
മല്ലപ്പളളി: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ പിടിയില്‍. കല്ലൂപ്പാറ കടുവാക്കുഴി ചുരക്കുറ്റിക്കല്‍ ഭൂവനേശ്വരപിള്ള (58) ആണ് കീഴ്‌വായ്പ്പൂര്‍ പോലീസിന്റെ പിടിയിലായത്. ജനുവരി മാസം രണ്ട് ദിവസങ്ങളിലായാണ് പ്രതി കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്. ബുധനാഴ്ചയാണ് പോലീസില്‍ വിവരം ലഭിക്കുന്നത്. തുടര്‍ന്ന് കുട്ടി പഠിക്കുന്ന സ്‌കൂളില്‍ വച്ച് മാതാവിന്റെയും സ്‌കൂളിന്റെ ചുമതല വഹിക്കുന്ന സ്‌പെഷല്‍ എഡ്യൂക്കേറ്ററുടെയും സാന്നിധ്യത്തില്‍ പോലീസ് മൊഴി രേഖപ്പെടുത്തി.
കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയെ ഇയാളുടെ വീടിന് സമീപത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഫോണിലൂടെ കുട്ടിയെ കാണിച്ചു തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.