പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷത്തോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കുളത്തൂപ്പുഴ വനമേഖലയിലെ ഒളിവിടത്തില്‍ നിന്ന് പോലീസ് പിടികൂടി. കുളത്തൂപ്പുഴ കണ്ടന്‍ചിറ ഓയില്‍പാം എസ്റ്റേറ്റ് സനല്‍ ഭവനം വീട്ടില്‍ സനലി (24)നെയാണ് ഓയില്‍ പാം എസ്റ്റേറ്റ് വനമേഖലയിലെ വാടകവീട്ടില്‍ നിന്നും പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നു. നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ഈ ചിത്രങ്ങള്‍ കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തിയതായും പരാതിയുണ്ട്. പ്രതി കാടിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രി മുഴുവന്‍ കുളത്തൂപ്പുഴ വനമേഖലയിലെ ഡാലി ചതുപ്പ് ഭാഗം കേന്ദ്രീകരിച്ച് പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു. പോലീസ് എത്തിയതറിഞ്ഞ യുവാവ് കൊടുംവനത്തിനുള്ളില്‍ ഒളിച്ചു. വന്യമൃഗങ്ങള്‍ വ്യാപകമായി കാണപ്പെടുന്ന മേഖലയാണ് ഇവിടം. യുവാവിന്റെ നീക്കം അറിയാന്‍ പോലീസ് നന്നേ ബുദ്ധിമുട്ടി. മൊബൈല്‍ റേഞ്ച് കുറവായതും തെരച്ചിലില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചു. ടവര്‍ ലൊക്കേഷനും കിട്ടാത്ത അവസ്ഥയായിരുന്നു. അപകടസൂചന മുന്നില്‍ക്കണ്ടും വനമേഖലയില്‍ തമ്പടിച്ച പോലീസ് ഇന്നലെ രാവിലെയും തെരച്ചില്‍ തുടര്‍ന്നു. ഇക്കാര്യം മനസിലാക്കിയ സനല്‍ ഉള്‍വനത്തില്‍ നിന്നും പുറത്തു കടന്ന് രക്ഷപ്പെട്ട് വാടക വീട്ടിലെത്തി. ഇതറിഞ്ഞ് പോലീസ് ഇവിടെയെത്തി മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു.
ഡിവൈ.എസ്.പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി. പ്രജീഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകസംഘമാണ് ശ്രമകരമായ ദൗത്യത്തിലൂടെ പ്രതിയെ വലയിലാക്കിയത്. പോലീസ് സംഘത്തില്‍ എസ്.ഐ വി.വിനു, സി.പി.ഓമാരായ അന്‍വര്‍ഷ, അമീഷ്, നാദിര്‍ഷ, ബിനു രവീന്ദ്രന് തുടങ്ങിയവരാണ് ഉള്ളത്. പിന്നീട്, പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രതിയെ തെന്മല, ഉറുകുന്ന്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.