്‍. ശങ്കര്‍ ട്രോഫി സമ്മാനിക്കുകയോ ട്രോഫിയെപ്പറ്റി വേദിയില്‍ പറയുകയോ ചെയ്തില്ല.

സത്രക്കടവിലെ പ്രധാന വേദിയില്‍ ട്രോഫിക്ക് അര്‍ഹമായ സ്ഥാനം നല്‍കിയതുമില്ല. സ്വര്‍ണത്തിളക്കമുള്ള ശങ്കര്‍ ട്രോഫി മുന്‍ വര്‍ഷങ്ങളിലും ജലോത്സവത്തില്‍ സമ്മാനദാന ചടങ്ങിന്റെ അവസാനമാണ് നല്‍കി വന്നിരുന്നത്. ഇക്കുറി സംഘാടകര്‍ എല്ലാ സമ്മാനവും നല്‍കി കൃതജ്ഞതയും ദേശീയഗാനവും പാടി പരിപാടി അവസാനിപ്പിച്ചപ്പോഴും വേദിയുടെ ഒരു ഭാഗത്ത് ആരും ശ്രദ്ധിക്കപ്പെടാതെ സുവര്‍ണ ട്രോഫി ഇരിപ്പുണ്ടായിരുന്നു. ട്രോഫി നല്‍കാതിരുന്നത് സമ്മാനാര്‍ഹര്‍ വേദിയില്‍ എത്താതിരുന്നതു കൊണ്ടാണെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു. ആര്‍. ശങ്കര്‍ സുവര്‍ണട്രോഫി നല്‍കാതിരുന്ന സംഘാടകരുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. എസ്എന്‍ഡിപി യൂണിയനുകള്‍ പരസ്യ പ്രസ്താവനയുമായി രംഗത്തുണ്ട്.

ആറന്മുള വള്ളംകളിയില്‍ എസ്എന്‍ഡിപി യോഗം ഏര്‍പ്പെടുത്തിയിട്ടുള്ള
ആര്‍. ശങ്കര്‍ ട്രോഫിയോട് അവഗണന കാട്ടിയതില്‍ റാന്നി യൂണിയന്‍ പ്രതിഷേധിച്ചു. റാന്നി അവിട്ടം ജലോത്സവത്തില്‍ യൂണിയന്‍ 2015 ല്‍ ഏര്‍പ്പെടുത്തിയിരുന്ന ശ്രീനാരായണ എവര്‍റോളിങ് ട്രോഫിയും ഇക്കുറി ഒഴിവാക്കിയിരുന്നു. ഇതിനെതിരെയും യൂണിയന്‍ പ്രതിഷേധിച്ചിരുന്നു. ശ്രീനാരായണ പ്രസ്ഥാനത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് യോഗത്തില്‍ പറഞ്ഞു. തുടര്‍ന്നും ഇത്തരം നടപടികള്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളോടും സംഘടനകളോടും തുടര്‍ന്നാല്‍ യൂണിയനും 48 ശാഖായോഗങ്ങളും പോഷക സംഘടനകളും സംയുക്തമായി ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ മണ്ണടി മോഹനന്‍ അധ്യക്ഷത വഹിച്ചു. വനിതാസംഘം ചെയര്‍ പേഴ്‌സണ്‍ ഇന്ദിരാ മോഹന്‍ദാസ്, കണ്‍വീനര്‍ ഷീജാ വാസുദേവന്‍, യൂത്ത്മൂവ്‌മെന്റ് വൈസ് ചെയര്‍മാന്‍ സൂരജ് വയറന്‍മരുതി, കണ്‍വീനര്‍ പി.എസ്.ദീപു, കിഷോര്‍ പെരുനാട്, ജി.ഡി.പി.എസ് മണ്ഡലം പ്രസിഡന്റ് പി.എന്‍.സന്തോഷ് കുമാര്‍, പെരുനാട് ശ്രീനാരായണ സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…