
റാന്നി: മലനാടിന്റെ റാണിയായ റാന്നിയുടെ കാവല്‍ക്കാരിയായി റാണിയെന്ന നായ. ഒന്നര പതിറ്റാണ്ടോളമായി മാമ്മുക്കിലെത്തുന്നവര്‍ക്ക് സുപരിചിതയാണ് റാണി. മൂഴിക്കല്‍ എം.സി ടവറിലാണ് വാസം. ഈ കെട്ടിട സമുച്ചയവും എതിര്‍വശത്തുള്ള വ്യാപാര സ്ഥാപനങ്ങളും സസൂക്ഷ്മം വീക്ഷിച്ചു കഴിയുന്നു. തെരുവു നായ്ക്കളുമായി ചങ്ങാത്തം കൂടാറേയില്ല. തൊട്ടടുത്ത പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ തെരുവു നായക്കൂട്ടം തമ്പടിച്ചിരുന്നപ്പോള്‍ അവള്‍ അവരില്‍ നിന്നും അകലം പാലിക്കുന്നത് സമീപത്തെ വ്യാപാരികള്‍ ശ്രദ്ധിച്ചിരുന്നു.
അലക്ഷ്യമായോ സംശയകരമായോ റോഡിലൂടെ പോലും ആരെങ്കിലും പോയാല്‍ നിര്‍ത്താതെ കുരയ്ക്കും. മറ്റ് നായ്ക്കളേയോ സംശയം തോന്നുന്നവരേയോ തന്റെ പരിധിയില്‍ പ്രവേശിപ്പിക്കില്ല. എന്നാല്‍ യാത്രക്കാരോടോ കടകളിലും സ്ഥാപനങ്ങളിലും വരുന്നവരോടോ യാതോരു ശല്യവുമില്ല താനും. ഭക്ഷണത്തിനായി കൃത്യ സമയങ്ങളില്‍ ലഭിക്കുന്നിടത്ത് അവയുണ്ടാകും. കെട്ടിട സമുച്ചയത്തിലെ ബാങ്കുകളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്കാണ് ഈ നായയെക്കൊണ്ട് ഏറെ പ്രയോജനം. രാത്രി സമയങ്ങളില്‍ കണ്ണും കാതും കൂര്‍പ്പിച്ച് അവള്‍ എപ്പോഴുമുണ്ടാകും. എ.ടി.എം കൗണ്ടറുകളില്‍ പോലീസെത്തി രജിസ്റ്ററില്‍ ഒപ്പു വച്ചിരുന്ന കാലത്ത് പാതിരാ കഴിഞ്ഞ് പോലീസ് ജീപ്പെത്തുമ്പോള്‍ അവള്‍ ഓടി മുകളിലത്തെ നിലയിലെത്തി സെക്യൂരിറ്റി ജീവനക്കാരെ മുട്ടിയുരുമ്മി വിളിച്ചുണര്‍ത്തുക പതിവായിരുന്നു.
വെള്ളപ്പൊക്കവും കോവിഡ് കാലവും അതിജീവിച്ച കഥകളും റാണിക്ക് സ്വന്തം. 2018 ലെ മഹാപ്രളയത്തില്‍ കെട്ടിടത്തിനു മുകളില്‍ അവള്‍ ഒരാഴ്ചക്കാലം ഒറ്റപ്പെട്ടു പോയി. കൊറോണ കാലത്തും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒറ്റപ്പെടലുണ്ടായി. മൃഗസ്‌നേഹികളായവരും സമീപത്തെ നല്ലവരായ വ്യാപാരികളും ചേര്‍ന്ന് ഇവര്‍ക്ക് ഭക്ഷണം ഒരുക്കി നല്‍കിയിരുന്നു. വന്ധ്യംകരണത്തിനായി അധികൃതര്‍ പിടി കൂടിയപ്പോള്‍ സംരക്ഷകരുടെ ഏക ആവശ്യം ഇവളെ തിരികെ എത്തിച്ചു നല്‍കണമെന്നതായിരുന്നു. രണ്ടാഴ്ചക്ക് ശേഷം ബന്ധപ്പെട്ടവര്‍ തിരികെയെത്തിച്ചപ്പോള്‍ ഓരോ വ്യാപാരസ്ഥാപനങ്ങള്‍ക്കു മുന്‍പിലും വന്ന് കരഞ്ഞ് സന്തോഷം പ്രകടിപ്പിച്ചിരുന്നു. പഴയ കാലങ്ങളില്‍ പോലും ഭക്ഷണം നല്‍കുകയും കരുതുകയും ചെയ്തവരെ കണ്ടാല്‍ തിരിച്ചറിഞ്ഞ് അവരെ ഒന്നു വണങ്ങാതെ പോകില്ല. ബസ് സ്‌റ്റോപ്പില്‍ കടകള്‍ക്കു മുന്‍പില്‍ വിശ്രമിക്കുക പതിവാണ്. പക്ഷേ ആരേയും ഉപദ്രവിച്ചിട്ടില്ല. അപരിചിതര്‍ നല്‍കുന്ന ഭക്ഷണ സാധനങ്ങള്‍ കഴിക്കാറുമില്ല. അങ്ങനെ പതിനഞ്ചു വയസോളമെത്തിയതിന്റെ ശാരീരിക ദൗര്‍ബല്യത്തിലും ശൗര്യം ഒഴിയാതെ തന്റെ സേവന രംഗത്ത് കര്‍മ നിരതയാണിന്നും റാണി.